ഷിജുവും കുടുംബവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു നന്ദി അറിയിച്ചു
ഷിജുവും കുടുംബവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു നന്ദി അറിയിച്ചു
Monday, September 22, 2014 12:09 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: അബുദാബി ജയിലില്‍നിന്നു മോചിതനായി നാട്ടിലെത്തിയ കടമക്കുടി പിഴല സ്വദേശി ഷിജു മാനുവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിലെത്തി നന്ദി അറിയിച്ചു. മയക്കുമരുന്നു മാഫിയയുടെ ചതിയില്‍പ്പെട്ടു ജയിലിലായ ഷിജുവിന്റെ നിരപരാധിത്വം അബുദാബി അധികൃതരെ ബോധ്യപ്പെടുത്തി മോചനം സാധ്യമാക്കിയതു മുഖ്യമന്ത്രിയുടെ ശ്രമഫലമായിരുന്നു. വിദേശത്തേക്ക് ഇനി തിരിച്ചു പോകാന്‍ താല്‍പര്യമില്ലെന്നു ഷിജു മുഖ്യമന്ത്രിയെ അറിയിച്ചു. ഷിജുവിന്റെ ജോലിക്കാര്യത്തില്‍ സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അമ്മ ജാന്‍സി മാനുവല്‍, സഹോദരന്‍ ജോഷി, ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്തംഗം അലക്സ് മണവാളന്‍, ആക്ഷന്‍ കൌണ്‍സില്‍ അംഗം എസ്.എ. തോമസ് എന്നിവരും ഷിജുവിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ 24നാണു ഷിജുവിനെ അബുദാബി ജയിലില്‍നിന്നു മോചിതനാക്കിയത്. പിന്നീടു പാസ്പോര്‍ട്ടും യാത്രാരേഖകളും ലഭിക്കാന്‍ രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഷിജുവിന്റെ യാത്രാ ടിക്കറ്റടക്കമുള്ള മറ്റു ചെലവുകളും സംസ്ഥാന സര്‍ക്കാരാണു വഹിച്ചത്.


ജൂണ്‍ 18ന് അബുദാബി വിമാനത്താവളത്തിലാണു കബളിപ്പിക്കപ്പെട്ടു ഹെറോയിനുമായി ഷിജു പിടിയിലാകുന്നത്. പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞു നാട്ടിലെത്തിയ ഷിജു മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം അബുദാബിയിലേക്കു തിരിച്ചുപോകുമ്പോള്‍ ചേരാനല്ലൂര്‍ സ്വദേശി കൊടുത്തുവിട്ട പായ്ക്കറ്റിലാണു ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിലെ പരിശോധനയിലാണു പായ്ക്കറ്റില്‍ മയക്കുമരുന്നാണെന്ന വിവരം ഷിജു അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ടു പ്രധാന പ്രതികള്‍ പിടിയിലായതോടെയാണു ഷിജുവിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.