എബോള: ജാഗ്രതാ നിര്‍ദേശം
Tuesday, October 21, 2014 12:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എബോള രോഗത്തെ പ്രതിരോധിക്കാന്‍ ശക്തമായ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. വിമാനത്താവളങ്ങളില്‍ ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കും. കേരളത്തിലെ എല്ലാ തുറമുഖങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ആരോഗ്യവകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു തീരുമാനം.

എബോള മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്നതായ സൂചന കണക്കിലെടുത്തു ചികിത്സാ പരിശീലനത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നു മൂന്നു ഡോക്ടര്‍മാരെയും നഴ്സിംഗ് വിഭാഗത്തില്‍ നിന്ന് ഒരാളെയും ഡല്‍ഹിയിലേക്ക് അയച്ചു. ഡല്‍ഹി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിലാണ് ഇവര്‍ക്കു മൂന്നു ദിവസത്തെ പരിശീലനം നല്‍കുക. കമ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും നഴ്സിംഗ് കോളജിലെ പ്രഫസറുമാണു പരിശീലനത്തിനു പോയത്. വിദേശരാജ്യങ്ങളില്‍ നിന്നു സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലത്തിെയ 109 പേരാണു നിരീക്ഷണത്തിലുള്ളത്. എബോള മരണം ഭീതിപടര്‍ത്തുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനി, സിയറലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെയാണു വിമാനത്താവളങ്ങളില്‍ പരിശോധനക്ക് വിധേയമാക്കുന്നത്. അവരവരുടെ വീടുകളില്‍ 25 ദിവസ ത്തേക്കാണ് നിരീക്ഷണത്തില്‍ വയ്ക്കുക. ഇതുവരെ 609 പേരെയാണ് നിരീക്ഷണത്തിനായി നിര്‍ദേശിച്ചത്.

അതില്‍ 500 പേര്‍ 25 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നു കണ്ടു പുറത്തുവന്നു. സമാന ലക്ഷണം കണ്െടത്തിയ രണ്ടു പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെങ്കിലും രോഗം സ്ഥിരീകരിച്ചില്ല. 18 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭ്യമാകും. യോഗത്തില്‍ ആരോഗ്യ ഡയറക്ടര്‍ ഡോ. പി.കെ. ജമീല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിറാബുദീന്‍, നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെട്ടില്‍ എന്നിവരും എയര്‍പോര്‍ട്ട് അഥോറിറ്റി, തുറമുഖം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.


നെടുമ്പാശേരിയില്‍ മുന്‍കരുതല്‍

നെടുമ്പാശേരി: എബോള വൈറസ് വ്യാപനം തടയാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനവും കര്‍ശന പരിശോധനയും ക്രമീകരിച്ചു. രോഗനിയന്ത്രണത്തിനായുള്ള ദേശീയ കേന്ദ്രത്തിന്റെ (എന്‍സിഡിസി) പ്രത്യേക സന്ദേശം സിയാല്‍ അധികൃതര്‍ക്കു ലഭിച്ചിരുന്നു.

എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍സംഘത്തെ എബോള പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മൂന്നു ക്വാറന്റൈന്‍ മുറികളും ആംബുലന്‍സുകളും സജ്ജമാക്കി. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എബോള വൈറസ് ബാധയുള്ള രാജ്യങ്ങളില്‍നിന്നു നേരിട്ടും ഗള്‍ഫ് മേഖല വഴിയും നൂറുകണക്കിനു യാത്രക്കാര്‍ കൊച്ചിയില്‍ എത്തുന്നുണ്ട്.

വിമാനങ്ങളില്‍ എബോള വൈറസ് വ്യാപനം സംബന്ധിച്ചു സന്ദേശം നല്കാന്‍ ജീവനക്കാരെ ബോധവത്കരിക്കാനുള്ള നടപടികളും തുടങ്ങി. കടുത്ത പനി, വയറിളക്കം, പേശിവേദന, തൊലിപ്പുറത്തുള്ള നിറംമാറ്റം, രക്തസ്രാവം, നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന എന്നിവയാണു രോഗലക്ഷണങ്ങള്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ 30 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ടു വിവരം ധരിപ്പിക്കണം.

ഗിനിയ, ലൈബീരിയ, സിയാറ ലിയോണ്‍, നൈജീരിയ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള വൈറസ് പടരുന്നതെങ്കിലും ഇപ്പോള്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായരുടെ നേതൃത്വത്തില്‍ എമിഗ്രേഷന്‍, കസ്റംസ്, എയര്‍ലൈന്‍സ്, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചു നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.