മുഖം മിനുക്കി ജനകീയമാക്കാന്‍ സിപിഎം
മുഖം മിനുക്കി ജനകീയമാക്കാന്‍ സിപിഎം
Tuesday, September 23, 2014 12:22 AM IST
പ്രേംകുമാര്‍

തിരുവനന്തപുരം: സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ ഇനി ഒന്‍പതുനാള്‍ അവശേഷിക്കേ നഷ്ടപ്പെടുന്നുവെന്നു തോന്നിത്തുടങ്ങിയ ജനകീയ മുഖം വീണ്െടടുക്കാന്‍ പാര്‍ട്ടി തയാറെടുക്കുന്നു. സിപിഎമ്മിനെ ഗ്രസിച്ചിരുന്ന വിഭാഗീയതയ്ക്കു വിരാമമിട്ടുവെന്നു കരുതുന്ന പാര്‍ട്ടി നേതൃത്വം ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ തന്ത്രങ്ങളുമായി അങ്കത്തിനൊരുങ്ങുകയാണ്.

പലപ്പോഴും സിപിഎം പലതരം ജനകീയ സര്‍വേകള്‍ നടത്തുന്ന താണ്. എന്നാല്‍, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു മുന്നോടിയായി ഇപ്പോള്‍ സിപിഎം നടത്തുന്ന സര്‍വേയില്‍ സാമുദായിക വിഷയങ്ങള്‍ ഇടംപിടിച്ചതു വിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. വരുന്ന രണ്ടു പ്രധാന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള നീക്കങ്ങളാണ് ഈ സര്‍വേയ്ക്കു പിന്നില്‍. പ്രധാനമായും അഞ്ചു ജില്ലകളിലെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഈ സര്‍വേയുടെ പ്രത്യേക ലക്ഷ്യം.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണു സിപിഎം സംഘടനാപരമായി കൂടുതല്‍ സമ്മര്‍ദത്തിലായത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ദേശീയ തലത്തില്‍ സിപിഎമ്മിനെ ക്ഷീണിപ്പിച്ചെങ്കിലും കേരളത്തിലെ പാര്‍ട്ടിയെ അങ്കലാപ്പിലാക്കിയിരിക്കുന്നത് ഇവിടെ ബിജെപിക്കു വോട്ടു കൂടിയതാണ്.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായിനിന്ന രണ്ടു പ്രമുഖ സമുദായങ്ങള്‍ സംസ്ഥാനത്തു ബിജെപിയുമായി അടുക്കാന്‍ തുടങ്ങിയതു കാര്യങ്ങള്‍ കുഴപ്പത്തിലേക്കു നീങ്ങുന്നുവെന്ന സൂചനയാണു പാര്‍ട്ടിക്കു നല്‍കുന്നത്. എസ്എന്‍ഡിപിയും കേരള പുലയ മഹാസഭയും നിര്‍ണായക ശക്തികളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിപ്രായപ്പെട്ടതു സിപിഎമ്മിനു നിസാരമായി കാണാനാകില്ല.

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതു വ്യക്തമായ ലക്ഷ്യത്തോടെയാണെന്നു സിപിഎമ്മിനും കോണ്‍ഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. അമിത്ഷായും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും എസ്എന്‍ഡിപി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായ വിവിരം കഴിഞ്ഞ ദിവസങ്ങളിലാണു പുറത്തുവന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്റെ ശ്രമഫലമായിരുന്നു കൂടിക്കാഴ്ച. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ കൂടിക്കാഴ്ചയുടെ ഫലം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണു ബിജെപി.


ഇവിടെയാണു സിപിഎമ്മിനു ഭയം. ബിജെപിക്കു നേട്ടമുണ്ടായാല്‍ അതിന്റെ നഷ്ടം സിപിഎമ്മിനാകുമെന്നുള്ളതു വ്യക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ എസ്എന്‍ഡിപി ബിജെപിയെ സഹായിച്ചുവെന്ന് അവര്‍ക്കു ലഭിച്ച വോട്ടിന്റെ വര്‍ധന നോക്കിയാല്‍ വ്യക്തമാകും. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണു സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ പ്രത്യേക പഠനം നടത്താന്‍ സിപിഎം തീരുമാനിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഈ പ്രത്യേക സര്‍വേ.

ഈ ജില്ലകളില്‍ ബിജെപിക്കുള്ള സ്വാധീനം മനസിലാക്കുന്നതോടൊപ്പം വിവിധ സമുദായങ്ങളുടെ ശേഷിയും പരിശോധിക്കും. ഈ അഞ്ചു ജില്ലകളിലും ഭൂരിപക്ഷ സമുദായങ്ങള്‍ക്കാണു ശക്തി കൂടുതല്‍. ഈ ജില്ലകളില്‍ സിപിഎമ്മിനു പരമ്പരാഗതമായി ലഭിച്ചുവന്നിരുന്ന ഹിന്ദു വോട്ടുകള്‍ക്കു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചോര്‍ച്ച സംഭവിച്ചു. ഈഴ വ സമുദായത്തിന്റെ വോട്ടുകളാ ണു ഗണ്യമായി കുറഞ്ഞത്. കൊല്ലത്ത് ഈഴവ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് എന്‍.കെ. പ്രേമചന്ദ്രനാണ്.

ബിജെപി സ്ഥാനാര്‍ഥി ദുര്‍ബലനായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണു സിപിഎം കണ്െടത്തിയത്. ന്യൂനപക്ഷത്തിന്റെ സംരക്ഷകരെന്നു പറയുകയും ഭൂരിപക്ഷത്തിന്റെ വോട്ടുവാങ്ങി അധികാരത്തിലെത്തുകയും ചെയ്തിരുന്ന സിപിഎമ്മിന് ഇനി അധികനാള്‍ അങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നു ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു.

ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍ കേന്ദ്രീകരിക്കുകയും ഭൂരിപക്ഷവോട്ടുകളില്‍ വിള്ളലുണ്ടാകുകയും ചെയ്യുന്നതു പാര്‍ട്ടിക്കു തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. ഈ സാഹചര്യത്തില്‍ ജനപക്ഷ പരിപാടികളുമായി ഭൂരിപക്ഷ സമുദായത്തിനിടയില്‍ വേരുറപ്പിക്കുകയാണു സിപിഎം ലക്ഷ്യമിടുന്നത്.

ഇ.കെ. നായനാരുടെ പേരിലുള്ള പാലീയേറ്റീവ് കെയര്‍ പദ്ധതി അഞ്ചു ജില്ലകളിലും ശക്തിപ്പെടുത്താനാണു സിപിഎം തീരുമാനം. ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനെ മാത്രമല്ല സിപിഐയെയും ദോഷമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയെ എങ്ങനെ പ്രതിരോധിക്കാനാകുമെന്നത് ഇരുപാര്‍ട്ടികളുടെയും സമ്മേളനങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.