ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വികാരം നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാവില്ല: പിണറായി
ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വികാരം നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാവില്ല: പിണറായി
Tuesday, September 23, 2014 12:31 AM IST
തലശേരി: പക മനുഷ്യമനസുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണെന്നും ബിജെപി- ആര്‍എസ്എസ് അക്രമത്തില്‍ പിതാവിനെയും സഹോദരനെയും ഭര്‍ത്താവിനെയും ഉള്‍പ്പെടെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വികാരത്തെയാകെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മനുഷ്യനു മനുഷ്യന്റേതായ വികാരങ്ങളുണ്ട്. അവരുടെയെല്ലാം വികാരം പലതരത്തിലാണ്. അച്ഛനെ നഷ്ടപ്പെട്ടവരും മക്കളെ നഷ്ടപ്പെട്ടവരും അമ്മാവനെ നഷ്ടപ്പെട്ടവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ വിഷമം ആര്‍എസ്എസുകാര്‍ക്കുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തകരെ കൊന്നതിനെല്ലാം പ്രതികാരം ചെയ്യുകയല്ല സിപിഎം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ സിപിഎം തലശേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനോജിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു യാതൊരു ബന്ധവുമില്ല. സിപിഎം പ്രവര്‍ത്തകരെ ഇതുവരെയായി കൊന്നൊടുക്കിയതിന് ആര്‍എസ്എസ് അധിപന്‍ മാപ്പുപറയണം. ഞങ്ങളിനി കമ്യൂണിസ്റുകാരെ ആക്രമിക്കില്ലായെന്നും കഴിഞ്ഞ കാലത്തു സംഭവിച്ചതെല്ലാം തെറ്റായിപ്പോയെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറയാന്‍ ആര്‍എസ്എസ് തയാറാകുമോയെന്നും പിണറായി ചോദിച്ചു. അങ്ങനെയൊരു നിലപാടു സ്വീകരിക്കാന്‍ ബിജെപിയും ആര്‍എസ്എസും തയാറല്ലെന്നതിന്റെ തെളിവാണു ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് തലശേരിയില്‍ സമാധാനത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അതേവേദിയില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മറുത്തുപറഞ്ഞത്. മനോജിന്റെ കൊലപാതകം സര്‍ക്കാര്‍ ഗൌരവമായി കൈകാര്യം ചെയ്യണം.


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആര്‍എസ്എസിന്റെ ശിപായി പണിയാണു ചെയ്യുന്നത്. ആര്‍എസ്എസിനു വേണ്ടി ഒരു ആഭ്യന്തരവകുപ്പ് തന്നെ രൂപം കൊണ്ടിരിക്കുകയാണ്. കേരള പോലീസ് അന്വേഷിക്കുന്ന കൊലപാതക കേസ് സിബിഐക്കു വിടുമെന്നു പറഞ്ഞ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാണോ. ഈ കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും സിപിഎമ്മിനു പ്രശ്നമല്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഒന്നേകാല്‍ മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ ഒരു മണിക്കൂര്‍ സമയവും പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ 2014 വരെ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ വിശദാംശങ്ങളാണു പിണറായി വിശദീകരിച്ചത്. പുഞ്ചയില്‍ നാണു അധ്യക്ഷത വഹിച്ചു. കോടിയേരി ബാലകൃഷ്ണന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.