ഓട്ടിസം ബാധിച്ച യുവാവിനെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍
ഓട്ടിസം ബാധിച്ച യുവാവിനെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍
Tuesday, October 21, 2014 12:28 AM IST
കാഞ്ഞിരപ്പള്ളി: ഓട്ടിസം ബാധിച്ച യുവാവിനെ നാളുകളായി ഒറ്റമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്െടത്തി. തന്റെ രണ്ടാം ഭാര്യ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാത്തതു കൊണ്ടാണു മകനെ മുറിയില്‍ അടച്ചിരിക്കുന്നതെന്ന് പിതാവും, രണ്ടാനമ്മയുടെ ക്രൂരതയെന്നു നാട്ടുകാരും ആരോപിച്ചു. കുന്നുംഭാഗം-തമ്പലക്കാട് കുറുക്കുറോഡില്‍ സുമനിവാസില്‍ സുദര്‍ശനന്റെ മകന്‍ അരുണ്‍ (28) ആണ് വൃത്തിഹീനമായി സാഹചര്യത്തില്‍ മുറിക്കുള്ളില്‍ വിശന്നു വലഞ്ഞ് കഴിഞ്ഞു വന്നത്.

പൊതുപ്രവര്‍ത്തകനായ അഡ്വ. എം.എ. ഷാജിയാണ് വിവരം മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും അറിയിച്ചത്. ഇതോടെ ഇന്നലെ അരുണിനെ തമ്പലക്കാട്ടുള്ള പെനുവേല്‍ ആശ്രമത്തിലേക്ക് പോലീസ് മാറ്റി. വീടിനോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഗ്രില്ലിട്ട മുറിയിലാണ് അരുണ്‍ ഏഴു മാസമായി ഒറ്റയ്ക്ക് കഴിയുന്നത്. ഭക്ഷണം കഴിക്കുന്നതും മലമൂത്ര വിസര്‍ജനവുമെല്ലാം ഈ മുറിയില്‍ത്തന്നെ. മഴയത്ത് ഗ്രില്ലിട്ട മുറിയിലേക്കു വെള്ളം അടിച്ചുകയറും. മുറിയിലുള്ള കട്ടിലും തലയണയും നനഞ്ഞ നിലയിലാണ്. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് വിശക്കുന്നതായും ഭക്ഷണം വേണമെന്നും അരുണ്‍ യാചിച്ചു.

സുദര്‍ശനന്റെ ആദ്യ ഭാര്യ 11 വര്‍ഷം മുമ്പു മരിച്ചു. തുടര്‍ന്നാണ് സുദര്‍ശനന്‍ രണ്ടാം വിവാഹം കഴിച്ചത്. സുദര്‍ശനന്റെ മകളെ വിവാഹം കഴിച്ചയച്ചതോടെയാണ് അരുണിന്റെ ദുരിത ജീവിതം തുടങ്ങിയതെന്ന് അയല്‍വാസികള്‍ പറയുന്നു. അതുവരെ അരുണിന് ചികിത്സയും മറ്റും കൃത്യമായി ലഭിച്ചിരുന്നുവത്രേ. ഓട്ടിസം ബാധിച്ച മകനെ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാത്തതു കൊണ്ടാണു മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതെന്ന് പിതാവ് സുദര്‍ശനനും സമ്മതിച്ചു.


എന്നാല്‍, അരുണ്‍ കൂടുതല്‍ സമയവും നഗ്നനായാണ് ഇരിക്കാറെന്നും പുറത്തിറങ്ങിയാല്‍ ലക്ഷ്യമില്ലാതെ ഓടുമെന്നും ഉപദ്രവ സ്വഭാവുമുണ്െടന്നും രണ്ടാം ഭാര്യ പറഞ്ഞതായി പോലീസ് അറിയിച്ചു. അതുകൊണ്ടാണ് മുറിയില്‍ അടച്ചിരിക്കുന്നത്. ഒന്നര മാസം മുമ്പ് മുറിയില്‍ നിന്നും പുറത്തിറങ്ങി റോഡിലൂടെ ഓടിയ അരുണിനെ പോലീസുകാരും ഓട്ടോക്കാരും ചേര്‍ന്നു പിടികൂടി വീട്ടിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍, മുമ്പ് യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികളും പോലീസും ചേര്‍ന്നു തമ്പലക്കാടുള്ള പെനുവേല്‍ ആശ്രമത്തില്‍ എത്തിച്ചിരുന്നെങ്കിലും പിറ്റേന്നു പിതാവ് എത്തി ഇയാളെ തിരികെ കൊണ്ടുപോവുകയായിരുന്നെന്ന് ആശ്രമ അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.