സമുദായസംഘടനകളുടെ തലപ്പത്തിരിക്കുന്നതു സമ്പന്നപ്രമാണിമാര്‍: പിണറായി വിജയന്‍
സമുദായസംഘടനകളുടെ തലപ്പത്തിരിക്കുന്നതു സമ്പന്നപ്രമാണിമാര്‍: പിണറായി വിജയന്‍
Wednesday, October 22, 2014 12:32 AM IST
കോഴിക്കോട്: സമുദായസംഘടനകളുടെ തലപ്പത്തിരിക്കുന്നതു സമ്പന്നപ്രമാണിമാരാണെന്നും ഇവര്‍ കൊള്ളലാഭം കൊയ്യാനുളള ഉപകരണമായാണു സംഘടനകളെ കാണുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഇ.എം.അഷ്റഫ് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു കോഴിക്കോട് ടൌണ്‍ഹാളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വം വഹിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരേ പ്രത്യക്ഷമായും പരോക്ഷമായും രൂക്ഷവിമര്‍ശനമാണു പിണറായി ഉയര്‍ത്തിയത്. ശ്രീനാരായണഗുരു സ്ഥാപിച്ച ശ്രീനാരായണ ധര്‍മ പരിപാലന യോഗം ഒരു ജാതിയുടെയും പേരു വച്ചുകൊണ്ടല്ല തുടങ്ങിയത്. എന്നാല്‍, അതിന്റെ പിന്തുടര്‍ച്ചക്കാരായി തലപ്പത്തിരിക്കുന്നവര്‍ ജാതി ചോദിച്ചാല്‍ എന്താ എന്നാണു ചോദിക്കുന്നത്. ഇതു മഹത്കാര്യമായാണ് അവര്‍ കാണുന്നത്. കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച ചിന്തകളും തത്വങ്ങളും തിരുത്താനാണ് അദ്ദേഹം സ്ഥാപിച്ച സംഘടന (എസ്എന്‍ഡിപി)യുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഇന്നു പരസ്യമായി ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

ഇത്തരമാളുകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം നവോത്ഥാന പ്രസ്ഥാനത്തിന് അപചയം സംഭവിച്ചു. നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരായി നായകത്വം വഹിക്കുന്നവര്‍ സ്വാര്‍ഥമതികളായിരിക്കുകയാണ്. സ്ഥാപിത താത്പര്യത്തിന്റെ വേദിയായി മാറിയിരിക്കുകയാണ് സമുദായസംഘടനകള്‍. നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ തുടര്‍ച്ച മുറിച്ചുകളയുകയണ്. തുടര്‍ച്ച ഇന്നെത്തിയത് എവിടേക്കാണെന്നു ഗൌരവമായി ആലോചിക്കേണ്ടതാണ്. മഹാന്മാരുടെ നേതൃത്വത്തിലുളള പ്രസ്ഥാനങ്ങള്‍ എവിടെയെത്തിയിരിക്കുന്നുവെന്നും അത്തരത്തിലുളള പല പ്രസ്ഥാനങ്ങളുടെയും കൈയൊടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരിച്ചുകൊണ്ടുവരാനുളള ശ്രമം ബോധപൂര്‍വം നടക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ പ്രാകൃതമായ കാര്യങ്ങള്‍ 21-ാം നൂറ്റാണ്ടില്‍ തിരിച്ചുകൊണ്ടുവരികയാണ്. വാഗ്ഭടാനന്ദന്‍, അയ്യന്‍കാളി തുടങ്ങിയ നിരവധി നവോത്ഥാന നായകര്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ആ അനാചാരങ്ങളെല്ലാം ഇന്നു സമൂഹത്തിനു മുന്നില്‍ തിരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണ ഗുരുവിനെപ്പോലെയുളള നവോത്ഥാനപ്രസ്ഥാനത്തിന്റെ നായകര്‍ അത്യന്തം വിപ്ളവകരമായ നിലപാടുകളാണ് എടുത്തിരുന്നത്. സമൂഹത്തിന്റെ മുന്നില്‍നിന്നുകൊണ്ടു വ്യത്യസ്ത ജനവിഭാഗങ്ങളോടു മനുഷ്യന്‍ ഒരു ജാതിയാണെന്നു വിളിച്ചു പറയാനുളള ധീരത അദ്ദേഹം കാണിച്ചു. ഇടതുപക്ഷപ്രസ്ഥാനത്തിനും ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ മുഖ്യപങ്കുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തിലുളള മാറ്റം ഇതാണു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുനലൂര്‍ രാജന്‍ പുസ്തകം ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.