സംസ്ഥാനത്തു വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ലാബുകള്‍ വ്യാപകം
Monday, September 22, 2014 12:21 AM IST
റിച്ചാര്‍ഡ് ജോസഫ്


തിരുവനന്തപുരം: സംസ്ഥാനത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ചു വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ലാബുകള്‍ വ്യാപകം. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പടരുന്നതിനു കാരണമാകുന്ന തരത്തില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ലാബുകളും ഹോട്ടലുകളുമുണ്െടന്നാണ് പരിശോധനയില്‍ കണ്െടത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇത്തരം പരിശോധനകള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ലാബുകളെ നിയന്ത്രിക്കുന്നതിനു മതിയായ സംവിധാനങ്ങളില്ലെന്നതാണ് വസ്തുത. ഇത് ഇത്തരം ലാബുകള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ എടുക്കുന്നതിന് തടസമാകുന്നുണ്ട്. ലാബുകള്‍ക്കെതിരേയുള്ള നടപടികള്‍ കര്‍ശനമാക്കാത്തത് ഇത്തരം സ്ഥാപനങ്ങള്‍ പെരുകുന്നതിനും കാരണമാകുന്നുണ്ട്.

മഞ്ഞപ്പിത്തം അടക്കം പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യത്തിലാണു മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കുന്നില്ലെന്നും മാലിന്യ സംസ്കരണത്തിനു സംവിധാനം ഇല്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമായിരുന്നു.

സിറിഞ്ചുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കാതിരിക്കുന്നതും കാലാവധി കഴിഞ്ഞ റീഏജന്റുകള്‍ ഉപയോഗിക്കുന്നതും രോഗകാരണമാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ലബോറട്ടറികള്‍, ദന്താശുപത്രികള്‍, ദന്തല്‍ ക്ളിനിക്കുകള്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ കൂടുതലായും വീഴ്ചവരുത്തുന്നതായി കണ്െടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 120 സ്ഥാപനങ്ങളില്‍ ഗുരുതര വീഴ്ച കണ്െടത്തിയതിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയിട്ടുണ്ട്. 1121 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 2000 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 24 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.


ലാബുകള്‍ കൂടാതെ ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്ററുകള്‍, സോഡാകമ്പനികള്‍, റസ്റോറന്റുകള്‍ എന്നിവയിലും പരിശോധന നടത്തിയിരുന്നു. അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച 159 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 2984 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. അടച്ചുപൂട്ടിയവയില്‍ 108 എണ്ണം ഹോട്ടലുകളാണ്. 17കൂള്‍ ബാറുകളും 10 ബേക്കറികളും നാല് കാറ്ററിംഗ് സെന്ററുകളും നാല് സോഡാഫാക്ടറികളും ഒരു ഐസ് ഫാക്ടറിയും ഇതില്‍ ഉള്‍പ്പെടും.

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും അനുബന്ധമരണങ്ങളും ക്രമാതീതമായി ഉയരുന്ന സാഹചര്യം ആരോഗ്യവകുപ്പിനു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 2010എ ടൈപ്പ് മഞ്ഞപ്പിത്തമാണ് റിപ്പോര്‍ട്ടു ചെയ്തത്. അതില്‍ നാലുപേര്‍ മരണമടഞ്ഞു. ബി ടൈപ്പ് 890 എണ്ണം റിപ്പോര്‍ട്ട് ചെയ്തതില്‍ ഒമ്പത് മരണം സംഭവിച്ചു. 52 സി ടൈപ്പ് റിപ്പോര്‍ട്ട് ചെയ്തതില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇ ടൈപ്പ് 22 ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ യോഗ്യതയില്ലാത്ത ജീവനക്കാരുമായി ഇപ്പോഴും ലാബുകള്‍ നടത്തുന്നുണ്െടന്നാണു വിവരം. ചെറുകിട സ്വകാര്യ ആശുപത്രികളും മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്നുണ്െടന്ന് ആരോഗ്യവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാക്കടയ്ക്കു സമീപം സ്വകാര്യ ആശുപത്രിക്കുപിന്നില്‍ ഉപയോഗിച്ച സിറിഞ്ചും സൂചിയും 14 ചാക്കുകളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്െടത്തിയിരുന്നു. ഇത് തമിഴ്നാട്ടിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അവിടെയെത്തിച്ചു വീണ്ടും പുതിയ പാക്കുകളില്‍ കേരളത്തിലേക്കു തിരിച്ചെത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.