ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിഗണിക്കും: കേന്ദ്രമന്ത്രി
Wednesday, October 1, 2014 12:35 AM IST
കൊച്ചി: ഇപിഎഫ് പെന്‍ഷന്‍കാര്‍ക്കു സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിരക്ഷ നല്‍കണമെന്ന ആവശ്യം തൊഴില്‍മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജി.എം. സിദ്ധേശ്വര. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ തുക 1,000 രൂപയാക്കിയതിന്റെ പ്രഖ്യാപനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മുഖ്യപ്രഭാഷണത്തിനിടെ മന്ത്രി ഷിബു ബേബി ജോണാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ ഉയര്‍ച്ചയാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണു മിനിമം പെന്‍ഷന്‍ തുക ആയിരമാക്കിക്കൊണ്ടുള്ള നടപടി. കേരളത്തില്‍ ഇപിഎഫ് പെന്‍ഷനുള്ള 3.26 ലക്ഷം പേരില്‍ 2.55 ലക്ഷം പേര്‍ക്ക് ഇത് ആശ്വാസമാകും. വര്‍ധിപ്പിച്ച പെന്‍ഷന്‍ തുക അടുത്ത മാസം മുതല്‍ ബാങ്ക് അക്കൌണ്ടില്‍ എത്തും.


ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന റീജണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ ആരിഫ് ലോഹാനി, കൊച്ചി റീജണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ എന്‍. ഗോപാലകൃഷ്ണന്‍, റീജണല്‍ കമ്മിറ്റി അംഗങ്ങളായ സി.ജെ. ജോസഫ്, അഡ്വ.എബി കുര്യാക്കോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.