സാമൂഹികപരിവര്‍ത്തനത്തിന് അധ്യാപകസമൂഹം മുന്നിട്ടിറങ്ങണം: ധനമന്ത്രി കെ.എം. മാണി
സാമൂഹികപരിവര്‍ത്തനത്തിന് അധ്യാപകസമൂഹം മുന്നിട്ടിറങ്ങണം: ധനമന്ത്രി കെ.എം. മാണി
Tuesday, October 21, 2014 12:25 AM IST
കോട്ടയം: സാമൂഹികപരിവര്‍ത്തനത്തിന് അധ്യാപകസമൂഹം മുന്നോട്ടുവരണമെന്നു ധനമന്ത്രി കെ.എം. മാണി. യുവതലമുറയെ വാര്‍ത്തെടുക്കുന്ന ഉത്തരവാദിത്വപൂര്‍ണമായ ചുമതലയാണ് അധ്യാപകര്‍ക്കുള്ളത്. നവഭാരതസൃഷ്ടി അധ്യാപകരിലൂടെ മാത്രമേ സാധിക്കൂ.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളപരിഷ്കരണ അപാകതകള്‍ പരിഹരിച്ചതും ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കിയതും പുതിയ റീജണല്‍ ഓഫീസുകള്‍ അനുവദിച്ചതും അധ്യാപക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കും. കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് ഫ്രണ്ട് (കെഎച്ച്എസ്ടിഎഫ്) സംഘടിപ്പിച്ച സംസ്ഥാന അധ്യാപക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രസാങ്കേതിക മണ്ഡലങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ മുന്നോട്ടുവരണമെന്നു മുഖ്യപ്രഭാഷണം നടത്തിയ ജോസ് കെ. മാണി എംപി ആഹ്വാനം ചെയ്തു. കെഎച്ച്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് നോയല്‍ മാത്യൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ മെംബര്‍ പ്രഫ.ലോപ്പസ് മാത്യു ആമുഖപ്രഭാഷണം നടത്തി.


അധ്യാപകരുടെ സാമൂഹ്യ ഉത്തരവാദിത്വത്തെക്കുറിച്ച് വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴിയും ഹയര്‍സെക്കന്‍ഡറി മേഖലയിലെ പരീക്ഷാ പരിഷ്കരണങ്ങളെക്കുറിച്ചു ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. മോഹന്‍കുമാറും ക്ളാസുകള്‍ നയിച്ചു. സാജു മാന്തോട്ടം, ബൈബി തോമസ്, ഡോ.സി.കെ. ജയിംസ്, ഡോ.റോയി സി. മാത്യു, ജയിംസ് കുര്യന്‍, സജി കുരിക്കാട്ട്, ബോസ്മോന്‍ ജോസഫ്, ടിജി ജോസഫ്, ബൈജു ജേക്കബ്, സുരേഷ് കെ.എസ്, പി. രാധാകൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശമ്പള പരിഷ്കരണവും, ഹയര്‍സെക്കന്‍ഡറി മേഖലയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോയി ഫിലിപ്പ്, ജോസ് ജേക്കബ്, സിജു മാമച്ചന്‍, കെ.ഹരികുമാര്‍, പി.പി.സുനില്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.