സര്‍ക്കാരിന്റെ 39 മദ്യവില്‍പന കേന്ദ്രങ്ങള്‍ പൂട്ടി
Thursday, October 2, 2014 12:22 AM IST
തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തു ബിവറേജസ് കോര്‍പറേഷന്റെ 34 ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ചു മദ്യവില്‍പനശാലകളും സര്‍ക്കാര്‍ പൂട്ടി.

എക്സൈസ് മന്ത്രി കെ. ബാബുവിന്റെ ഫേസ്ബുക്ക് പേജിലാണു പൂട്ടിയ മദ്യശാലകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്നലെ ഡ്രൈ ഡേ ആയതിനാല്‍ ഔട്ട്ലെറ്റുകള്‍ തുറന്നിട്ടില്ല. ഇന്നും ഡ്രൈ ഡേ ആണ്. ഈ പട്ടികയില്‍പെടാത്ത ഔട്ട്ലെറ്റുകള്‍ മാത്രമേ നാളെ മുതല്‍ തുറക്കുകയുള്ളൂ.

എറണാകുളം -5, തിരുവനന്തപുരം -3, കോട്ടയം -3, ആലപ്പുഴ -2, ഇടുക്കി -4, തൃശൂര്‍ -3, മലപ്പുറം -2, വയനാട് -2, കാസര്‍ഗോഡ് -1, കൊല്ലം -2, പാലക്കാട്-3, കോഴിക്കോട്- 3, കണ്ണൂര്‍ -1 എന്നിങ്ങനെയാണു ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടിയത്. ഇതില്‍ ഏഴ് ഔട്ട്ലെറ്റുകള്‍ പൊതുജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നു നേരത്തേ പൂട്ടിയവയാണ്. ഇതിനു പുറമേ വില്‍പ്പന കുറഞ്ഞ ഔട്ട്ലെറ്റുകളാണു പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പ്രതിദിനം നാലു ലക്ഷം രൂപയെങ്കിലും വരുമാനമില്ലാത്ത ഔട്ട്ലെറ്റകള്‍ ബിവറേജസിനെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്.


പൂട്ടിയ ബിവറേജസ് ഷോപ്പുകള്‍ ജില്ല തിരിച്ച്. തിരുവനന്തപുരം: പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം. കൊല്ലം: തേവലക്കര, ഭരണിക്കാവ്. ആലപ്പുഴ: കളര്‍കോട്, പിച്ചുഅയ്യര്‍. കോട്ടയം: പുളിക്കല്‍ കവല, വാകത്താനം, കൊല്ലപ്പള്ളി. ഇടുക്കി: പാമ്പനാര്‍, കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, മാങ്കുളം. തൃശൂര്‍: മുണ്ടുപാലം, ഗുരുവായൂര്‍, പഴയന്നൂര്‍. മലപ്പുറം: വണ്ടൂര്‍, പരപ്പനങ്ങാടി. വയനാട്: ചേപ്പാട്, പടിഞ്ഞാറേത്തറ. എറണാകുളം: പൂത്തോട്ട, അത്താണി, പേട്ട, കുമ്പളങ്ങി, മുല്ലശേരി കനാല്‍. പാലക്കാട്: പാലക്കാട്, തൃത്താല, പട്ടാമ്പി. കോഴിക്കോട്: മുക്കം, താമരശേരി, കല്ലായി റോഡ്. കണ്ണൂര്‍: ഉളിക്കല്‍. കാസര്‍കോഡ്: കളിക്കടവ്.കണ്‍സ്യൂമര്‍ഫെഡിന്റെ പൂട്ടുന്ന മദ്യവില്പനശാലകള്‍: കുളത്തൂപ്പുഴ, മൂവാറ്റുപുഴ, കോട്ടയം, പീരുമേട്, മേപ്പാടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.