അടിയന്തര വൈദ്യസഹായത്തിനു ബൈക്ക് ആംബുലന്‍സെത്തും
അടിയന്തര വൈദ്യസഹായത്തിനു ബൈക്ക് ആംബുലന്‍സെത്തും
Wednesday, October 1, 2014 12:39 AM IST
കോഴിക്കോട്: ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്കുന്നതിനുള്ള ഓട്ടോമാറ്റിക് എക്സ്റേണല്‍ ഡിഫിബ്രിലേറ്റര്‍(എഇഡി) സംവിധാനമുള്ള സൌജന്യ ബൈക്ക് ആംബുലന്‍സുമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ രംഗത്ത്. രാജ്യത്ത് ആദ്യമായാണ് എഇഡി സംവിധാനമുള്ള ബൈക്ക് ആംബുലന്‍സ് സേവനം നടപ്പാക്കുന്നത്. 'ഫസ്റ് റെസ്പോണ്ടന്റ്' എന്നുപേരിട്ടിരിക്കുന്ന സംരംഭത്തിനു കഴിഞ്ഞ ദിവസം തുടക്കമായി. സൌജന്യമായി നടപ്പാക്കുന്ന പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ബൈക്ക് ആംബുലന്‍സുകള്‍ തുടങ്ങാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

ആവശ്യമായ സാഹചര്യത്തില്‍ രോഗിക്ക് ഓക്സിജന്‍ നല്‍കാനുള്ള സജ്ജീകരണം അടങ്ങുന്ന ബൈക്ക് ഓടിക്കുക എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പരിശീലനം ലഭിച്ചയാളാണ്. എല്ലാവിധ അടിയന്തര രോഗഘട്ടങ്ങളും അനായാസേന കൈകാര്യം ചെയ്യാന്‍ ഇയാള്‍ക്കാകും. പത്തു പേരുള്‍പ്പെട്ട സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന പള്‍സ് ഓക്സിമീറ്റര്‍, രക്തസമ്മര്‍ദം അളക്കാനുള്ള ഉപകരണമായ ബിപി അപ്പാരറ്റസ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ഉപകരണമായ ഗ്ളൂക്കോമീറ്റര്‍, പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ മരുന്നും മറ്റു സാമഗ്രികളുമടങ്ങിയ ഫസ്റ് എയ്ഡ് കിറ്റ്, നട്ടെല്ല്, കഴുത്ത് എന്നിവിടങ്ങളില്‍ പരുക്കു പറ്റിയവരെ സുരക്ഷിതമായി താങ്ങാനുള്ള ഉപകരണമായ ഹാഫ് സ്പൈന്‍ ബോര്‍ഡ്, കഴുത്തിനു പരിക്കു പറ്റിയയാള്‍ ധരിക്കുന്ന സി കോളര്‍, പരിക്കേറ്റയാള്‍ക്ക് വായിലുണ്ടായേക്കാവുന്ന ഛര്‍ദ്ദി, രക്തം തുടങ്ങിയവ വലിച്ചെടുക്കുന്നതിനുള്ള പോര്‍ട്ടബിള്‍ സക്ഷന്‍ തുടങ്ങിയവയും ബൈക്ക് ആംബുലന്‍സില്‍ സജ്ജമാക്കിയിട്ടുണ്ട്.


നഗരത്തിലെ പത്തു കിലോമീറ്റര്‍ പരിധിയിലാണു സൌജന്യ ബൈക്ക് ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കുക. 9747200002 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ സേവനം ലഭിക്കും. പ്രകൃതി ദുരന്തങ്ങളിലും മറ്റു ഗുരുതരമായ ഗതാഗത തടസമുണ്ടാകുന്ന അപകടങ്ങളിലും അപകടസ്ഥലത്തും ആംബുലന്‍സുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ബൈക്ക് ആംബുലന്‍സുകള്‍ക്കു നിഷ്പ്രയാസം എത്തിച്ചേരാനാകും. ഇടുങ്ങിയ വഴികളുള്ള വാസസ്ഥലങ്ങളിലേക്കും ഗതാഗതക്കുരുക്ക് മറികടന്നും ബൈക്ക് ആംബുലന്‍സിനെത്താനാകും. ലോകഹൃദയദിനമായ 29നു സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ബൈക്ക് ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.