കുട്ടിക്കടത്ത്: അനാഥാലയങ്ങളുടെ വിശദവിവരം ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കുട്ടിക്കടത്ത്: അനാഥാലയങ്ങളുടെ വിശദവിവരം ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Tuesday, September 23, 2014 12:25 AM IST
കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് അനാഥാലയങ്ങളുടെ വിശദ വിവരങ്ങള്‍ ഹാജരാക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പാലക്കാട്ടെ ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണു നിര്‍ദേശം.

ഇതു സംബന്ധിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ആവശ്യപ്പെട്ടു. ഹര്‍ജി മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.


കഴിഞ്ഞ മേയ് 24നു ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി 456 കുട്ടികളെ പാറ്റ്ന-എറണാകുളം എക്സ്പ്രസില്‍ സംസ്ഥാനത്ത് എത്തിച്ചതുമായി ബന്ധപ്പെട്ടാണു ഹര്‍ജി. പാലക്കാട് റെയില്‍വേ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാല്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.