പ്രസവരംഗം ചിത്രീകരിച്ച സംഭവം: ഡോക്ടര്‍മാര്‍ മുങ്ങി
Tuesday, September 23, 2014 12:33 AM IST
പയ്യന്നൂര്‍: യുവതിയുടെ പ്രസവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നു പയ്യന്നൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരില്‍നിന്നു പോലീസും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീനയും ഇന്നലെ മൊഴിയെടുത്തു. ആശുപത്രിയിലെ രണ്ടു നഴ്സുമാരില്‍ നിന്നും രണ്ട് അറ്റന്‍ഡര്‍മാരില്‍ നിന്നുമാണു മൊഴിയെടുത്തത്. ആരോപണവിധേയരായ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരും ഇന്നലെ ഡ്യൂട്ടിക്കു ഹാജരായിരുന്നില്ല. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്.

പരാതിക്കാരിയായ ഉദിനൂര്‍ സ്വദേശിനിയുടെ വീട്ടിലെത്തിയും ഡിഎംഒ മൊഴി ശേഖരിച്ചു. സിഐ കെ. സുശീല്‍ കുമാര്‍, എസ്ഐ കെ. സനല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസുകാരുടെ മൊഴിയെടുക്കല്‍. യുവതിക്കു പ്രസവസമയത്ത് അനസ്തേഷ്യ നല്കിയ ഡോക്ടറെ തേടി തളിപ്പറമ്പ് തൃച്ചംബരത്തെ ഇദ്ദേഹത്തിന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്െടത്താനായില്ല.

ഡോക്ടര്‍മാര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് ഇന്നുമുതല്‍ വേറൊരു ഗൈനക്കോളജിസ്റ്റിനെ ആശുപത്രിയില്‍ നിയോഗിച്ചതായി ഡിഎംഒ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരു അനസ്തറ്റിസ്റിന്റെ സേവനവും ലഭ്യമാക്കും. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രി ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തതെന്നും ഡിഎംഒ പറഞ്ഞു.

കഴിഞ്ഞ ജൂലൈ 18 നു രാവിലെ 11ന് കന്നിപ്രസവത്തില്‍ മൂന്നു കുട്ടികള്‍ക്കു ജന്മം നല്കിയ യുവതിയുടെ പ്രസവമാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. കഴിഞ്ഞദിവസം ഒരു സ്വകാര്യചാനല്‍ ഇതു പ്രക്ഷേപണം ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതെത്തുടര്‍ന്നു ഉത്തരവാദികളായ ഡോക്ടര്‍മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ സംഘടിച്ചെത്തിയതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.


പ്രസവ സമയത്തു ലേബര്‍റൂമിലുണ്ടായിരുന്ന മൂന്നു ഡോക്ടര്‍മാരുടെയും നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള നാലു ജീവനക്കാരുടെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പയ്യന്നൂരിലെ ആശുപത്രികളില്‍ ഇതിനു മുമ്പും പ്രസവരംഗം ചിത്രീകരിച്ച സംഭവങ്ങള്‍ ഉണ്ടായതായി പറയുന്നുണ്ട്. പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചിത്രീകരിച്ച പ്രസവരംഗമാണ് ഇതിനു മുമ്പ് പ്രചരിച്ചിരുന്നത്. 2011 മേയ് 22 നായിരുന്നു ഇത് നവമാധ്യങ്ങളില്‍ പ്രചരിച്ചത്. ഡോക്ടറുടെ മുഖം ഇതില്‍ വ്യക്തമായി പതിഞ്ഞിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്ന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. താലൂക്ക് ആശുപത്രിയിലെ സംഭവം വിവാദമായതോടെ ഇതേക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പയ്യന്നൂരിലെ ഒരു സ്വകാര്യആശുപത്രിയുമായി ബന്ധപ്പെട്ട് നവജാതശിശു വില്പന നടന്ന വിവരം പുറത്തുവന്നത് അടുത്തകാലത്താണ്. ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതിനിടയിലാണ് പ്രസവരംഗം ചിത്രീകരിച്ച സംഭവം വിവാദമായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.