ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാലയ നവീകരണം: 2011 മുതല്‍ 2013 വരെ ചെലവഴിച്ചത് 29.71 കോടി
Monday, September 22, 2014 12:14 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തു ന്യൂനപക്ഷ വിഭാഗങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി മൂന്നു ഘട്ടമായി ചെലവഴിച്ചത് 29.71 കോടി രൂപ. 2011 മുതല്‍ 2013 വരെ ചെലവഴിച്ച തുകയാണു സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധപ്പെടുത്തിയത്.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫോര്‍ മൈനോരിറ്റി ഇന്‍സ്റിറ്റ്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പണം അനുവദിക്കുന്നത്.

കേന്ദ്രം അനുവദിക്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ മുഖേനയാണു ന്യൂനപക്ഷ സ്കൂളുകള്‍ക്ക് അനുവദിക്കുന്നത്. 2011 മുതല്‍ -13 വരെ മൂന്നു ഘട്ടമായാണു സംസ്ഥാനത്തെ 137 സ്കൂളുകള്‍ക്ക് ഈ ആനുകൂല്യം നല്കിയത്. ആദ്യഘട്ടത്തില്‍ 2011-ല്‍ സംസ്ഥാനത്തെ അഞ്ചു സ്കൂളുകള്‍ക്കായി 1,08,73,000 രൂപയാണ് അനുവദിച്ചത്. തുടര്‍ന്നു രണ്ടാം ഘട്ടമായി സംസ്ഥാനത്തെ ഒന്‍പതു ന്യൂനപക്ഷ സ്കൂളുകള്‍ക്ക് 2,04,06,000 രൂപ അനുവദിച്ചു.

എന്നാല്‍, 2012-ല്‍ സംസ്ഥാനത്തെ ഒരു സ്കൂളിനും ഈ ആനുകൂല്യം ലഭിച്ചില്ല. 2013-ല്‍ സംസ്ഥാനത്തെ 123 സ്കൂളുകള്‍ക്ക് അടിസ്ഥാന വികസനത്തിനു ഫണ്ട് ലഭ്യമായി. 2013-ല്‍ മാത്രം 26.58 കോടി രൂപ അടിസ്ഥാനവികസനത്തിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനത്തിന് അനുവദിച്ചു. മലപ്പുറം കോഴിക്കോട്, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഈ ഗ്രാന്റ് ഏറ്റവുമധികം ലഭിച്ച സ്കൂളുകള്‍ ഉള്ളത്.


സര്‍ക്കാര്‍ അംഗീകാരവും ന്യൂനപക്ഷ പദവിയും ഉള്ള സ്കൂളുകള്‍ക്കാണ് ഈ ഗ്രാന്റ് നല്കുന്നത്. തുടര്‍ച്ചയായി മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നവയായിരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രൈമറി സ്കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വരെയുള്ള അടിസ്ഥാന സൌകര്യ വികസനത്തിനായാണ് ഈ പണം ഉപയോഗിക്കാവുന്നത്. ഒരു സ്കൂളിനു 50 ലക്ഷം രൂപ വരെ ഈ സ്കീമിലൂടെ ലഭിക്കും.

സംസ്ഥാനത്തു ഫണ്ട് ലഭിച്ചതില്‍ 12 സ്കൂളുകള്‍ ഫണ്ട് ചെവഴിച്ചതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ അധ്യയനവര്‍ഷം എത്ര സ്കൂളുകള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചെന്നുള്ള കണക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.