അക്കൌണ്ട് തുറക്കാന്‍ ബാങ്കുകാര്‍ ജനങ്ങളുടെ സമീപത്തേക്ക്
അക്കൌണ്ട് തുറക്കാന്‍ ബാങ്കുകാര്‍ ജനങ്ങളുടെ സമീപത്തേക്ക്
Monday, October 20, 2014 12:02 AM IST
തിരുവനന്തപുരം: അക്കൌണ്ട് തുറക്കാന്‍ ബാങ്കുകാര്‍ ജനങ്ങളുടെ സമീപത്ത് എത്തുന്നു. എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൌണ്ട് എന്ന ആശയവുമായി നടപ്പാക്കുന്ന ജന്‍ധന്‍ യോജന പദ്ധതി ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൌണ്ടുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണു നടപടി.

ഈ മാസം 25നു വാര്‍ഡ് തലത്തില്‍ പഞ്ചായത്ത് മെംബര്‍മാരുടെ നേതൃത്വത്തില്‍ ബാങ്ക് അക്കൌണ്ട് തുറക്കാന്‍ വാര്‍ഡ് തല ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്ഥാപന വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍ക്കു നിര്‍ദേശം നല്‍കി. ഇതിനായി ബാങ്ക് ജീവനക്കാരുമായി സഹകരിക്കുകയും ആവശ്യമായ സഹായം നല്‍കുകയും വേണം. അക്കൌണ്ട് തുറക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ സ്ഥലവും മറ്റു സൌകര്യങ്ങളും ഒരുക്കേണ്ടതും പഞ്ചായത്തുകളുടെ ചുമതലയാണ്.

ബാങ്ക് അക്കൌണ്ട് ഉള്ളതും ഇല്ലാത്തതുമായ കുടുംബങ്ങളുടെ വിവരം പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ശേഖരിക്കണം. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍, വാര്‍ഡ്തല വോട്ടര്‍ പട്ടിക, വിലയിരുത്തല്‍ രജിസ്റര്‍ തുടങ്ങിയവ ബാങ്ക് ജീവനക്കാര്‍ക്കു കൈമാറണമെന്നും തദ്ദേശ സ്ഥാപന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.


ഇതുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റില്‍ പഞ്ചായത്ത് അംഗങ്ങളാണ് ഒപ്പിട്ടു നല്‍കേണ്ടത്. പാചക വാതകത്തിന്റെ സബ്്സിഡി തുക നവംബര്‍ പത്തു മുതല്‍ ബാങ്ക് അക്കൌണ്ടുകള്‍ വഴി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ യുപിഎ സര്‍ക്കാര്‍ ചെയ്തതു പോലെ പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. ഇതിന്റെ കൂടി ഭാഗമായാണു പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി വഴി എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൌണ്ട് നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍, ഇക്കാര്യം വ്യക്തമാക്കാതെ എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് എന്ന പേരിലാണു പദ്ധതി പ്രഖ്യാപിച്ചത്. ഇതുവരെ 16 ലക്ഷത്തോ ളം പേര്‍ക്ക് ബാങ്ക് അക്കൌണ്ട് തുറക്കാനായെന്നാണു വിലയി രുത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.