വിനോദയാത്രകള്‍ക്കു നിയന്ത്രണവുമായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്
Thursday, October 2, 2014 12:37 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പഠനത്തോട് അനുബന്ധിച്ചുള്ള വിനോദയാത്രകളില്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നു എന്ന പരാതിയെ തുടര്‍ന്നു വിനോദയാത്രകളില്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

വിനോദയാത്രകളില്‍ സ്ഥിരമായി പോകുന്ന അധ്യാപകരെ ഒഴിവാക്കും. അധ്യാപകരുടെ ഭാഗത്തുനിന്നു വിദ്യാര്‍ഥികളോട് മോശമായ എന്തെങ്കിലും പെരുമാറ്റം ഉണ്ടായെന്നു പരാതി ഉയര്‍ന്നാല്‍ അവരെ സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളാണ് സ്വീകരിക്കുക. ഏതെങ്കിലും വിദ്യാര്‍ഥിയാണു സഹപാഠിയോടു മോശമായി പെരുമാറുന്നതെങ്കില്‍ ആ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്നു പുറത്താക്കും.

വിനോദയാത്രകളില്‍ മോശമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു എന്ന് വിദ്യാര്‍ഥികളില്‍ നിന്നു തന്നെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ നിന്ന് ഉണ്ടായത്.

ചില അധ്യാപകര്‍ സ്ഥിരമായി വിനോദയാത്രകള്‍ക്കു വരുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഇനി ഓരോ വര്‍ഷവും അധ്യാപകരെ മാറിമാറി വിദ്യാര്‍ഥികള്‍ക്കൊപ്പം അയയ്ക്കണമെന്ന നിര്‍ദേശം വന്നത്. വിദ്യാര്‍ഥികള്‍ മാന്യമായ വസ്ത്രധാരണത്തോടെ മാത്രമേ വിനോദയാത്രകളില്‍ പങ്കെടുക്കാവൂ. യാത്ര നാലു ദിവസമായി നിജപ്പെടുത്തണം. ഈ യാത്രകള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിന്നു മുന്‍കൂര്‍ അനുമതിയും വാങ്ങിയിരിക്കണം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആയിരിക്കണം യാത്രകള്‍ ക്രമീകരിക്കേണ്ടത്.


അന്യ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ മറ്റുള്ളവരുമായുള്ള അനാവശ്യ സംഭാഷണങ്ങളും ഫോട്ടോയെടുക്കലും ഒഴിവാക്കണം. വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും യാത്രയില്‍ ഒഴിവാക്കണം. മികച്ച പഠന നിലവാരമുള്ള മേഖലകള്‍ കണ്െടത്തി അത്തരം സ്ഥലങ്ങളിലേയ്ക്കു വേണം പഠനയാത്രകള്‍ നടത്താന്‍. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളില്‍ നിന്നു സമ്മതപത്രം എഴുതിവാങ്ങണം. 15 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു അധ്യാപകന്‍, അധ്യാപിക എന്ന ക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടാകണം. പിടിഎ പ്രതിനിധിയും യാത്രാ സംഘത്തില്‍ ഉണ്ടായിരിക്കണം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികളെക്കൂടി പരിഗണിക്കണം.

യാത്രകഴിഞ്ഞു വിശദമായ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ഒരാഴ്ചയ്ക്കകം റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിനോദയാത്രകളില്‍ അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ഉണ്ടാകുന്ന മോശം അനുഭവത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം നൂറിലേറെ പരാതികളാണു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനു ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.