ആകാശവാണി കേരള നിലയങ്ങള്‍ അവാര്‍ഡിന്റെ നിറവില്‍
ആകാശവാണി കേരള നിലയങ്ങള്‍ അവാര്‍ഡിന്റെ നിറവില്‍
Wednesday, October 22, 2014 12:40 AM IST
തിരുവനന്തപുരം: 2013 ലെ ആകാശവാണി ദേശീയ വാര്‍ഷിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളനിലയങ്ങള്‍ക്ക് അഞ്ച് സമ്മാനങ്ങള്‍. ആകാശവാണി കണ്ണൂര്‍ നിലയം അവതരിപ്പിച്ച വിതയ്ക്കുന്നവന്റെ ഉപമ നല്ല നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. വര്‍ത്തമാനകാല പ്രസക്തങ്ങളായ ഏതാനും സാമൂഹ്യ പ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലുന്ന വിതയ്ക്കുന്നവന്റെ ഉപമ സംവിധാനം ചെയ്തത് കെ.വി. ശരത്ചന്ദ്രന്‍. നാടകത്തിലെ ആറു കഥാപാത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്നതു ചലച്ചിത്ര നടന്‍ സിദ്ദിഖ്.

മറ്റു നാല് അവാര്‍ഡുകള്‍ ആകാശവാണി തിരുവനന്തപുരം നിലയത്തിനാണ്. നവസാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള അപഗ്രഥനം പ്രമേയമാക്കി

ജോസ് ഉലഹന്നാനും എം.പി. മനേഷും ചേര്‍ന്നു സംവിധാനം ചെയ്ത ഇ-ജീവിതം സ്പെഷല്‍ ടോപ്പിക് ഡോക്യുമെന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹമായി. റേഡിയോ പ്രക്ഷേപണത്തിന്റെ സമയക്രമത്തിനൊപ്പം ജീവിതം ക്രമപ്പെടുത്തിയ ഒരു കുടുംബത്തിന്റെ ചിത്രത്തിലൂടെ റേഡിയോ എന്ന മാധ്യമത്തിന്റെ ശക്തിയും പ്രസക്തിയും വരച്ചു കാട്ടിയ റേഡിയോ ഇല്ലാതെ ഒരു നാള്‍ എന്ന ഡോക്യു-ഡ്രാമ ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്തിനര്‍ഹമായി. അനന്തപുരി എഫ്എമ്മിലെ ബിജു മാത്യുവാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.


ലീലാമ്മ മാത്യു സംവിധാനം ചെയ്ത ഐതീഹ്യങ്ങളിലും കെട്ടുകഥകളിലും അഭിരമിക്കുന്ന ബാല്യത്തിന്റെ കഥ പ്രമേയമാക്കിയ മുത്തപ്പന്‍ കാവിലെ അപ്പൂപ്പന്‍ കുട്ടികള്‍ക്കായുള്ള പരിപാടികളുടെ വിഭാഗത്തിലും വെള്ളിമൂങ്ങ എന്ന പ്രതീകത്തെ ആധാരമാക്കി വന്യജീവികളുമായി ബന്ധപ്പെട്ട ചില അന്ധവിശ്വാസങ്ങള്‍ മൂലം ബലിയാടാകുന്ന മൃഗങ്ങളെക്കുറിച്ച് എസ്. ജയ സംവിധാനം ചെയ്ത മൂകമര്‍മങ്ങള്‍ എന്ന ലഘുചിത്രീകരണം ശാസ്ത്രവിഭാഗത്തിലും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നേടി.

ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ പരിപാടികള്‍ ബുധന്‍ രാത്രി 7.35 മുതല്‍ 10.35 വരെ ആകാശവാണിയുടെ കേരള നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.