മുഖപ്രസംഗം: പ്ളാസ്റിക് മാലിന്യവിമുക്ത കേരളത്തിനു തുടക്കമാകട്ടെ
Wednesday, October 1, 2014 11:13 PM IST
പ്ളാസ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിനായി ഈ ഗാന്ധിജയന്തിനാളില്‍ സംസ്ഥാനം പ്ളാസ്റിക് ശേഖരണ ദിനം ആചരിക്കുന്നു. കുറേ ഒരുക്കങ്ങള്‍ക്കുശേഷം സംസ്ഥാന ഗവണ്‍മെന്റ് കൊണ്ടുവരുന്നതാണ് ഈ പദ്ധതി. വീടുകളില്‍നിന്നു പ്ളാസ്റിക് ശേഖരിക്കുക മാത്രമല്ല, അവ റീസൈക്കിള്‍ ചെയ്യുന്നതിനടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ പോലുള്ളവയുടെയും സഹകരണത്തോടെ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി നടപ്പാക്കുന്ന ഈ പദ്ധതി വിജയമാകേണ്ടതു നാടിന്റെ ആവശ്യമാണ്.

ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് സന്ദേശത്തോടുകൂടി ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പരിപാടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഒരുപടി മുന്നിലുള്ള കേരളം നേരിടുന്ന വെല്ലുവിളി പ്രാഥമിക ശുചീകരണ രംഗത്തല്ല; വളര്‍ച്ചയുടെ ഫലമായി നഗരങ്ങളിലും ഗ്രാമങ്ങളിലും അടിഞ്ഞുകൂടുകയും ജനം വലിച്ചെറിയുകയും ചെയ്യുന്ന മാലിന്യങ്ങളും ചപ്പുചവറുകളും അവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നിടത്താണ്.

സാമ്പത്തികവളര്‍ച്ചയും നാഗരികജീവിതവുമാണ് അവശിഷ്ടങ്ങളുടെയും മാലിന്യങ്ങളുടെയും കൂമ്പാരങ്ങള്‍ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടാക്കുന്നതും അവ മാലിന്യമലകളായും വിഷപ്പുഴകളായും മാറ്റുന്നതും. അമിതമായ ഉപഭോഗഭ്രമവും അവശിഷ്ടം വലിച്ചെറിയുന്ന ശൈലിയും പ്രശ്നങ്ങള്‍ ശതഗുണീഭവിപ്പിക്കുന്നു. ജീവിതം പ്രകൃതിയോടിണക്കിയാല്‍ ഈ പ്രശ്നത്തിന്റെ വലിയ വിപത്തുകളില്‍നിന്നു രക്ഷപ്പെടാം. ശരിയായ മാര്‍ഗം അതാണെന്നറിയാമെങ്കിലും ആരും അതിലേക്കു മാറുന്നില്ല. ഉപഭോഗതൃഷ്ണ നമ്മെ അത്രമേല്‍ കീഴ്പ്പെടുത്തിയിരിക്കുന്നു. പ്രകൃതിജീവനമെന്നത് ഉത്തരവു വഴി നടപ്പാക്കാന്‍ പറ്റുന്നതല്ലല്ലോ. അത് ഓരോ വ്യക്തിയും സ്വമനസാലെ സ്വീകരിക്കേണ്ട ജീവിതശൈലിയാണ്.

ആ നിലയ്ക്കു വികസനത്തിന്റെ ഉപോത്പന്നമായ മാലിന്യക്കൂമ്പാരങ്ങള്‍ ഉണ്ടാകുമെന്ന് അംഗീകരിച്ചുകൊണ്ട് അവയെ ജനങ്ങള്‍ക്കു ദോഷകരമാകാതെ സംസ്കരിക്കുകയോ നീക്കം ചെയ്യുകയോ ആണു വേണ്ടത്. അതാണു സംസ്ഥാന ഗവണ്‍മെന്റ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനായി 'ക്ളീന്‍ കേരള കമ്പനി ലിമിറ്റഡ്' എന്നൊരു കമ്പനിതന്നെ സര്‍ക്കാര്‍ രൂപവത്കരിച്ചുകഴിഞ്ഞു. ഈ കമ്പനി നഗരസഭകളോടും തദ്ദേശഭരണ സ്ഥാപനങ്ങളോടും ചേര്‍ന്നു മാലിന്യ സംസ്കരണത്തിനു വിവിധങ്ങളായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷനുമായി സഹകരിച്ചു തുടങ്ങിക്കഴിഞ്ഞു. മറ്റു നഗരങ്ങളിലും പദ്ധതികള്‍ തയാറാക്കിവരുകയാണ്.


വിവിധ തരം അവശിഷ്ടങ്ങളും മാലിന്യങ്ങളുമാണു നാം തെരുവിലേക്കും ചവറുകൂനകളിലേക്കും വലിച്ചെറിയുന്നത്. അലക്ഷ്യമായ ഈ വലിച്ചെറിയല്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ വലുതാണ്. മാലിന്യങ്ങള്‍ അവയുടെ സ്രോതസില്‍ത്തന്നെ വേര്‍തിരിച്ചു ശേഖരിച്ച് അവ തുടര്‍ന്നു കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലെത്തിക്കുകയാണ് ഇതിനു പരിഹാരം. ജൈവ, പ്ളാസ്റിക്, ലോഹ അവശിഷ്ടങ്ങള്‍ വെവ്വേറെ ശേഖരിച്ചാല്‍ അവയുടെ സംസ്കരണം എളുപ്പമാകും. ജൈവമാലിന്യങ്ങള്‍ വളമായി മാറ്റാന്‍ മാര്‍ഗങ്ങള്‍ സുലഭമാണ്. ഇതിനു ചെറിയതോതിലുള്ള പൈപ്പ് കമ്പോസ്റ് മുതല്‍ വലിയ ബയോഗ്യാസ് പ്ളാന്റുകള്‍, ഓര്‍ഗാനിക് വേസ്റ് കണ്‍വേര്‍ട്ടറുകള്‍ തുടങ്ങിയവ വരെ ഇന്നുണ്ട്. വഴിയിലേക്കു വലിച്ചെറിഞ്ഞു ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം പിടിച്ച് അണുജീവികള്‍ പെരുകിയ ശേഷമല്ല അവ സംഭരിക്കേണ്ടതെന്നു മാത്രം. ആയിരത്തോളം ടണ്‍ പ്ളാസ്റിക് മാലിന്യമാണു കേരളം ഓരോ വര്‍ഷവും ഉണ്ടാക്കുന്നതെന്നാണു കണക്ക്.

പ്ളാസ്റിക് ഇപ്പോള്‍ റീസൈക്കിള്‍ ചെയ്യാന്‍ ഫലപ്രദമായ സംവിധാനങ്ങളുണ്ട്. കേരളത്തിലെ ആദ്യത്തെ പ്ളാസ്റിക് പ്രോസസിംഗ് പ്ളാന്റ് ഈയാഴ്ച കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. ഒരു ദിവസം അഞ്ചു ടണ്‍ പ്ളാസ്റിക് സംസ്കരിക്കാന്‍ ശേഷിയുള്ള പ്ളാന്റാണത്.

ഇതോടൊപ്പം നഗരങ്ങളില്‍ ഇന്‍സിനറേറ്ററുകളം ആവശ്യമുണ്ട്. ആശുപത്രികളില്‍നിന്നുള്ള അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യാന്‍ അവ കൂടിയേ കഴിയൂ.

കുറേ വര്‍ഷങ്ങളിലെ മാലിന്യപ്രശ്നങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊണ്ടാണു സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ സംരംഭം. പണം നല്‍കി പ്ളാസ്റിക് മാലിന്യം വാങ്ങുക എന്ന ആശയം പുതുമയുള്ളതാണ്. ഇതിനു വ്യാപകമായ ജനകീയ പങ്കാളിത്തം ഉണ്ടാക്കാനുള്ള ശ്രമം അഭിനന്ദനീയവുമാണ്. എന്നാല്‍, ഇതു കേവലം ഒരു ദിനാചരണമായി മാറാതിരിക്കണം. പ്ളാസ്റിക് ശേഖരണം സ്ഥിരമായും ക്രമമായും നടക്കണം. അതിനു ക്രമീകരണം ഉണ്ടാകണം. കടകളിലും വീടുകളിലും ഫ്ളാറ്റ് സമുച്ചയങ്ങളിലുംനിന്നു പ്ളാസ്റിക് വേര്‍തിരിച്ചു ശേഖരിക്കുന്നതിനും ഏര്‍പ്പാടുണ്ടാക്കണം. പ്ളാസ്റിക് വീണു നിറഞ്ഞു വെള്ളച്ചാലുകളും അഴുക്കുചാലുകളും അടയുന്നതു തടയാനും അതു സഹായിക്കും. പല നഗരങ്ങളും പട്ടണങ്ങളും ഒറ്റ മഴയ്ക്കുതന്നെ വെള്ളക്കെട്ടിലാകുന്നത് ഈ പ്ളാസ്റിക് നിക്ഷേപങ്ങള്‍ മൂലമാണ്. അവ ഇല്ലാതാക്കി പ്ളാസ്റിക് മാലിന്യവിമുക്തമായ ഒരു കേരളത്തിന് ഈ ഗാന്ധിജയന്തി നാളില്‍ തുടക്കമാകട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.