മുഖപ്രസംഗം: കായികരംഗത്തിനു വിളര്‍ച്ചരോഗം
Wednesday, October 22, 2014 12:06 AM IST
കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ വിദ്യാര്‍ഥിനികളുടെ ഹോസ്റലിനെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നല്‍കിയ റിപ്പോര്‍ട്ട് കേരളത്തിന്റെ കായികഭാവിയെക്കുറിച്ചു വലിയ ആശങ്ക ജനിപ്പിക്കുന്നതാണ്. ഒരുകാലത്ത് അത്ലറ്റിക്സ്, വോളിബോള്‍, ഫുട്ബോള്‍ എന്നിവയില്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കേരളത്തിന്റെ താരങ്ങള്‍ തിളങ്ങിയിരുന്നു. പി.ടി. ഉഷയുടെയും ഷൈനി വിത്സന്റെയും എം.ഡി. വത്സമ്മയുടെയും ഐ.എം. വിജയന്റെയും വി.പി. സത്യന്റെയും ജിമ്മി ജോര്‍ജിന്റെയുമൊക്കെ പേരില്‍ കേരളം ഏറെ അഭിമാനിച്ചിരുന്നു. പക്ഷ, അവര്‍ നല്‍കിയ നേട്ടങ്ങളില്‍നിന്നു നാം തെല്ലും മുന്നോട്ടു പോയിട്ടില്ല. മാത്രമല്ല, പിന്നോക്കം പോവുകയാണോ എന്നു സംശയിക്കേണ്ടിയുമിരിക്കുന്നു.

ജി.വി. രാജ, ഡിജിപിമാരായിരുന്ന ചന്ദ്രശേഖരന്‍നായര്‍, എം.കെ. ജോസഫ് എന്നിവരെപ്പോലുള്ള കായികപ്രേമികളുടെ അകമഴിഞ്ഞ പ്രോത്സാഹനവും ചില കോച്ചുമാരുടെ മികച്ച പരിശീലനവും വ്യക്തിപരമായ കഠിനാധ്വാനവുമാണു പല പഴയ കായികതാരങ്ങളെയും വന്‍നേട്ടങ്ങളില്‍ എത്തിച്ചത്. കേരളത്തില്‍ അവസരം കിട്ടാതിരുന്ന പലരെയും മറ്റു സംസ്ഥാനങ്ങളോ പൊതുമേഖലാ സ്ഥാപനങ്ങളോ സ്വന്തമാക്കുകയും ചെയ്തു. ഇത്തവണ ദ്രോണാചാര്യ പുരസ്കാരം നേടിയ ജോസ് ജേക്കബിനെപ്പോലുള്ളവര്‍ നാട്ടിലൊരു ജോലി കിട്ടാതിരുന്നതുകൊണ്ടാണ് അന്യനാട്ടിലേക്കു പോയത്. ഇപ്പോഴിതാ ഒളിമ്പ്യന്‍ പി.ടി. ഉഷയും ഗുജറാത്തിലേക്കു വണ്ടികയറുന്നു. കായികമേഖലയുടെ വളര്‍ച്ചയ്ക്കു ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിക്കുവേണ്ടിയുള്ള സഹായാഭ്യര്‍ഥന സ്വീകരിച്ചാണു താന്‍ അവിടേക്കു പോകുന്നതെന്നും കേരളം വിട്ടുപോകുമെന്ന ധാരണ ശരിയല്ലെന്നും ഉഷ വിശദീകരിച്ചിട്ടുണ്ട്.

കഴിവു തെളിയിച്ച കായികതാരങ്ങള്‍ക്കുപോലും വേണ്ടത്ര അംഗീകാരമോ പ്രോത്സാഹനമോ ലഭിക്കാത്ത സാഹചര്യത്തില്‍ ആരാണു പുതുതായി ഈ മേഖലയിലേക്കു കടന്നുവരാന്‍ താത്പര്യപ്പെടുക? ആരെങ്കിലും താത്പര്യമെടുത്താല്‍ത്തന്നെ ഒരു ജോലി സംഘടിപ്പിക്കുക എന്ന പരിമിത ലക്ഷ്യമായിരിക്കും പലപ്പോഴും മുന്നിലുണ്ടാവുക. തങ്ങള്‍ നേടിയ സുവര്‍ണമുദ്രകളും ട്രോഫികളുമൊക്കെ ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ കോണില്‍ സൂക്ഷിച്ചുവയ്ക്കാന്‍ വിധിക്കപ്പെട്ട പല കായികതാരങ്ങളുടെയും കദനകഥകള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ദേശീയ ഗുസ്തി ചാമ്പ്യന്‍ ജീവിതായോധനത്തിനു ചുമടെടുത്തു ജീവിക്കേണ്ട സാഹചര്യവും കേരളത്തിലുണ്ടായി.

കായികരംഗത്തു ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ ഇപ്പോള്‍ പഴയകാലത്തേക്കാള്‍ കൂടുതലായി മാധ്യമശ്രദ്ധയില്‍ വരുന്നുണ്െടന്നതു ശരി. അതുകൊണ്ട് അവര്‍ക്കു ചില്ലറ ഗുണങ്ങളൊക്കെയുണ്ടുതാനും. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു തമിഴ്നാട്പോലുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതു വന്‍ സമ്മാനത്തുകകളാണ്. ഇക്കാര്യത്തില്‍ അവിടങ്ങളിലെ ഭരണകര്‍ത്താക്കള്‍ പ്രത്യേക താത്പര്യമെടുക്കുന്നു. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ മലയാളികള്‍ക്കു കേരള സര്‍ക്കാരും ചില സമ്മാനങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത്തരം പ്രോത്സാഹനങ്ങള്‍ അഭിനന്ദനാര്‍ഹമാണെങ്കിലും കായികരംഗത്തു കേരളത്തിനുണ്ടായിരുന്ന മേല്‍ക്കൈ നിലനില്‍ക്കണമെങ്കില്‍ നാം ഇനിയുമേറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. താവക്കരയിലെ സ്പോര്‍ട്സ് ഹോസ്റലിലേതുപോലുള്ള അതീവ ശോചനീയ സാഹചര്യങ്ങള്‍ മറ്റു പല സ്പോര്‍ട്സ് ഹോസ്റലുകളിലും നിലനില്‍ക്കുന്നുണ്ടാവാം. ശരിയായ പരിശീലനം പോയിട്ട് ആവശ്യമായ ഭക്ഷണംപോലും കിട്ടാത്ത അവസ്ഥയില്‍ ആ സ്ഥാപനങ്ങളിലെ കുട്ടികളുടെ കായികമികവ് എങ്ങനെയാണു വളരുക?


കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ വിദ്യാര്‍ഥിനികളില്‍ 90 ശതമാനം പേരിലും വിളര്‍ച്ച രോഗം (അനീമിയ) കാണപ്പെട്ടുവെന്നു കണ്െടത്തിയത് ഐഎംഎയുടെ നിരീക്ഷണസംഘമാണ്. കായികതാരങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചു ഡോക്ടര്‍മാരുടെ ഈ സംഘടന നല്‍കുന്ന റിപ്പോര്‍ട്ട് അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. പി.ടി. ഉഷ, എം.ഡി. വത്സമ്മ, ബോബി അലോഷ്യസ് തുടങ്ങിയവരുടെ ആദ്യകാല പരിശീലനക്കളരികൂടിയായിരുന്നു കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍ എന്നോര്‍ക്കണം.

അഭയാര്‍ഥിക്യാമ്പിലേതിനേക്കാള്‍ ശോചനീയമായ അവസ്ഥയാണു കണ്ണൂര്‍ താവക്കര സ്പോര്‍ട്സ് ഹോസ്റലിലുള്ളതെന്നാണു റിപ്പോര്‍ട്ടില്‍നിന്നു മനസിലാകുന്നത്. കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹോസ്റല്‍ അടച്ചിട്ടിരിക്കുകയാണ്. കിണര്‍വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവു കൂടുതലാണെന്ന റിപ്പോര്‍ട്ട് ശുചിത്വമില്ലായ്മ വ്യക്തമാക്കുന്നു. നാളത്തെ കായികപ്രതിഭകളെ വാര്‍ത്തെടുക്കേണ്ട സ്പോര്‍ട്സ് ഹോസ്റലുകളുടെ സ്ഥിതി ഇതാണെങ്കില്‍ കായികകേരളത്തിന്റെ ഭാവി എന്തായിരിക്കും?

വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ഏകദിന ടെസ്റ് പരമ്പരകള്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയ സാഹചര്യവും പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കവുമൊക്കെ ക്രിക്കറ്റിന്റെ സ്ഥിതി മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തെതന്നെ ചില രോഗങ്ങള്‍കൂടിയാണു പ്രകടമാക്കുന്നത്. പരമ്പര റദ്ദാക്കലിലൂടെ കോടികളുടെ നഷ്ടമാണുണ്ടായതെന്നു ബിസിസിഐ ആകുലപ്പെടുന്നു. കോടികള്‍ സംബന്ധിച്ച ആകുലതകള്‍ക്കു മുന്നില്‍, കായികതാരങ്ങള്‍ക്കു വിളര്‍ച്ച ബാധിക്കുന്ന തരത്തില്‍ ദരിദ്രമായ സ്പോര്‍ട്സ് ഹോസ്റലുകളുടെ പ്രശ്നങ്ങള്‍ക്ക് ആരു ചെവികൊടുക്കാന്‍? വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ ആരോഗ്യമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാനെങ്കിലും നമുക്കു സാധിക്കും. കായികതാരങ്ങളുടെ പരിശീലനത്തിനും പ്രോത്സാഹനത്തിനും ചൈനയും ജപ്പാനും ദക്ഷിണകൊറിയയുമൊക്കെ നല്‍കുന്ന പ്രാധാന്യം കണ്ടു കണ്ണുതള്ളേണ്ട. ഇവിടെ ചെയ്യാനാവുന്ന ചെറിയ കാര്യങ്ങള്‍പോലും ചെയ്യാതെ കേരളത്തിന്റെ കായിക വികസനത്തെക്കുറിച്ചു വലിയ കാര്യങ്ങള്‍ പറഞ്ഞിട്ടു കാര്യമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.