മാവോയിസ്റ് സാന്നിധ്യം സഗൌരവം നിരീക്ഷിക്കുന്നതായി ചെന്നിത്തല
മാവോയിസ്റ് സാന്നിധ്യം സഗൌരവം നിരീക്ഷിക്കുന്നതായി ചെന്നിത്തല
Tuesday, September 23, 2014 12:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളിലെ മാവോയിസ്റ് സാന്നിധ്യം സര്‍ക്കാര്‍ ഗൌരവമായിക്കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനെതിരേ ശക്തമായ നടപടികളെടുക്കുമെന്നും ഇന്നലെ പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ പോലീസിനു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്തു പലയിടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിനനുസരിച്ചു പോലീസും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മാവോയിസ്റ് സാന്നിധ്യമുള്ള മേഖലകളില്‍ കൂടുതല്‍ വികസനമെത്തിക്കാന്‍ പദ്ധതി തയാറാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങളോടു പോലീസ് മാന്യമായി പെരുമാറണമെന്നു കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരാണെങ്കില്‍ പോലും സ്റേഷനില്‍ വരുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കണം. ജനങ്ങളുമായി ഇടപെടുന്നത് സംയമനത്തോടെ വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്ളേഡ് മാഫിയയ്ക്കെതിരേ ആഭ്യന്തര വകുപ്പ് നടത്തിയ ഓപ്പറേഷന്‍ കുബേര വന്‍ വിജയമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ കുബേരയിലൂടെ എടുത്ത കേസുകളില്‍ മേല്‍നടപടികള്‍ സ്വീകരിക്കും. ഇന്നു കേരളത്തില്‍ ബ്ളേഡ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് എസ്പിമാരുടെ റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം നടപ്പാക്കുമ്പോള്‍ വ്യാജ മദ്യത്തിന്റേയും സ്പിരിറ്റിന്റേയും ഒഴുക്ക് തടയാനും ഡിസ്റിലറികളില്‍ ഉത്പാദനത്തിന്റെ അളവ് കൂട്ടാനുമുള്ള നീക്കങ്ങളെ തടയും. അതിര്‍ത്തികളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. മദ്യലഭ്യത കുറയുമ്പോള്‍ മയക്കുമരുന്നിന്റെ വ്യാപനം തടയാന്‍ ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി ശക്തിപ്പെടുത്തും. ജില്ലാതലത്തിലും സ്കൂള്‍, കോളജ് തലത്തിലും മോണിട്ടറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും.


പോലീസിനു ജനങ്ങളുമായുള്ള അകലം കുറയ്ക്കുന്നതിനു ജനമൈത്രി പോലീസ്, സ്റുഡന്റ് പോലീസ് എന്നിവ ശക്തിപ്പെടുത്തും. ശബരിമല തീര്‍ഥാടകര്‍ക്കു കൂടുതല്‍ സൌകര്യമൊരുക്കും.

പോലീസിനെതിരായ പരാതികള്‍ ഉണ്ടാകുമ്പോള്‍ അതു പരിശോധിച്ചു കുറ്റക്കാരനെന്നു കണ്െടത്തിയാല്‍ നടപടിയെടുക്കും. പോലീസിന്റെ ആത്മവീര്യം നഷ്ടപ്പെടുത്തുന്ന നടപടികള്‍ അംഗീകരിക്കില്ല. പോലീസുകാര്‍ക്കെതിരായ വകുപ്പുതല നടപടികളില്‍ തീരുമാനമെടുക്കാന്‍ മേഖലാ എഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും അധികാരം നല്‍കിയതായും ചെന്നിത്തല പറഞ്ഞു. ജന മൈത്രി പോലീസിലെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാനും ഹോംഗാര്‍ഡുമാരുടെ ശമ്പളമടക്കമുള്ള പ്രശ്നങ്ങള്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തു പുതിയ വനിതാ ബറ്റാലിയന്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പുതുതായി 60 എസ്ഐമാരേയും 260 വനിതാ പോലീസിനേയും സേനയിലേക്കു റിക്രൂട്ട് ചെയ്യും. ഭാവിയില്‍ കോണ്‍സ്റബിള്‍ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പരിഗണനയാവും നല്‍കുക. കൊല്ലം റൂറല്‍, തൃശൂര്‍ റൂറല്‍ പോലീസ് ജില്ലകള്‍ക്ക് എആര്‍ ക്യാമ്പിന്റെ സേവനം ലഭ്യമാക്കും. സംസ്ഥാനത്തെ ക്രമസമാധാന നില, കുറ്റകൃത്യങ്ങള്‍ എന്നിവ ഉന്നതതലയോഗം അവലോകനം ചെയ്തു. ക്രമസമാധാനനില ഭദ്രമെന്നാണു വിലയിരുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.