സ്റാര്‍ട്ടപ്പ്, ഇന്നൊവേഷന്‍ നയം ഉടന്‍ പ്രഖ്യാപിക്കും: മുഖ്യമന്ത്രി
സ്റാര്‍ട്ടപ്പ്, ഇന്നൊവേഷന്‍ നയം ഉടന്‍ പ്രഖ്യാപിക്കും: മുഖ്യമന്ത്രി
Tuesday, October 21, 2014 12:19 AM IST
കൊച്ചി: സ്റാര്‍ട്ടപ്പുകളെയും മറ്റും പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ സ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടെക്നോപാര്‍ക്ക് ടെക്നോളജി ഇന്‍കുബേറ്ററിനു കീഴിലുള്ള സ്വപ്ന പദ്ധതിയായ ടെക്നോളജി ഇന്നൊവേഷന്‍ സോണിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ പോളിസിയുടെ കരടുരൂപം തയാറാക്കിക്കഴിഞ്ഞു. വിദ്യാര്‍ഥി സംരംഭകര്‍ക്കു പിന്തുണ ഉറപ്പാക്കുന്ന പരിപാടിക്ക് അന്തിമരൂപം നല്‍കാനായി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു.

ടെലികോം, ഐടി മേഖലകള്‍ കൂടാതെ കൃഷി, ഇലക്ട്രോണിക്സ്, ഫുഡ് പ്രോസസിംഗ്, ടൂറിസം എന്നിവ ഉള്‍പ്പെടെ എട്ടു വ്യവസായിക വിഭാഗങ്ങളിലെ യുവസംരംഭകര്‍ക്കു കൂടി ഇന്‍കുബേഷന്‍ പിന്തുണ ഉറപ്പാക്കുകയാണു സോണിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകരില്‍നിന്നു തൊഴില്‍ദാതാക്കളായി മാറുന്ന കേരളത്തിലെ യുവാക്കളിലുണ്ടായിട്ടുള്ള മനോഭാവത്തിലെ മാറ്റം കേരളത്തിന്റെ ഭാവി വികസനത്തിനുവേണ്ടി സ്വരുക്കൂട്ടുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു.

നാല്‍പതോളം സ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ പിന്തുണ നല്‍കാനാകുന്ന 10,000 ചതുരശ്ര അടി വരുന്ന പ്രവര്‍ത്തനസ്ഥലമാണ് കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ ടെക്നോളജി ഇന്നൊവേഷന്‍ സോണില്‍ ഒന്നാം ഘട്ടമായി സ്റാര്‍ട്ടപ്പ് വില്ലേജിനു കൈമാറിയിരിക്കുന്നത്. സ്ഥലം കിട്ടാത്തതിന്റെ പേരില്‍ വികസനപദ്ധതികള്‍ അനന്തമായി നീണ്ടുപോകുന്നതു ഗുണകരമല്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

യുവാക്കള്‍ക്കു സംരംഭകത്വരംഗത്തേക്കു കടന്നുവരാന്‍ സര്‍ക്കാര്‍ നടത്തുന്ന കഠിനശ്രമങ്ങള്‍ അഭിമാനകരമാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.


സ്റാര്‍ട്ടപ്പ് വില്ലേജിലേക്കു യുവാക്കളുടെ തള്ളിക്കയറ്റമാണുണ്ടാകുന്നതെന്നും ഇതു മുന്‍പില്ലാത്തവിധത്തില്‍ തൊഴിലിടം ആവശ്യമാക്കിത്തീര്‍ത്തിരിക്കുകയാണെന്നും ഐടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ആവശ്യമനുസരിച്ച് ഈ മേഖലയെ ഒരു സിലിക്കണ്‍ വാലിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ന്നുവരുന്ന സംരംഭകത്വ വിപ്ളവത്തില്‍ ടിസ് ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഇന്‍ഫോപാര്‍ക്കിന്റെയും ടെക്നോപാര്‍ക്ക് ടിബിഐയുടെയും സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. ഇത്തരമൊരു സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കിന്‍ഫ്ര പാര്‍ക്കിലെ 13.2 ഏക്കര്‍ സ്ഥലത്താണ് ടിസ് വ്യാപിച്ചുകിടക്കുക. അവശേഷിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മാണം 2017ല്‍ പൂര്‍ത്തിയാക്കും. മുഴുവന്‍ പണികളും പൂര്‍ത്തിയാകുന്നതോടെ അഞ്ചു ലക്ഷം ചതുരശ്രഅടി സ്ഥലത്തായി കണ്‍വന്‍ഷന്‍ സെന്റര്‍, ആംഫി തിയറ്റര്‍, ഫുഡ് കോര്‍ട്ടുകള്‍, പ്രദര്‍ശനഹാള്‍ തുടങ്ങിയവ കൂടാതെ ഫാബ്രിക്കേഷന്‍ ലാബ്, ഡേറ്റ സെന്റര്‍ തുടങ്ങി ഭാവിയില്‍ ബിസിനസ് ഇന്‍കുബേറ്ററുകള്‍ക്ക് ആവശ്യമായി വരാവുന്ന എല്ലാ സൌകര്യങ്ങളും ഉണ്ടാകും. ബെന്നി ബഹനാന്‍ എംഎല്‍എ, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കൌണ്‍സിലര്‍ നസീമ മജീദ്, സ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.