അധ്യാപകരും ജീവനക്കാരും 24ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിക്കും
Wednesday, October 22, 2014 12:39 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപകരും ജീവനക്കാരും ഈമാസം 24നു സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിക്കുന്നു. അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന ഉപവാസം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ പത്രസമ്മേളന ത്തില്‍ അറിയിച്ചു. 24 മണിക്കൂര്‍ ഉപവാസം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ നാരങ്ങനീരു നല്‍കി അവസാനിപ്പിക്കും. കേന്ദ്ര ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തി ശമ്പളപരിഷ്കരണം നടപ്പാക്കുക, അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാല ആശ്വാസം അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, വിദ്യാഭ്യാസരംഗത്തെ കച്ചവട വത്കരണം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഉപവാസം നടത്തുക.


പത്രസമ്മേളനത്തില്‍ സമര സമിതി ജനറല്‍ കണ്‍വീനര്‍ എസ്. വിജയകുമാരന്‍ നായര്‍, കണ്‍വീനര്‍മാരായ ആര്‍. ശരത്ചന്ദ്രന്‍ നായര്‍, കെ.എസ്. സജികുമാര്‍, ടി.ജയറാം, എന്‍. നാരായണ ശര്‍മ, എസ്. നജിമുദീന്‍, വി. വിനോദ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.