നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 133.61 കോടിയുടെ സ്വത്ത്
നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 133.61 കോടിയുടെ സ്വത്ത്
Wednesday, October 1, 2014 12:30 AM IST
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ബുക്ക് വാല്യു പ്രകാരം 133.61 കോടി രൂപയുടെ സ്വത്ത്. ഇതുസംബന്ധിച്ച ബാക്കിപത്രവും റിപ്പോര്‍ട്ടും പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തു ചേര്‍ന്ന പ്രതിനിധി സഭാ യോഗത്തില്‍ അവതരിപ്പിച്ചു പാസാക്കി. പ്രസിഡന്റ് പി.എന്‍.നരേന്ദ്ര നാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡോ.എം.ശശികുമാര്‍ ബാക്കിപത്രവും ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ വിശദീകരണപ്രസംഗം നടത്തി.

എന്‍എസ്എസിന്റെ 2013-14 സാമ്പത്തികവര്‍ഷത്തെ വരവുചെലവു കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സ്റേറ്റ്മെന്റും സമ്മേളനത്തില്‍ പാസാക്കി. മുന്നിരിപ്പ് ഉള്‍പ്പെടെ 90.42 കോടി രൂപ മൊ ത്തം വരവും 66.62 കോടി രൂപ ചെലവും 23.80 കോടി രൂപ നീക്കിയിരിപ്പും 11.22 കോടി രൂപ റവന്യു മിച്ചവുമാണ് ഇന്‍കം ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സ്റേറ്റ്മെന്റില്‍ കാണിച്ചിരിക്കുന്നത്.

കരയോഗ കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ച് കരയോഗങ്ങളെയും നായര്‍ സര്‍വീസ് സൊസൈറ്റിയേയും ശക്തിപ്പെടുത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ബാലന്‍സ് ഷീറ്റ് അവതരണ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശതാബ്ദിവര്‍ഷത്തില്‍ കരയോഗങ്ങളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് താലൂക്ക് യൂണിയനുകള്‍ മുന്‍ഗണന നല്‍കേണ്ടത്. താലൂക്ക് യൂണിയനുകള്‍ വിപുലമായ സമ്മേളനങ്ങള്‍ നടത്തി അമിതചെലവുകള്‍ സൃഷ്ടിക്കരുതെന്നും ദുര്‍വ്യയങ്ങള്‍ ഒഴിവാക്കണമെന്നും ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചു.


എന്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ചുള്ള കര്‍മപദ്ധതികള്‍ പുരോഗമിച്ചു വരികയാണ്. ശതാബ്ദി ഫണ്ടായി 6.34 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനുമാണ് ശതാബ്ദി ആചരണ കര്‍മപദ്ധതിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 കരയോഗങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുമെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

നാലായിരം കരയോഗങ്ങളില്‍ ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചതായും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഗ്രാന്റ് നല്‍കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പെരുന്ന മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പന്തളം ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കറുകച്ചാലില്‍ ഡിഅഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണ്.

കൊട്ടിയത്ത് ലോകോളജ് ആരംഭിച്ചതായും ഗുരുവായൂരില്‍ ഗസ്റ്റ് ഹൌസ് നിര്‍മാണം പൂര്‍ത്തിയായി വരികയാണെന്നും ജനറല്‍സെക്രട്ടറി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.