മാനിഷാദ അഹിംസ സന്ദേശയാത്രയ്ക്ക് 25നു തുടക്കം
മാനിഷാദ അഹിംസ സന്ദേശയാത്രയ്ക്ക് 25നു തുടക്കം
Tuesday, September 23, 2014 12:19 AM IST
കാസര്‍ഗോഡ്: ജീവനെ ഹനിക്കുന്ന പ്രവണതകള്‍ക്കെതിരേ സമൂഹമനഃസാക്ഷിയുണര്‍ത്താന്‍ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല മാനിഷാദ അഹിംസ സന്ദേശയാത്ര 25നു കാസര്‍ഗോട്ടുനിന്ന് ആരംഭിക്കും. യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

25ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കാസര്‍ഗോഡ് പുതിയ ബസ് സ്റാന്‍ഡ് പരിസരത്തും പഴയ ബസ് സ്റാന്‍ഡ് പരിസരത്തും തെരുവുനാടകവും ഒപ്പുശേഖരണവും നടക്കും. മൂന്നിനു മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലേക്കു സ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എന്‍സിസി, എന്‍എസ്എസ്, നഴ്സിംഗ് സ്കൂള്‍, വിദ്യാര്‍ഥികള്‍, വിവിധ ക്ളബ്-സന്നദ്ധസംഘടന പ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ജീവന്‍ രക്ഷാ മെഗാറാലി. 3.30നു നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ഫാ.ഡേവിസ് ചിറമ്മല്‍ വിഷയാവതരണം നടത്തും. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിക്കും. ജീവകാരുണ്യപ്രവര്‍ത്തകരായ സായിറാം ഭട്ട്, ചാക്കോച്ചന്‍ (സ്നേഹഭവന്‍, പള്ളിക്കര), അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ക്കു ചടങ്ങില്‍ ജീവന്‍രക്ഷാ അവാര്‍ഡ് സമ്മാനിക്കും. നൂറിലേറെ സംഘടനകളുടെ പിന്തുണയോടെയാണു യാത്ര നടത്തുന്നത്. യാത്രാസംഘത്തില്‍ 40 പേരുണ്ടാകും. ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് ചിറമ്മലച്ചന്‍ യാത്രയിലുടനീളം പങ്കെടുക്കുക. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും. ചിലയിടങ്ങളില്‍ അത്തരം വീടുകളിലാണ് ഫാ. ചിറമ്മല്‍ അന്തിയുറങ്ങുന്നത്. കൊലപാതകത്തിനു കാരണം അന്വേഷിക്കുകയോ പ്രതികളെ ശകാരിക്കുകയോ യാത്രയുടെ ലക്ഷ്യമല്ലെന്നും രാഷ്ട്രീയ കൊലയ്ക്കിരയായവരുടെ ഭവനങ്ങള്‍ സന്ദര്‍ശനപ്പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടുണ്െടന്നും ഭാരവാഹികള്‍ പറഞ്ഞു.


കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി സാന്ത്വനമേകുന്ന ഫാ. ചിറമ്മല്‍ അവിടെ സ്നേഹമരം നടുകയും മരിച്ചവരുടെ കാരിക്കേച്ചര്‍ വരച്ചു കുടുംബാംഗങ്ങള്‍ക്കു സമര്‍പ്പിക്കുകയും ചെയ്യും. കാസര്‍ഗോഡ് ജില്ലയിലെ ബോവിക്കാനം ബഡ്സ് സ്കൂള്‍, ചായ്യോത്ത് സ്നേഹഭവന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. ഓരോ ജില്ലയിലും രണ്ടു ദിവസമെങ്കിലും തങ്ങും. യാത്ര നവംബര്‍ ഒന്നിനു തിരുവനന്തപുരത്ത് സമാപിക്കും.

യാത്രയോടെ ദൌത്യം അവസാനിക്കുന്നില്ലെന്നും തുടര്‍പ്രവര്‍ത്തനങ്ങളും നിരീക്ഷണങ്ങളുമുണ്ടാകുമെന്നും മാനിഷാദ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫാ.മാണി മേല്‍വെട്ടം, ജനറല്‍ കണ്‍വീനര്‍ എം.കെ.രാധാകൃഷ്ണന്‍, അഷ്റഫ് നാല്‍ത്തടുക്ക, ഇ.ചന്ദ്രശേഖരന്‍, വി.ഡി.ജോസഫ്, ശശിധരന്‍ എന്നിവര്‍ പറഞ്ഞു.

റിക്കാര്‍ഡ് സ്ഥാപിക്കാന്‍ കൈയൊപ്പു കാന്‍വാസ്

മാനിഷാദ യാത്രയ്ക്കിടെ ആയിരം മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ പതിനായിരക്കണക്കിനാളുകള്‍ അഹിംസയുടെ കൈയൊപ്പു ചാര്‍ത്തും. കാന്‍വാസില്‍ മുദ്ര പതിപ്പിക്കാനും ഒപ്പുവയ്ക്കാനും എല്ലാവര്‍ക്കും അവസരമുണ്ടാകും. ചോര ചിന്താന്‍ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനവുമായുള്ള കൈയൊപ്പുകള്‍ ലോക റിക്കാര്‍ഡാകും. ഏറ്റവുമധികംപേര്‍ കൈയൊപ്പ് പതിപ്പിച്ച ഏറ്റവും വലിയ കാന്‍വാസ് എന്ന നിലയിലാണ് ഇതു ലോക റിക്കാര്‍ഡ് ആവുക. ചുരുള്‍ രൂപത്തില്‍ സൂക്ഷിക്കാവുന്ന കാന്‍വാസ് അലംകൃതമായ പിക്കപ്പ് വാനില്‍ ഓരോ കേന്ദ്രങ്ങളിലുമെത്തിക്കും. കാന്‍വാസ് പിന്നീട് ഗ്ളാസ് പേടകത്തിലാക്കി ന്യൂഡല്‍ഹിയിലെ മ്യൂസിയത്തില്‍ സൂക്ഷിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.