ബെന്നറ്റും പേമെന്റ് സീറ്റും: സിപിഐ കുരുക്കിലേക്ക്
ബെന്നറ്റും പേമെന്റ് സീറ്റും: സിപിഐ കുരുക്കിലേക്ക്
Wednesday, October 22, 2014 12:29 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: സിപിഐയുടെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഏറെ പ്രതിസന്ധികള്‍ക്കു വഴിയൊരുക്കിയ പേമെന്റ് സീറ്റ് വിവാദം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നു പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ബെന്നറ്റ് ഏബ്രഹാമിന്റേതു പേമെന്റ് സീറ്റാണെന്ന ആരോപണം ലോകായുക്ത അന്വേഷിക്കാന്‍ ഉത്തരവിട്ടതാണു സിപിഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരില്‍ പാര്‍ട്ടിയുടെ മൂന്നു പ്രമുഖ നേതാക്കള്‍ക്കെതിരേ നടപടിയെടുത്ത തിന്റെ ഭാഗമായുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പു തന്നെ നിയമപരമായ അന്വേഷണവും കൂടി പാര്‍ട്ടിക്കു നേരിടേണ്ടി വ രുന്നു എന്നുള്ളതാണു മറ്റൊരു ദുര്യോഗം.

സിപിഐ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വവും അതുമായി ബന്ധപ്പെട്ടു നടന്ന നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്കനടപടിയും സജീവ ചര്‍ച്ചയാകുമ്പോഴാണ് അതേ വിഷയത്തില്‍ മറ്റൊരു സംഭവും കൂടി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തരവിഷയങ്ങളില്‍ ലോകായുക്തപോലുള്ള സ്ഥാപ നങ്ങള്‍ ഇടപെടുന്നതിലെ നിയമപരമായ സാധുതയെപ്പറ്റി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്െട ങ്കിലും പാര്‍ട്ടിയുടെ തീരുമാനം ലോകായുക്തയിലെത്തിയതു സിപിഐ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതു മുതല്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന അച്ചടക്ക നടപടികളുടെ പാര്‍ട്ടി മിനിറ്റ്സും പരിശോധിക്കണമെന്നാ ണു ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബന്ധപ്പെട്ടവര്‍ മിനിറ്റ്സ് നല്‍കിയില്ലെങ്കില്‍ നിയമപരമായ അധികാരം ഉപയോഗിച്ചു പിടിച്ചെടുക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തകാര്യത്തില്‍ മറ്റാര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്നും ലോകായുക്തയുടെ നടപടി നിയമപരമായി തന്നെ നേരിടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, നേതൃത്വത്തിന്റെ ഗുരുതരമായ പാളിച്ചമൂലം സംഭവിച്ച ഒരു കാര്യത്തില്‍ പാര്‍ട്ടിയെ നിയമത്തിന്റെ മുന്നില്‍ താത്കാലികമായെങ്കിലും തലകുനിപ്പിക്കുന്നതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്.


ലോകായുക്തയുടെ നടപടി യെ എങ്ങനെ നേരിടുമെന്നതിനെ സംബന്ധിച്ചു പാര്‍ട്ടി വ്യക്തമായ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്െടന്നു പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് പാര്‍ട്ടി സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും സംസ്ഥാന കൌണ്‍സിലും അംഗീകരിക്കുകയും ചെയ്തതാണ്. അച്ചടക്ക നടപടിക്കു വിധേയരായ സി. ദിവാകരന്‍, പി.രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ നടപടി അംഗീകരിച്ച സംസ്ഥാന കൌണ്‍സിലില്‍ ഒരു എതിരഭിപ്രായവും പറഞ്ഞില്ല. പാര്‍ട്ടി കമ്മീഷന്റെ കണ്െടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു നേതാക്കളുടെ മൌനം. ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശി ഇപ്പോള്‍ സിപിഐ വിട്ട് ആര്‍എസ്പിയിലാണ്. ഇദ്ദേഹത്തെ സാക്ഷിയാക്കി അന്വേഷണം നടത്തണമെന്നാണു ലോകായുക്ത ഉത്തരവില്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരില്‍ ഒരാളായിരുന്ന ശശി ലോകായുക്തയ്ക്കു മുന്നില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞാല്‍ നടപടിക്കു വിധേയരായ നേതാക്കളടക്കം സിപിഐയിലെ പ്രമുഖര്‍ നിയമത്തിനു മുന്നില്‍ ശിരസു കുനിക്കേണ്ടി വരും.

ലോകായുക്തവിധിക്കെതിരേ സിപിഐ ഹൈക്കോടതിയെ സമീപിക്കും. വിധി ഹൈക്കോടതി ശരിവച്ചാല്‍ സിപിഐ നേതൃത്വം ശരിക്കും വിയര്‍ക്കും. അല്ലെങ്കില്‍ വിധിക്കു സ്റേ കിട്ടുകയും പാര്‍ട്ടി മിനിറ്റ്സിന്റെ കോപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ടതില്ലെന്നുള്ള വിധി സമ്പാദിക്കുകയും വേണം. പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പേമെന്റ് സീറ്റ് വിവാദം സമ്മേളനങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാണ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരേയുള്ള അച്ചടക്ക നടപടി പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിയെന്നു സമ്മേളനങ്ങളില്‍ വിലയിരുത്തപ്പെടുമ്പോഴാണു പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി ലോകായുക്തയുടെ വിധി വരുന്നത്. ലോകായുക്തയുടെ വിധിയെ പാര്‍ട്ടി എങ്ങനെ നിയമപരമായി നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.