നികുതിവര്‍ധന: ഇടതുസംഘം ഗവര്‍ണറെ കാണും
നികുതിവര്‍ധന: ഇടതുസംഘം ഗവര്‍ണറെ കാണും
Monday, September 22, 2014 12:05 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന നികുതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഇടതുനേതാക്കള്‍ ഗവര്‍ണറെക്കണ്ടു നിവേദനം നല്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികനികുതി നിഷേധം അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് ഈ മാസം 29 നു തുടക്കമാകും. 29, 30 തീയതികളില്‍ പ്രാദേശിക തലത്തില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ അധികനികുതി പ്രഖ്യാപനത്തിനെതിരേ പ്രതിഷേധസമരങ്ങള്‍ നടത്തും. ഒക്ടോബര്‍ എട്ടിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റ് പടിക്കലും ജനകീയ കൂട്ടായ്മ നടത്തും.

11 മുതല്‍ 18 വരെ ഒരാഴ്ച വീടുകള്‍ തോറും കയറി പാര്‍ട്ടി പ്രവ ര്‍ത്തകര്‍ പുതിയനികുതി നയത്തിന്റെ അപകടത്തെക്കുറിച്ചു ജന ങ്ങളെ ബോധവത്കരിക്കും. ഒക്ടോബര്‍ 20 മുതല്‍ 30 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും നികുതിദായകരുടെ യോഗംവിളിച്ച് അധികനികുതി നല്കില്ലെന്ന പ്രഖ്യാപനം നടത്തും.


സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുവച്ച നികുതിനിര്‍ദേശം പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്നതുപോലെയാണ്. വന്‍കിടക്കാരില്‍ നിന്ന് 500 കോടി രൂപ കുടിശിക പിരിച്ചെടുക്കാതെ സാധാരണക്കാരനെ ദ്രോഹിക്കുകയാണ്. അധികനികുതി പിരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം കേരളജന തയ്ക്കു നേരേയുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരേ രാഷ്ട്രീയത്തിനതീതമായ പ്രക്ഷോഭം ഉയര്‍ന്നുവരും. വെള്ളക്കരം കൂട്ടിയതിനു പുറമേ സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഫീസും 50 ശതമാനം വരെയാണു വര്‍ധിപ്പിച്ചിരിക്കുന്നത്-വൈക്കം വിശ്വന്‍ കൂട്ടി ച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.