മുഖപ്രസംഗം: വിജയാരവത്തില്‍ മുങ്ങരുത് രുചികരമല്ലാത്ത യാഥാര്‍ഥ്യങ്ങള്‍
Monday, October 20, 2014 11:32 PM IST
ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്യുന്ന വികസന സ്വപ്നങ്ങള്‍ക്കു ജനം നല്‍കിയ മറ്റൊരു അംഗീകാരമാണ്. ഏതാണ്ടു പൂര്‍ണമായും മോദിയെമാത്രം ആശ്രയിച്ചാണു ബിജെപി ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പു വിജയം ജനങ്ങള്‍ മോദിയില്‍ അര്‍പ്പിക്കുന്ന വലിയ പ്രതീക്ഷയുടെ പ്രതിഫലനമായി കണക്കാക്കാനാവും. ദീര്‍ഘകാലം ഈ സംസ്ഥാനങ്ങളില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പുറത്താക്കുമ്പോള്‍ ബിജെപിക്ക് ആഹ്ളാദിക്കാനേറെയുണ്െടങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന്റെ തലേദിവസം സര്‍ക്കാര്‍ നടത്തിയ മറ്റൊരു പ്രഖ്യാപനമാ വും രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവുക. ഡീസല്‍വില നിയന്ത്രണം എടുത്തുകളയാന്‍ എടുത്ത തീരുമാനമാണത്.

ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ ലിറ്ററിനു മൂന്നുരൂപയിലേറെയാണ് ഒറ്റ ദിനം കൊണ്ടു കുറഞ്ഞത്. ഡീസലിനു കഴിഞ്ഞ ഏതാനും മാസങ്ങളായി ലിറ്ററിനു പ്രതിമാസം 50 പൈസ കണക്കില്‍ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡോയില്‍വില കുത്തനെ താണുകൊണ്ടിരുന്നപ്പോഴും ഈ വിലവര്‍ധന ക്രമമായി തുടര്‍ന്നുകൊണ്ടിരുന്നതു പരക്കേ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ക്രൂഡോയില്‍ വില ബാരലിനു നാലിലൊന്നു കുറഞ്ഞു. എണ്ണവിലയില്‍ ഉയര്‍ച്ചതാഴ്ച്ചകള്‍ പലപ്പോഴുമുണ്ടാകാറുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോള്‍ ഇപ്പോള്‍ വില കുറയുന്നതുപോലെതന്നെ ആഗോളവിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ ഉപയോക്താവ് കൂടുതല്‍ വില കൊടുക്കേണ്ടിവരുമെന്ന കാര്യം നാം വിസ്മരിക്കരുത്.

ഇന്ത്യയിലെ എണ്ണവിപണി പ്രധാനമായും പൊതുമേഖലയിലാണെങ്കിലും എസ്സാര്‍, റിലയന്‍സ് തുടങ്ങിയ വമ്പന്‍ സ്വകാര്യ കമ്പനികളും ഈ രംഗത്തുണ്ട്. ഇവര്‍ ഇനി വിപണനത്തില്‍ സജീവമാകും. കാരണം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ ഇറക്കുമതിയിലും ഉപയോഗത്തിലും നാള്‍ക്കുനാള്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലം കൊയ്യാന്‍ കിട്ടുന്ന അവസരം ഇത്തരം കോര്‍പറേറ്റ് ഭീമന്മാര്‍ നഷ്ടപ്പെടുത്തുകയില്ല. അതുകൊണ്ടുതന്നെ, ഡീസല്‍ വിലനിയന്ത്രണം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കുപിന്നില്‍ ഇവരുടെ ചില താത്പര്യങ്ങളില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ധനവില നിര്‍ണയം സംബന്ധിച്ചു പഠിക്കാന്‍ നിയുക്തമായ ഖേല്‍ക്കര്‍ കമ്മിറ്റി ഡീസല്‍ വിലനിയന്ത്രണം പിന്‍വലിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കരുതിയിരുന്നതാണ്. അന്ന് ഈ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്ത ബിജെപിയാണ് ഇന്നു കേന്ദ്രഭരണത്തിലിരുന്നുകൊണ്ടു വിലനിയന്ത്രണം എടുത്തുകളയുന്നതെന്നതു വിരോധാഭാസം.

പാചകവാതകം, മണ്ണെണ്ണ എന്നിവയുടെയും വിലനിയന്ത്രണം എടുത്തുകളയണമെന്നു വിവിധ കമ്മിറ്റികള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇത്തരം സമിതികള്‍ എണ്ണക്കമ്പനികളുടെ ലാഭനഷ്ടങ്ങളെക്കുറിച്ചു മാത്രമേ പഠനം നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ കമ്പനികള്‍ ലാഭകരമായി നടത്തുന്നതിനുള്ള നിര്‍ദേശങ്ങളാവും അവരുടെ റിപ്പോര്‍ട്ടിലുണ്ടാവുക. ജനങ്ങളുടെമേല്‍ പതിക്കുന്ന ഭാരം അവര്‍ക്കു പ്രശ്നമല്ല. എന്നാല്‍, റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കുന്ന ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വവും ജനങ്ങളെക്കുറിച്ചു ചിന്തിക്കാതിരുന്നാലോ? ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത്തരം തുറന്ന വിപണി പാവപ്പെട്ടവരായ ജനങ്ങളെ എപ്രകാരം ബാധിക്കുമെന്നാണു സര്‍ക്കാര്‍ പ്രധാനമായും ചിന്തിക്കേണ്ടത്.


ഒട്ടെല്ലാ വസ്തുക്കളുടെയും വിലക്കയറ്റത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതു പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയാണ്. എന്നാല്‍, പെട്രോളിയം വില താഴുമ്പോള്‍ അവശ്യവസ്തുക്കള്‍ക്കൊന്നും വില കുറയുന്ന പതിവില്ല. അരിക്കും ഗോതമ്പിനും പഞ്ചസാരയ്ക്കും ഉരുളക്കിഴങ്ങിനും സവോളയ്ക്കും വില കൂടുമ്പോള്‍ അതു തട്ടിമറിക്കുന്നതു സാധാരണക്കാരന്റെ കുടുംബ ബജറ്റാണ്. ബഹുഭൂരിപക്ഷം ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നം കണക്കിലെടുത്താണു പെട്രോളിയം ഉത്പന്നങ്ങള്‍ വന്‍തുക സബ്സിഡി നല്‍കി കുറഞ്ഞ വിലയ്ക്കു നല്‍കിക്കൊണ്ടിരുന്നത്.

ആഗോള എണ്ണ വിപണി നിയന്ത്രിക്കുന്നത് എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കും അമേരിക്ക പോലുള്ള വന്‍ശക്തികളുമാണ്. ക്രൂഡോയില്‍ വില കുത്തനേ കുറയുമ്പോള്‍ ഉത്പാദനം കുറച്ച് വില കൂട്ടാന്‍ ഒപ്പെക് രാഷ്ട്രങ്ങള്‍ ശ്രമിക്കും. ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണയില്‍ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അതിനായാണു വിദേശനാണ്യത്തിന്റെ 75 ശതമാനവും ചെലവഴിക്കുന്നത്. എണ്ണ പര്യവേക്ഷണത്തില്‍ രാജ്യം ഇന്നും ഏറെ പിന്നോക്കാവസ്ഥയിലായതിനാല്‍ ഇതിനൊരു മാറ്റം ഉടനെയെങ്ങും പ്രതീക്ഷിക്കേണ്ടതില്ല. ആഗോളവിപണിയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നമുക്കു യാതൊരുവിധ സ്വാധീനവും ചെലുത്താനാവില്ലതാനും.

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പു വിജയത്തില്‍ ആഹ്ളാദാരവം മുഴക്കുന്ന ബിജെപിയും വിജയപാത തെളിച്ച പ്രധാനമന്ത്രിയും ഇത്തരം ജനകീയ പ്രശ്നങ്ങളില്‍ എന്തു നിലപാടാവും സ്വീകരിക്കുക എന്നാണു ജനം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയവുമായി അധികാരത്തിലേറിയ ബിജെപിക്കു മൂന്നാം മാസത്തിലും നാലാം മാസത്തിലും നടന്ന പല ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇപ്പോള്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും നേടിയ വിജയം ആ പരാജയങ്ങള്‍ക്കുള്ള പകരംവീട്ടലായി കണക്കാക്കിക്കൊണ്ടുതന്നെ, ജനങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ബിജെപിക്കും താന്‍ ജനങ്ങള്‍ക്കു നല്‍കിയ വികസനസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മോദിക്കും കഴിയുമെന്നു പ്രത്യാശിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.