സ്കൂള്‍ മാനേജര്‍മാരുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി
Wednesday, October 1, 2014 12:46 AM IST
തിരുവനന്തപുരം: അധ്യാപക പാക്കേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ് സ്കൂള്‍ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി. മാനേജര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഇക്കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാമെന്നും മാനേജര്‍മാര്‍ക്കു മന്ത്രി ഉറപ്പു നല്കി.

അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1: 35 എന്ന നിലയില്‍ നടപ്പാക്കണമെന്നാണു പ്രധാനമായും മാനേജര്‍മാര്‍ ആവശ്യപ്പെട്ടത്. 2006 മുതല്‍ 2011 വരെ തടസപ്പെടുത്തിയിട്ടുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്കുക, പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ ക്ളാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുക, സ്കൂളുകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ് സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും മാനേജര്‍മാര്‍ ഉന്നയിച്ചു. നിലവിലുള്ള വിദ്യാര്‍ഥി- അധ്യാപക അനുപാതത്തില്‍ മാറ്റം വരുത്തി സ്പെഷലിസ്റ് അധ്യാപകരെ നിലനിര്‍ത്തണമെന്ന ആവശ്യവും ഉന്നയിച്ചു.


ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, 2013-14 വര്‍ഷം നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്കുക, അവധി നിയമനങ്ങള്‍ക്ക് അംഗീകാരം നല്കുക തുടങ്ങിയ കാര്യങ്ങളും മാനേജര്‍മാര്‍ ഉന്നയിച്ചു.

വിവിധ കോര്‍പറേറ്റ് മാനേജ്മെന്റുകളെ പ്രതിനിധീകരിച്ച് ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, ഇടുക്കി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസ് കരിവേലില്‍, നാസര്‍ എടരിക്കോട്, വല്‍സന്‍ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.