നിലപാട് പുനഃപരിശോധിക്കണമെന്ന് എന്‍സിപി സംസ്ഥാന ഘടകം
നിലപാട് പുനഃപരിശോധിക്കണമെന്ന് എന്‍സിപി സംസ്ഥാന ഘടകം
Wednesday, October 22, 2014 12:22 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ഭിന്നത. കേന്ദ്രനേതൃത്വം സ്വീകരിക്കുന്ന എതു നിലപാടിനോടും യോജിക്കുമെന്നു കേരള നിയമസഭയിലെ എന്‍സിപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ തോമസ് ചാണ്ടി എംഎല്‍എ ആവര്‍ത്തിച്ചപ്പോള്‍, മതേതരത്വത്തിനെതിരായ ഒരു തീരുമാനവും എന്‍സിപി കേരള ഘടകം സ്വീകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനിന്നതോടെ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ദേശീയ നേതൃത്വത്തിനു കത്ത് നല്‍കാന്‍ തീരുമാനിച്ചു. ഇതിനു സംസ്ഥാന പ്രസിഡന്റിനെ നേതൃയോഗം ചുമതലപ്പെടുത്തി. ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍മാസ്ററുടെ അഭാവത്തില്‍ എറണാകുളം മാതാ ടൂറിസ്റ് ഹോമില്‍ വൈകുന്നേരം 4.15നു ചേര്‍ന്ന നേതൃയോഗം വൈകുന്നേരം ഏഴോടെയാണ് അവസാനിച്ചത്.

ബിജെപിയെ പിന്തുണയ്ക്കുമെന്നാണു ദേശീയ തീരുമാനമെങ്കില്‍ അതിനോടു ചേര്‍ന്നുനില്‍ക്കുമെന്ന നിലപാടാണു തോമസ് ചാണ്ടി സ്വീകരിച്ചത്. എന്നാല്‍, ബിജെപിയെ പിന്തുണയ്ക്കണമെന്നല്ല, കേന്ദ്രതീരുമാനം എന്തായാലും അതില്‍ ഉറച്ചുനില്‍ക്കുമെന്നാണു താന്‍ പറഞ്ഞതെന്നു യോഗത്തിനു ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


അതേസമയം, എന്‍സിപി കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുമെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ എംഎല്‍എയാണു തോമസ് ചാണ്ടി. അതുകൊണ്ട് അദ്ദേഹം എല്‍ഡിഎഫില്‍ തുടരുമെന്നാണ് ഉറച്ച പ്രതീക്ഷ. മതേതരത്വത്തെ തുരങ്കംവയ്ക്കുന്ന ഒരു നിലപാടും എന്‍സിപി കേരള ഘടകത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിച്ചേരാന്‍ സംസ്ഥാന നേതൃയോഗത്തിന് അധികാരമില്ലാത്തതിനാല്‍ വിഷയം സംസ്ഥാന എക്സിക്യൂട്ടീവിലും തുടര്‍ന്നു ജനറല്‍ ബോഡിയിലും ചര്‍ച്ചയ്ക്കു വയ്ക്കും. ഒരാഴ്ച്ചയ്ക്കകം എക്സിക്യൂട്ടീവ് ചേരാനാണു തീരുമാനം. എന്നാല്‍ നേതൃയോഗത്തിന്റെ തീരുമാനം അതിനുമുന്‍പ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ദേശീയ നേതൃത്വത്തിനെതിരേ ശക്തമായി പ്രതീകരിച്ച എ.കെ. ശശീന്ദ്രന്‍ എംഎല്‍എ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. മാമ്മന്‍ ഐപ്പ്, പി.കെ. രാജന്‍, റസാഖ് മൌലവി, പി.ജെ. കുഞ്ഞുമോന്‍, ടി.പി. അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.