വൈസ് ചാന്‍സലര്‍മാരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നു
Wednesday, October 22, 2014 12:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ സിന്‍ഡിക്കറ്റില്‍ നിന്ന് ഉള്‍പ്പെടെ തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുന്ന പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍മാരുടെ കണ്‍സോഷ്യം രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന വിസിമാരുടെ യോഗത്തില്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഇന്നലെ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ അടിയന്തര യോഗത്തിനു ശേഷം ഇവര്‍ വീണ്ടും അനൌപചാരികമായി യോഗം ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

വൈസ് ചാന്‍സലര്‍മാര്‍ക്കെതിരേ സിന്‍ഡിക്കറ്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യമില്ലാതെ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വ്യാപകമായിരിക്കുകയാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. ഇക്കാര്യങ്ങളെല്ലാം വിസിമാര്‍ ഇന്നലെ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ വിവരിച്ചതായും സൂചനയുണ്ട്. തങ്ങള്‍ക്കു സര്‍വകലാശാലകളില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നതായിരുന്നു വിസിമാര്‍ പ്രധാനമായും ഉന്നയിച്ച പരാതി.

വിസി മാരുടെ കണ്‍സോഷ്യം രൂപീകരിക്കുന്നതു സംബന്ധിച്ചു വിസിമാര്‍ തമ്മില്‍ നേരത്തെ ചര്‍ച്ചകളും നടന്നിരുന്നു. അടുത്ത 27 ന് കൊച്ചിയില്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്തിട്ടുള്ള യോഗത്തിനുശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും.


എല്ലാ സര്‍വകാലാശാലകളിലും സ്റുഡന്റ്സ് ഇന്‍ക്യുബേറ്റര്‍ സെന്ററുകള്‍ ആരംഭിക്കണമെന്ന് ഇന്നലെ വിളിച്ചുചേര്‍ത്ത, വൈസ് ചാന്‍സലര്‍മാരുടെ അടിയന്തയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

സര്‍വകലാശാലകള്‍ക്ക് ഇതിനായി ഓരോ കോടി രൂപ വീതം നല്കും. സ്റാര്‍ട്ട് അപ് വില്ലേജുമായി ബന്ധപ്പെട്ടുള്ള പ്രോജക്ടുകള്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രേസ് മാര്‍ക്കും ഹാജരും നല്കുന്ന കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

സ്റാര്‍ട്ട് അപ് വില്ലേജുകളില്‍ പ്രോജക്ട് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നാലു ശതമാനം ഗ്രേസ് മാര്‍ക്കും പത്തു ശതമാനം ഹാജരും നല്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതു മഹാത്മാഗാന്ധി, കേരള സര്‍വകലാശാലകള്‍ ഒഴികെയുള്ള സര്‍വകലാശാലകള്‍ നടപ്പാക്കിയിട്ടില്ല. അടിയന്തരമായി ഇക്കാര്യത്തില്‍ നടപടി ഉണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, ഐടി സെക്രട്ടറി പി.എച്ച്. കുര്യന്‍, കേരള, മഹാത്മാഗാന്ധി, കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ്, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.