അന്തര്‍ജില്ലാ കള്ളുകടത്തു പെര്‍മിറ്റ് അനുവദിച്ചതു അര്‍ധരാത്രിയില്‍
Thursday, October 2, 2014 12:24 AM IST
എം.വി. വസന്ത്

പാലക്കാട്: ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന സര്‍ക്കാരിന്റെ മദ്യനയത്തിനു തുരങ്കംവച്ച് അന്തര്‍ജില്ലാ കള്ളുകടത്തു പെര്‍മിറ്റുകള്‍ക്ക് അനുമതി. കണ്ണൂര്‍, തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിലേക്കു പാലക്കാട്ടെ ചിറ്റൂരില്‍നിന്നും അനുവദിച്ചത് എഴുനൂറോളം പെര്‍മിറ്റുകള്‍. പുതിയ കര്‍ശന നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി മാമാങ്കം നടന്നത് അര്‍ധരാത്രിയില്‍.

രണ്ടാഴ്ച മുമ്പാണ് പെര്‍മിറ്റിനു അപേക്ഷ സ്വീകരിച്ചുതുടങ്ങിയതെങ്കിലും ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പെര്‍മിറ്റുകള്‍ അനുവദിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നുവരെ നടപടികള്‍ നീണ്ടു. ഒരു ജില്ലാതല ഉന്നത ഉദ്യോഗസ്ഥന്‍ പെര്‍മിറ്റുകള്‍ക്ക് അനുമതി നല്കേണ്ടതില്ലെന്നു തീരുമാനിച്ചതാണ് നടപടികള്‍ വൈകാന്‍ കാരണമായത്. അപേക്ഷകളില്‍ പലതും അപൂര്‍ണമാണെന്നും തിരസ്കരിക്കേണ്ടതാണെന്നുമുള്ള നിലപാടിലായിരുന്നു ഈ ഉദ്യോഗസ്ഥന്‍. പക്ഷേ, അബ്കാരി ലോബിയുടെ ഇടപെടലുകള്‍ ഇദ്ദേഹത്തെയും ദുര്‍ബലനാക്കി. തുടര്‍ന്നാണ് രാത്രി വൈകി പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ തുടങ്ങിയത്.

മൂന്നു പ്രധാന നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുള്ളത്. ഏതു ജില്ലയിലെ ഏതു ഷാപ്പിനു വേണ്ടിയാണോ കള്ളു കൊണ്ടുപോകുന്നത്, അതിന്റെ പരിധിയില്‍ അമ്പതു തെങ്ങുകള്‍ വൃക്ഷക്കരം അടച്ചു ചെത്തണമെന്നുണ്ട്. ഇതിന്റെ രേഖകള്‍ പെര്‍മിറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അവിടെ ചെത്തുന്നതു തികയാതെ വന്നാല്‍ മാത്രമാണ് പാലക്കാട്ടെ കള്ള് എത്തിക്കാന്‍ അര്‍ഹതയുള്ളത്. ഈ രേഖകള്‍ പലരും സമര്‍പ്പിച്ചിട്ടില്ല.


ചെത്തുന്ന തൊഴിലാളികളുടെയും ഷാപ്പു തൊഴിലാളികളുടെയും വ്യക്തിരേഖയും ക്ഷേമനിധിരേഖയും സമര്‍പ്പിക്കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. ഇതും പാലിക്കപ്പെട്ടില്ല.

തെങ്ങുചെത്തുന്നതിനു തോട്ടം ഉടമ ഷാപ്പു ലൈസന്‍സിക്കു നല്കുന്ന സമ്മതപത്രമാണ് മൂന്നാമത്തേത്. ഈ സമ്മതപത്രവും അപേക്ഷകള്‍ക്കൊപ്പമില്ല. വ്യാജക്കള്ളും സ്പിരിറ്റൊഴുക്കും തടയുന്നതിനു സര്‍ക്കാരാണ് ഈ നിര്‍ദേശങ്ങള്‍ വച്ചത്. പെര്‍മിറ്റ് അനുവദിക്കുന്നതിനു മുമ്പായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചകളിലും ഇക്കാര്യം നടപ്പാക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഒറ്റരാത്രിയില്‍, വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ഇതെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.പുതിയതായി അനുവദിക്കപ്പെട്ട പെര്‍മിറ്റുകളുടെ കണക്കുപ്രകാരം ചിറ്റൂരില്‍നിന്നും അന്യജില്ലകളിലേക്കു കൂടുതല്‍ കള്ളൊഴുകും. അമ്പതുമുതല്‍ എണ്‍പതു ശതമാനത്തോളം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.