മുഖപ്രസംഗം: കാലടിയില്‍ സമാന്തര പാലം ഒട്ടും വൈകരുത്
Tuesday, September 23, 2014 11:35 PM IST
കേരളത്തിലെ റോഡ് ഗതാഗതത്തിന്റെ പ്രധാന ധമനികളിലൊന്നാണു മെയിന്‍ സെന്‍ട്രല്‍ (എംസി) റോഡ്. നിരവധി നദികള്‍ക്കു കുറുകെ കടന്നുപോകുന്ന ഈ ദീര്‍ഘവീഥിയിലെ പ്രധാന പാലങ്ങളിലൊന്നാണു ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലുള്ളത്. അസംഖ്യം ആളുകള്‍ അനുദിനം യാത്രയ്ക്കും ചരക്കുനീക്കത്തിനും ആശ്രയിക്കുന്ന സുപ്രധാന പാതയിലാണു നാനൂറു മീറ്റര്‍ നീളമുള്ള കാലടിപ്പാലം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാനപാത കൂടിയാണിത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഈ പാലത്തില്‍ വലിയൊരു വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചെറിയ വാഹനങ്ങള്‍ മാത്രമേ ഇപ്പോള്‍ ഈ പാലത്തിലൂടെ കടത്തിവിടുന്നുള്ളൂ. ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണിപ്പോള്‍ പെരിയാറിന്റെ ഇരുകരകളിലേക്കും പോകുന്നത്. ചെറിയ ഇടറോഡുകളും മറ്റും യാത്രക്കാര്‍ കുറുക്കുവഴി ആക്കുന്നതുമൂലം ഈ മേഖലയില്‍ വലിയ ഗതാഗതതടസങ്ങളും ട്രാഫിക് കുരുക്കുകളും ഉണ്ടാകുന്നു. പതിനഞ്ചു ദിവസത്തിനകം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്. പാലത്തിനു താഴെ താത്കാലിക കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാനുള്ള പണികള്‍ ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ ഐഐടി സംഘം ഇന്നലെ പാലം സന്ദര്‍ശിച്ചിരുന്നു.

കാലടിപ്പാലത്തിനു ബലക്ഷയമുണ്െടന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്. ഇവിടെ ഒരു സമാന്തര പാലം വേണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. കാലടിയില്‍ സമാന്തര പാലത്തിന്റെയും അതിന്റെ അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനു സര്‍വേ നടപടികള്‍ പൂര്‍ത്തിയായെന്നും ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നുമാണു പൊതുമരാമത്തു മന്ത്രി പറയുന്നത്. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനെ സംബന്ധിച്ചു ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട്. അത്തരം പ്രശ്നങ്ങള്‍ ഉടനേ പരിഹരിക്കണം. ഇങ്ങനെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാകരുത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു കാലടിടൌണില്‍നിന്നു പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തു കോണ്‍ക്രീറ്റ് അടര്‍ന്നുവീണു വിള്ളല്‍ രൂപപ്പെട്ടത്. പാലത്തിലൂടെ കടന്നുപോയ ഒരു മോട്ടോര്‍ ബൈക്കും കാറും ഈ വിള്ളലില്‍ വീണു. നാട്ടുകാര്‍ ചേര്‍ന്നാണ് അവ പൊക്കിയെടുത്തു മാറ്റിയത്. നാട്ടുകാര്‍ ഗതാഗതം നിയന്ത്രിച്ച് ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ടെങ്കിലും പിന്നീടുണ്ടായ സമരവേലിയേറ്റത്തില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇത്തരം അവസരങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സത്വരമായ ഇടപെടല്‍ ഉണ്ടാവേണ്ടതും, അപ്രതീക്ഷിതമായുണ്ടായ ഗതാഗത തടസം പരിഹരിക്കാന്‍ തീവ്രശ്രമം നടത്തേണ്ടതുമായിരുന്നു. അതുണ്ടായില്ല. വിള്ളല്‍ വീണ ഭാഗത്ത് ഇതിനിടെ ചില സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പാര്‍ട്ടികളോരോന്നിന്റെയും പ്രകടനങ്ങള്‍, വാഗ്വാദങ്ങള്‍, ആരോപണ-പ്രത്യാരോപണങ്ങള്‍ തുടങ്ങി ഹര്‍ത്താല്‍ വരെ അരങ്ങേറി. ഒരു യാത്രാദുരിതത്തെ നേരിടാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടുപിടിച്ച വഴികളായിരുന്നു ഇതെല്ലാം. പാലത്തില്‍ ശവമഞ്ചമൊരുക്കിയും റീത്തു സമര്‍പ്പിച്ചുമെല്ലാം രാഷ്ട്രീയക്കാര്‍ മത്സരിച്ചു കലാപ്രകടനം നടത്തി. പാലത്തിന്റെ പേരില്‍ എത്രമാത്രം രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നതായിരുന്നു പ്രതിഷേധക്കാരുടെയെല്ലാം നോട്ടം. ഒരു പൊതുപ്രശ്നത്തോടു കേരളത്തിലെ രാഷ്ട്രീയക്കാര്‍ പുലര്‍ത്തുന്ന മനോഭാവം വ്യക്തമാക്കുന്നതായിരുന്നു അവിടെ നടന്ന സംഭവങ്ങള്‍.


കാലടിപ്പാലത്തിനു സമാന്തര പാലം നിര്‍മിക്കുന്നതിനു 2012 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ 42 കോടി രൂപ അനുവദിച്ചതാണ്. രണ്ടു പ്രതിപക്ഷ എംഎല്‍എമാരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണു പാലം നിര്‍മാണത്തിന്റെ മുന്നോട്ടുള്ള നടപടികള്‍ മന്ദഗതിയിലായത്. നിലവിലുള്ള അലൈന്‍മെന്റ് അനുസരിച്ച് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിച്ചാല്‍ ഈ മേഖലയില്‍ രൂക്ഷമായ ഗതാഗതതടസം ഉണ്ടാകുമെന്നാണ് അവരുടെ നിലപാട്. പ്രശ്നത്തില്‍ ഒരു സമവായമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പാലത്തില്‍ വിള്ളല്‍ ഉണ്ടാവുകയും ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തിലെങ്കിലും പുതിയ പാലത്തിന്റെ കാര്യത്തില്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ധാരണയിലെത്തണം. പ്രാദേശികമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ഇതുവഴി ദിവസേന കടന്നുപോകുന്ന പതിനായിരക്കണക്കിനാളുകള്‍ ഈ ദിവസങ്ങളില്‍ നേരിടുന്ന യാത്രാക്ളേശംകൂടി കണക്കിലെടുക്കണം. റോഡുകളുടെ ദുരവസ്ഥമൂലം മധ്യകേരളത്തിലെ ജനങ്ങളുടെ യാത്രാദുരിതം ഈ ദിവസങ്ങളില്‍ ഏറെ വര്‍ധിച്ചിരിക്കുകയാണ്. പൊതുവേ എല്ലായിടത്തും ട്രാഫിക് തടസം പതിവായിരിക്കുന്നു. കാലടിപ്പാലത്തിലെ പ്രശ്നംകൂടിയായപ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായി.

ഞായറാഴ്ച ആലുവ പാലസില്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗത്തില്‍, കാലടിയില്‍ നടന്നുവന്ന പ്രതിഷേധസമരങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. അതോടെ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ സജീവമായിട്ടുണ്ട്. കോണ്‍ക്രീറ്റ് അടര്‍ന്നുപോയ ഭാഗം നന്നാക്കുന്നതോടൊപ്പം പാലത്തിന്റെ മൊത്തത്തിലുള്ള ബലക്ഷയം കണക്കിലെടുത്തുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. രണ്ടു വര്‍ഷം മുമ്പു തയാറാക്കിയ എസ്റ്റിമേറ്റില്‍ സമാന്തര പാലത്തിന്റെ പണി പൂര്‍ത്തിയാക്കാനാവില്ല. എസ്റിമേറ്റ് പുതുക്കി നിശ്ചയിച്ചും അപ്രോച്ച് റോഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ചും മറ്റും നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചും കാലടിയിലെ സമാന്തരപാലം എത്രയും വേഗം സാക്ഷാത്കരിക്കണം. സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ ഈ സുപ്രധാന ധമനിയിയില്‍ തടസം നീണ്ടുനില്‍ക്കാന്‍ അനുവദിക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.