കേരളത്തിന്റെ മദ്യനിരോധനം മാതൃകാപരം: ശ്രീലങ്കന്‍ഗാന്ധി ഡോ. എ.ടി. അരിയരത്ന
Thursday, October 2, 2014 12:22 AM IST
തിരുവനന്തപുരം: സമ്പൂര്‍ണ മദ്യനിരോധനമെന്ന കേരള മോഡല്‍ മാതൃകാപരമാണെന്നു ശ്രീലങ്കന്‍ ഗാന്ധി ഡോ.എ.ടി. അരിയരത്ന. തിരുവനന്തപുരം പ്രസ്ക്ളബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. മാഗ്സെസെ അവാര്‍ഡ് ജേതാവായ അരിയരത്ന 50 വര്‍ഷമായി ശ്രീലങ്കന്‍ സര്‍വോദയ പ്രസ്ഥാനത്തിന്റെ പ്രസിഡന്റാണ്.

മദ്യനിരോധനം ശ്രീലങ്കയിലും നടപ്പാക്കണം എന്നതാണ് തന്റെ ആഗ്രഹം. ലഹരിയുടെ സ്വാധീനം മനുഷ്യസമൂഹത്തിനു ദുരന്തമാണ്. ഒന്നിനോടുള്ള അമിതമായ താത്പര്യം മനുഷ്യനെ ഭ്രാന്തനാക്കും. മതം, രാഷ്ട്രീയം, വര്‍ഗീയത ഇവയെല്ലാം പരിധി കവിഞ്ഞാല്‍ മനുഷ്യനെ അടിമകളാക്കി മാറ്റും.

എല്ലാ യുദ്ധങ്ങളും ഒഴിവാക്കാന്‍ കഴിയുന്നവയാണ്. യുദ്ധങ്ങളില്‍ എന്നും ദുരിതമനുഭവിക്കുന്നവര്‍ നിരപരാധികളായ മനുഷ്യരാണെന്നത് നാം മറന്നുപോകരുത്. സമൂഹം ഇന്നു നേരിടുന്ന വെല്ലുവിളികള്‍ക്കു അഹിംസയിലും ആത്മീയതയിലൂന്നിയ പ്രവര്‍ത്തനത്തിലൂടെയേ പരിഹാരം കാണാനാകൂ. ലോകത്തിലെ സര്‍വചരാചരത്തിനും അനുഗുണമായി വരുന്ന ദര്‍ശനമാണു സര്‍വോദയ പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്.


സാമ്പത്തികമായും രാഷ്ട്രീയമായും അടിസ്ഥാനപരമായ മാറ്റത്തിനു നാം തയാറാകണം. ഒരു പ്രത്യേക സമൂഹത്തിന്റെ പുനരുദ്ധാരണം മാത്രം ലക്ഷ്യമിടുന്ന ഇടുങ്ങിയ കാഴ്ചപാടുകള്‍ക്കു പകരം എല്ലാ മനുഷ്യരുടെയും തുല്യത ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് പുലമണ്‍ ജൂബിലി മന്ദിരത്തില്‍ നടക്കുന്ന ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മ ഡയലോഗ് സെന്ററിന്റെ ഇരുപതാമത് വാര്‍ഷിക പ്രഭാഷണത്തില്‍ പങ്കെടുക്കാനാണ് അരിയരത്ന കേരളത്തിലെത്തിയത്. ഇന്നു നാലിനു നടക്കുന്ന ചടങ്ങില്‍ 'മതാന്തര സംവാദം സമാധാന നിര്‍മിതിക്ക്' എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.