ശബരിമലയില്‍ പ്രസാദവിതരണത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ്
ശബരിമലയില്‍ പ്രസാദവിതരണത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ്
Tuesday, October 21, 2014 12:24 AM IST
ശബരിമല: ശബരിമലയിലെ പ്രസാദ വിതരണത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സൌകര്യം ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും. വൃശ്ചികം ഒന്നു മുതല്‍ ആരംഭിക്കുന്ന തീര്‍ഥാടനകാലത്ത് സൌകര്യം ലഭ്യമാകും. ഓണ്‍ലൈന്‍ അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കു ബുക്കിംഗ് നടത്താം.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ശബരിമല വെബ്സൈറ്റിലെ അക്കോമഡേഷന്‍ സൈറ്റിലാണ് ഇതിനുള്ള സൌകര്യം ക്രമീകരിച്ചിരിക്കുന്നതെന്നു ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ബുക്കുചെയ്യുന്നവര്‍ക്ക് സന്നിധാനത്തെ അക്കോമഡേഷന്‍ ബുക്കിംഗ് സെന്ററിന്റെ അടുത്ത് പ്രസാദങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രത്യേക കൌണ്ടര്‍ ക്രമീകരിക്കും. ഭാവിയില്‍ സന്നിധാനത്തെ അയ്യപ്പദര്‍ശനവും ഓണ്‍ലൈന്‍ ബുക്ക്ചെയ്യുന്നതിനുള്ള സാധ്യതയും ഏറെയാണ്.

ഓണ്‍ലൈന്‍ ബുക്കിംഗിനോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന മേജര്‍ ക്ഷേത്രങ്ങളിലും അപ്പത്തിന്റെയും അരവണയുടെയും നെയ്യഭിഷേകത്തിന്റെയും ടിക്കറ്റുകള്‍ തീര്‍ഥാടകര്‍ക്കു ലഭിക്കും. മുമ്പ് ഇത്തരം സൌകര്യം ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ ബ്രാഞ്ചുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയെടുക്കുന്ന ടിക്കറ്റുകള്‍ക്ക് സന്നിധാനത്തെ പ്രസാദ വിതരണ സെന്ററിലെ പ്രീ പെയ്ഡ് കൌണ്ടറില്‍ നിന്നാണ് ലഭിക്കുന്നത്. ക്ഷേത്രങ്ങളില്‍ ടിക്കറ്റുകള്‍ നല്‍കുന്നതും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂക്ഷിക്കുന്നതും ധനലക്ഷ്മി ബാങ്കായിരിക്കുമെന്നും വി.എസ്. ജയകുമാര്‍ പറഞ്ഞു.


മണ്ഡലകാലം മുതല്‍ തീര്‍ഥാടകര്‍ക്കു പ്രസാദമടങ്ങിയ കിറ്റുകളും സന്നിധാനത്ത് ലഭ്യമാകും. രണ്ട് അരവണയും, നാല് പായ്ക്കറ്റ് അപ്പവും ഓരോ പായ്ക്കറ്റ് വീതം വിഭൂതി, കുങ്കുമം, മഞ്ഞള്‍ എന്നീ പ്രസാദങ്ങളുമടങ്ങിയ കിറ്റിന് 270 രൂപയാണ് ഈടാക്കുന്നത്. ഒരു ടിന്‍ അരവണ, രണ്ട് പായ്ക്കറ്റ് അപ്പം, വിഭൂതി, കുങ്കുമം, മഞ്ഞള്‍ ഇവ അടങ്ങിയ കിറ്റിന് 160 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.