ഐബിഎംസി, ബിഎസ്ഇ ഇന്‍സ്റിറ്റ്യൂട്ട് സംയുക്ത കോഴ്സുകള്‍ തുടങ്ങും
Wednesday, October 22, 2014 12:37 AM IST
കൊച്ചി: ഐബിഎംസി ഗ്രൂപ്പും ബിഎസ്ഇ ഇന്‍സ്റിറ്റ്യൂട്ടും കേരളത്തിലെ ധനകാര്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ കോഴ്സുകള്‍ തുടങ്ങും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ബിഎസ്ഇ ഇന്‍സ്റിറ്റ്യൂട്ട് നേരിട്ടു നടത്തുന്ന പ്രത്യേക ധനകാര്യ കോഴ്സ് സംസ്ഥാനത്തു നടപ്പാക്കുമെന്ന് ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് സിഇഒയും ഡയറക്ടറുമായ പി.കെ. സജിത്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യത്യസ്ത ദൈര്‍ഘ്യമുള്ള ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണു തുടങ്ങുന്നത്. ആഗോള തലത്തില്‍ ധനകാര്യ മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുതകും വിധം ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ പരിപാടിയും ഐബിഎംസിയും ബിഎസ്ഇ ഇന്‍സ്റിറ്റ്യൂട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ ആരംഭിച്ച ബിഐഎല്‍ഐ ബിഎംസി സെന്റര്‍ ഓഫ് എക്സലന്‍സ് ആദ്യഘട്ടത്തില്‍ കേരളത്തിലെ നാലു സര്‍വകലാശാലകളിലായി 11 കോളജുകളില്‍ പഠന പരിപാടി സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കളെ നൂറു ശതമാനം ധനകാര്യ സാക്ഷരത ഉള്ളവരാക്കാനാണു ലക്ഷ്യമിടുന്നത്. ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്കു ധനകാര്യ മേഖലയില്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ നടപ്പാക്കുമെന്നും സജിത്കുമാര്‍ പറഞ്ഞു.


ഐബിഎംസി ബിഐഎല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ധനകാര്യ വിദ്യാഭ്യാസ പരിപാടിയുടെ വിലയിരുത്തലിനായി കൊച്ചിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. പരിപാടിയുമായി സഹകരിക്കുന്ന സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും ബിഎസ്ഇ ഇന്‍സ്റിറ്റ്യൂട്ട് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അംബരീഷ് ദത്തയും പി.കെ. സജിത്കുമാറും സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. ബിഎസ്ഇ ഇന്‍സ്റിറ്റ്യൂട്ട് അക്കാഡമിക്, പ്രോഡക്ട് ഡെവലപ്മെന്റ് മേധാവി വിനോദ് നായര്‍, ഐബിഎംസി ഫിനാന്‍ഷല്‍ പ്രഫഷണല്‍ ഗ്രൂപ്പ് സിഎംഒ പി.എസ്. അനൂപ്, ഐബിഎംസി ഫിനാന്‍ഷല്‍ പ്രഫഷണല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ബിനു നായര്‍, ഐബിഎംസി ഫിനാന്‍ഷല്‍ പ്രഫഷണല്‍ ഗ്രൂപ്പ് എവിപി എവിന്‍ ജോസഫ്, ആഗോള ഉപദേശക സമിതി അംഗങ്ങളായ സുരേഷ് വൈദ്യനാഥ്, ജോര്‍ജ് വി. ആന്റണി, വൈസ് പ്രസിഡന്റ് ബിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമുമായി (അസാപ്) സഹകരിക്കാനും ഐബിഎംസി ബിഐഎല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.