പൂജാരിയുടെ വെട്ടേറ്റു പോലീസുകാരനു ഗുരുതര പരിക്ക്
പൂജാരിയുടെ വെട്ടേറ്റു പോലീസുകാരനു ഗുരുതര പരിക്ക്
Wednesday, October 1, 2014 12:36 AM IST
വടകര: ആയഞ്ചേരിക്കടുത്ത് വള്യാട് ക്ഷേത്രത്തില്‍ മനോനില തെറ്റി അക്രമാസക്തനായ പൂജാരിയെ കീഴ്പെടുത്താനെത്തിയ പോലീസുകാരനു വെട്ടേറ്റു. വടകര പോലീസ് സ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണൂര്‍ സ്വദേശി അശോകനാണ് (42) പരിക്കേറ്റത്. വാള്‍കൊണ്ടു വലതുകൈക്കു വെട്ടേറ്റ അശോകനെ വടകര സഹകരണാശുപത്രിയില്‍ അടിയന്തര ശസത്രക്രിയക്കു വിധേയനാക്കി. രണ്ടു വിരലുകളുടെ ഞരമ്പ് മുറിഞ്ഞ നിലയിലാണ്.

വള്യാട് പെരുവശേരി ഭഗവതി ക്ഷേത്രത്തിലെ പൂജാരി കര്‍ണാടക കാര്‍വാര്‍ സ്വദേശി രാംഭട്ടാണ് (30) ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്ക് അശോകനെ വെട്ടിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും പൂജാരിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണു സംഭവം. മണിക്കൂറുകള്‍ കഴിഞ്ഞു രാവിലെ ആറോടെയാണ് ഇയാളെ കീഴ്പ്പെടുത്താനായത്.

തിങ്കളാഴ്ച രാത്രി പൂജാദി കര്‍മങ്ങള്‍ക്കു ശേഷം ശ്രീകോവില്‍ അടക്കാന്‍ കൂട്ടാക്കാതെ ഇനിയും പൂജകളുണ്െടന്നു പറഞ്ഞു പൂജാരി അകത്തു തന്നെ നില്‍ക്കുകയായിരുന്നു. നില്‍പ് മണിക്കൂറുകള്‍ നീണ്ടപ്പോള്‍ അടക്കാന്‍ ആവശ്യപ്പെട്ട ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കു നേരേ ക്ഷേത്രത്തിലെ വാള്‍ ചുഴറ്റുകയാണ് ഇയാള്‍ ചെയ്തത്. ദേവി ആവാഹിച്ചെന്നു പറഞ്ഞ് ഇരുകൈകളിലും വാളേന്തി ഉറഞ്ഞുതുള്ളുകയായിരുന്നു. ദിവസങ്ങളായി മനോവിഭ്രാന്തി പ്രകടിപ്പിച്ചതിനാല്‍ ക്ഷേത്രക്കമ്മിറ്റി ഭാരിവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളുടെ അച്ഛന്‍ വെങ്കിട്ട രമണ കര്‍ണാടകയില്‍നിന്നു വള്യാട്ടെത്തിയിരുന്നു. ഇദ്ദേഹവും ബന്ധുവും അഭ്യര്‍ഥിച്ചിട്ടും ശാന്തനാവാന്‍ കൂട്ടാക്കാതെ അടുത്തെത്തുന്നവര്‍ക്കു നേരേ വാള്‍ വീശി. പുലര്‍ച്ചെ രണ്േടാടെയാണു വടകര സ്റേഷനില്‍നിന്ന് അശോകനടക്കമുള്ള പോലീസ് സംഘം വള്യാട്ടെത്തുന്നത്. ഇതിനു മുമ്പെത്തിയ ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിയെങ്കിലും വാതിലിന്റെ മറവില്‍ മാറി നിന്നു പൂജാരി രക്ഷപ്പെട്ടു. ശ്രീകോവിലില്‍ കയറിയ അശോകന്‍ ഇയാളുടെ വലതുകൈയില്‍നിന്നു വാള്‍ ബലം പ്രയോഗിച്ചു വാങ്ങി കീഴ്പ്പെടുത്തുന്നതിനിടയില്‍ ഇടതുകൈയിലെ നീളമേറിയ വാള്‍കൊണ്ടു വെട്ടുകയായിരുന്നു. ഇടങ്കയ്യനായ രാംഭട്ട് മൂന്നു തവണ വാള്‍ വീശി.


അശോകനെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയ ശേഷം അന്തരീക്ഷം വഷളാവുമെന്നു കണ്ടതോടെ ആളുകളോടു പിന്മാറാന്‍ ആവശ്യപ്പെട്ടു. പിന്നീടു നാട്ടുകാര്‍ ഹെല്‍മെറ്റും സുരക്ഷാസംവിധാനവുമൊക്കെ ഒരുക്കി ശ്രീകോവിലില്‍ കയറി രാംഭട്ടിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയിലും ക്ഷേത്രത്തിലെ കത്തിയും വിളക്കുമെടുത്തു നാട്ടുകാര്‍ക്കു നേരേ വീശി. കന്നഡക്കാരനായതിനാല്‍ ഭാഷാപ്രശ്നവുമുണ്ടായി. രാവിലെ ഇയാളെ ബന്ധിച്ചു പോലീസ് ലോക്കപ്പിലടച്ചു. ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ വള്യാട് ക്ഷേത്രത്തില്‍ പൂജക്കെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.