സാമൂഹ്യനീതി വകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി മഹിളാകോണ്‍ഗ്രസ്
Tuesday, September 23, 2014 12:30 AM IST
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കണമെന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ് വകുപ്പിലുള്ളതെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിലെ ഡോ.എം.കെ. മുനീറാണു സാമൂഹ്യനീതി വകുപ്പി ന്റെ മന്ത്രി. കേരളത്തിലെ കുടുംബങ്ങളില്‍ മദ്യം വരുത്തിവയ്ക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചു പഠിക്കാന്‍ സിപിഎമ്മിന്റെ കടലാസു സംഘടനയായ സ്ത്രീപഠന കേന്ദ്രത്തിന്റെ 86 ലക്ഷം രൂപയുടെ നിര്‍ദേശം അംഗീകരിച്ച് 43 ലക്ഷം രൂപ അനുവദിച്ച വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കൌമാരക്കാരായ പെണ്‍കുട്ടികളുടെ പ്രശ്നത്തെപ്പറ്റി പഠിക്കാന്‍ നല്‍കിയ അംഗീകാരവും പരിശോധിക്കേണ്ടതുണ്ട്. യാതൊരു നിയമവും പാലിക്കാതെ സംഘടനയ്ക്ക് തുക നല്‍കിയ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു.

സാധാരണ ഉപഭോക്താക്കളെ സാരമായി ബാധിക്കാത്തതിനാല്‍ വെള്ളക്കരം കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ല. നികുതിവര്‍ധന ഏതു നിലയ്ക്കായാലും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പക്ഷേ ധാരാളം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനു ഫണ്ട് സ്വരൂപിക്കേണ്ടതുണ്ട്. ഇതിനോട് എല്ലാവരും പൂര്‍ണമായി സഹകരിക്കണം. നികുതി വര്‍ധനയ്ക്കെതിരായ സിപിഎമ്മിന്റെ സമരം ജനാധിപത്യ വിരുദ്ധമാണ്. വെള്ളക്കരം 100 ശതമാനം കൂട്ടിയവരാണ് 50 ശതമാനം വര്‍ധനയ്ക്കെതിരേ പ്രതിഷേധിക്കുന്നതെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു. അതേസമയം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിക്രയവിക്രയത്തിനുള്ള രജിസ്ട്രേഷന്‍ ഫീസും സ്റാമ്പ് ഡ്യൂട്ടിയും കൂട്ടിയ നടപടി ശരിയല്ല. വര്‍ധിപ്പിച്ച ഫീസ് ഒഴിവാക്കണം. മദ്യനിരോധനത്തിനുവേണ്ടി മുറവിളി കൂട്ടിയവരടക്കം അതിന്റെ പ്രായോഗികതയെപ്പറ്റി സംശയം ഉന്നയിക്കുന്നതു നല്ല തല്ല. എല്ലാവരും ഒന്നിച്ചുനിന്ന് മദ്യനിരോധനത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട സമയത്ത് ഇത്തരം ചര്‍ച്ചകള്‍ ഒരുവശത്തു നടക്കുന്നത് ആശങ്കാജനകമാണ്. സമ്പൂര്‍ണ മദ്യ നിരോധനം സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടപ്പിലാകുന്ന കാര്യമല്ല. ജനങ്ങളും സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കണം.


മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടിനു തുടര്‍ ന്നും പിന്തുണ നല്‍കും. ഇതിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തില്‍ മദ്യനിരോധനവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തില്‍ സെമിനാറും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ആദിവാസി സ്ത്രീകളിലെ മദ്യപാനത്തിനെതിരെ ബോധവത്കരണം നടത്തും. നിര്‍ഭയ പദ്ധതി കുറ്റമറ്റ രീതിയില്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും ഷീ ടോയ്ലറ്റ് പദ്ധതി പരാജയമാകാന്‍ കാരണമായ ഏജന്‍സികളെ കരിമ്പട്ടികയില്‍പെടുത്തി പുതിയ ഏജന്‍സികളെ ചുമതലപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.