അരാഷ്ട്രീയബോധം യുവജനങ്ങളെ ഗ്രസിക്കരുതെന്നു കെ.എം.മാണി
അരാഷ്ട്രീയബോധം യുവജനങ്ങളെ ഗ്രസിക്കരുതെന്നു കെ.എം.മാണി
Wednesday, October 1, 2014 12:36 AM IST
കോട്ടയം: അരാഷ്ട്രീയബോധം യുവജനങ്ങളെ ഗ്രസിക്കരുതെന്നും സാമൂഹ്യ രാഷ്ട്രീയ ബോധ്യമുള്ളവരായി യുവജനസമൂഹം മാറണമെന്നും കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ധനമന്ത്രി കെ.എം.മാണി. കേരള കോണ്‍ഗ്രസ് -എം സുവര്‍ണജൂബിലിയോടനുബന്ധിച്ചു യൂത്ത് ഫ്രണ്ട് -എം നേതൃത്വത്തില്‍ നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.എം.മാണി. രാഷ്ട്രീയം ഒരു സേവനരംഗമാണ്, മറിച്ച് അധികാരത്തിന്റെ ചവിട്ടുപടിയായി രാഷ്ട്രീയത്തെ യുവജനങ്ങള്‍ കാണരുത്. എവിടെ അനീതി ഉണ്ടാകുന്നുവോ, നീതി നിഷേധിക്കപ്പെടുന്നുവോ അവിടെ മുന്നിട്ടിറങ്ങാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും കെ.എം.മാണി പറഞ്ഞു.

സ്വാശ്രയ കേരളമാണ് ഇന്നു നമുക്ക് ആവശ്യം. സംരംഭക സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ നമുക്കു കഴിയണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി നല്‍കുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ യുവജനങ്ങള്‍ക്കു കഴിഞ്ഞാല്‍ നമുക്കു ആവശ്യമുള്ള എല്ലാം ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി മാണി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയ്ക്കു പൊളിച്ചെഴുത്തുണ്ടാകണം. കൂടുതല്‍ ഫെഡറലിസത്തോടുകൂടിയുള്ള പുതിയ ഭരണഘടനയാണു നമുക്കുണ്ടാകേണ്ടത്.സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും പണവും ലഭിക്കുന്ന സാഹചര്യമുണ്ടാകണം. ഇതിനായി സ്പെഷല്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണം.

ഇന്ത്യന്‍ ഫെഡറലിസത്തിനു ആഴവും പരപ്പും നല്‍കിയതിനു പുറമേ പ്രാദേശിക രാഷ്ടീയത്തിനും മുന്നണി രാഷ്ടീയത്തിനും തുടക്കം കുറിച്ചതും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടപ്പില്‍ രണ്ടര ലക്ഷം പേര്‍ കേരളത്തില്‍ നോട്ടയ്ക്ക് അനുകൂലമായി വോട്ടുചെയ്തതു വേദനാകരമാണ്. രാഷ്ട്രീയ അരാജകത്വമാണ് ഇതില്‍ പ്രതിഫലിക്കുന്നത് - കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.


കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ശതാബ്ദിയിലേക്കു നയിക്കേണ്ടത് യുവജനങ്ങളാണെന്നും കേരളത്തിലെ യുവജനങ്ങളിലാണ് കേരളത്തിന്റെയും കേരള കോണ്‍ഗ്രസിന്റെയും ഭാവിയെന്നും ആമുഖ പ്രസംഗം നടത്തിയ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി എംപി പറഞ്ഞു.

യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ്, കേരള കോണ്‍ഗ്രസ് -എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എംഎല്‍എ, ചീഫ് വിപ്പും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ പി.സി. ജോര്‍ജ്, ജോയ് ഏബ്രഹാം എംപി, എംഎല്‍എമാരായ ടി.യു കുരുവിള, തോമസ് ഉണ്ണിയാടന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റിന്‍, എന്‍.ജയരാജ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് നേതാക്കളായ ആന്റണി രാജു, പി.ടി.ജോസ്, തോമസ് ചാഴികാടന്‍, ഇ.ജെ ആഗസ്തി, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മൈക്കിള്‍ ജയിംസ്, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി 14 ജില്ലകളില്‍ നിന്നെത്തിയ കാല്‍ലക്ഷത്തോളം യുവജനങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ പ്രകടനവും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.