അറുപതുമടങ്ങ് ലാഭത്തോടെ 'വരുംതലമുറ ബാങ്ക്' ഒരുക്കി ഡോ.വി.എ. ജോസഫ് വിടവാങ്ങുന്നു
അറുപതുമടങ്ങ് ലാഭത്തോടെ  വരുംതലമുറ ബാങ്ക്  ഒരുക്കി ഡോ.വി.എ. ജോസഫ് വിടവാങ്ങുന്നു
Monday, September 22, 2014 12:14 AM IST
പ്രത്യേക ലേഖകന്‍

തൃശൂര്‍: പഴയ ബാങ്കിനെ ഒമ്പതുവര്‍ഷംകൊണ്ട് 'വരുംതലമുറയുടെ ബാങ്ക്' ആയി മാറ്റിയപ്പോള്‍ ലഭിച്ചത് അറുപതു മടങ്ങ് ലാഭം, അഞ്ചിരട്ടി ബിസിനസ്, ഇരട്ടി ശാഖകള്‍. അതിനേക്കാളുപരി, ജീവനക്കാര്‍ക്കിടയില്‍ പുതിയ സേവന മനോഭാവം, പുതുതലമുറ ബാങ്കുകളിലേതിനേക്കാള്‍ മികച്ച സേവനത്തിലൂടെ ആര്‍ജിച്ചത് അനേകലക്ഷം ഇടപാടുകാരുടെ വിശ്വാസവും പിന്തുണയും.

'ആഗോള മാന്ദ്യത്തില്‍ വലിയ ബാങ്കുകള്‍ പലതും ഉലഞ്ഞപ്പോള്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിനു മുന്നേറാനായതു മാനേജ്മെന്റ് വൈദഗ്ധ്യംകൊണ്ടു മാത്രമല്ല, ജീവനക്കാരുടെ കൂട്ടായ അധ്വാനംകൊണ്ടുകൂടിയാണ്. ഒപ്പം സമൃദ്ധമായ ദൈവാനുഗ്രഹവും', ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.വി.എ. ജോസഫ് പറയുന്നു. ബാങ്കിന്റെ മുന്നേറ്റത്തിന് ഒമ്പതു വര്‍ഷം സാരഥ്യമേകി ഈ മാസാവസാനത്തോടെ 42 വര്‍ഷത്തെ ബാങ്കിംഗ് ജീവിതത്തില്‍നിന്നു വിരമിക്കുന്ന ഡോ.ജോസഫിന്റെ വാക്കുകളില്‍ നിറയുന്നതു നന്ദി.

ബാങ്ക് മേധാവിയായി 2005ല്‍ ചുമതലയേറ്റപ്പോള്‍ ഉണ്ടായിരുന്ന അറ്റാദായം 8.7 കോടി രൂപ. ഇപ്പോഴത് 508 കോടി രൂപയിലെത്തി. 58 ഇരട്ടി വരുന്ന കുതിച്ചുചാട്ടം. ഓഹരിയുടമകള്‍ക്കു ലാഭവീതവും ജീവനക്കാര്‍ക്കു ബോണസും നല്‍കാന്‍ കഴിയാതിരുന്ന ബാലന്‍സ് ഷീറ്റില്‍നിന്ന് 80 ശതമാനം ലാഭവീതത്തിലേക്കുള്ള വളര്‍ച്ച. ബാങ്കിന്റെ ബിസിനസ് 16,324 കോടി രൂപയില്‍നിന്ന് 83,721 കോടി രൂപയിലേക്കു വളര്‍ന്നതിനുപിന്നിലെ വിജയരഹസ്യം ഡോ.ജോസഫ് അനാവരണം ചെയ്യുന്നതിങ്ങനെ:

പ്രവര്‍ത്തനമികവിനു അനുസൃതമായി ഇന്‍സെന്റീവ് സമ്മാനിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരെ കൂടുതല്‍ കര്‍മോത്സുകരാക്കിയത്. കുടുംബസമേതം വിദേശത്തു വിനോദയാത്ര അടക്കമുള്ള പ്രോത്സാഹനം നല്‍കി.

സ്വന്തം സ്ഥലങ്ങളില്‍ ജോലിചെയ്യാന്‍ ജീവനക്കാര്‍ക്ക് അവസരങ്ങളുണ്ടാക്കി. പത്തുവര്‍ഷത്തിനിടെ നിയമനം നല്കിയ ആറായിരത്തോളം പേരില്‍ ഏറെയും എന്‍ജിനിയര്‍മാരും എംബിഎ ബിരുദധാരികളുമടക്കം ഉന്നതയോഗ്യതകളുള്ള യുവ പ്രഫഷണലുകളാണ്. ബാങ്കില്‍ യുവരക്തത്തിന്റെ ഉണര്‍വും ഊര്‍ജവും പ്രകടമായി. ഇടപാടുകാര്‍ക്കു മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാ ശാഖകളും കംപ്യൂട്ടര്‍വത്കരിച്ചു.

ബാങ്കിന്റെ ലോഗോ 2006ല്‍ പുതുക്കി ആകര്‍ഷകമാക്കി. സൂപ്പര്‍ സ്റാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡറായി. തൃശൂരിലെ ആസ്ഥാനമന്ദിരം നവീകരിച്ചതു 2010ലാണ്. പഴയ ബാങ്കിന്റെ മുദ്രാവാക്യം ഡോ.ജോസഫ് ഇങ്ങനെ മാറ്റിക്കുറിച്ചു: 'വരുംതലമുറയുടെ ബാങ്ക്'.

ആന്ധ്രാപ്രദേശിലെ തെലുങ്കാന കലാപത്തില്‍ വാണിജ്യ-വ്യവസായങ്ങള്‍ തളര്‍ന്നപ്പോള്‍ പ്രതികൂല കാലാവസ്ഥയെ മുതലെടുത്ത് ഒറ്റയടിക്കു 15 ശാഖകളാണ് സൌത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയത്. പുതിയ ശാഖകള്‍ തുടങ്ങാന്‍ ആന്ധ്ര ബാങ്ക് പോലും മടിച്ചുനിന്നപ്പോള്‍ കേരളത്തിലെ ബാങ്ക് ഒറ്റയടിക്കു 15 ശാഖകള്‍ ആരംഭിച്ചത് ആവേശകരവും അദ്ഭുതകരവുമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച അന്നത്തെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ പ്രസംഗമധ്യേ പറഞ്ഞതു ഡോ.ജോസഫിന്റെ മാനേജ്മെന്റ് വൈദഗ്ധ്യത്തിനുള്ള സാക്ഷ്യപത്രം.


വരുംതലമുറയെ ബാങ്കിലേക്ക് ആകര്‍ഷിക്കുന്നതിനു ഡോ.ജോസഫ് അവതരിപ്പിച്ച പ്രോഡക്ടുകളില്‍ ഏറ്റവും ഹിറ്റായ സേവിംഗ്സ് നിക്ഷേപ പദ്ധതിയായിരുന്നു എസ്ഐബി ജൂണിയര്‍.

വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താനും ബാങ്ക് ഇടപാടുകള്‍ ശീലിക്കാനും ആരംഭിച്ച ഈ പദ്ധതിയില്‍ ആദ്യവര്‍ഷംതന്നെ ഏഴര ലക്ഷം വിദ്യാര്‍ഥികള്‍ അക്കൌണ്ട് ഉടമകളായി. ഇന്‍ഷ്വറന്‍സ് പരിരക്ഷ അടക്കമുള്ള സേവനങ്ങളോടെ വനിതകള്‍ക്കായി എസ്ഐബി മഹിള എന്ന പേരില്‍ പ്രത്യേക അക്കൌണ്ട് സൌകര്യമൊരുക്കി.

ഡോ.വി.എ. ജോസഫ് ബാങ്ക് മേധാവിയായി ചുമതലയേറ്റതിനു തൊട്ടടുത്ത വര്‍ഷം മുതല്‍ ബെസ്റ് ബാങ്ക് അവാര്‍ഡുകള്‍ അടക്കം ദേശീയതലത്തിലുള്ള 15 അവാര്‍ഡുകള്‍ ബാങ്കിനു ലഭിച്ചു. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ഐബിഎ ബാങ്കിംഗ് ടെക്നോളജി അവാര്‍ഡും നേടി.

1972ല്‍ 21 വയസുള്ളപ്പോള്‍ സിന്‍ഡിക്കറ്റ് ബാങ്കില്‍ ഓഫീസറായി ചുമതലയേറ്റ ജോസഫ് പിന്നീടു ജനറല്‍ മാനേജരായിരിക്കേയാണ് 2003 ഡിസംബര്‍ നാലിനു സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്.

2005 ജൂണ്‍ അഞ്ചിനു ബാങ്കിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. 2008 ഒക്ടോബര്‍ 11നു ബാങ്കിന്റെ മാനേജിംഗ് ഡയറക്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. ഗവേഷണബിരുദം അടക്കം അര ഡസന്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

എംകോം, എംപിഎം (മാസ്റര്‍ ഇന്‍ പേഴ്സണല്‍ മാനേജ്മെന്റ്), എല്‍എല്‍ബി, പിഎച്ച്ഡി, സിഎഐഐബി എന്നീ ബിരുദങ്ങള്‍ക്കൊപ്പം മികച്ച ബാങ്കറാകാന്‍ ഡോ.ജോസഫിനു കരുത്തേകിയത് അനുഭവജ്ഞാനമാണ്. ബാങ്കര്‍ മാത്രമല്ല, ഗായകനും മാനവ വിഭവശേഷി വികസന പരിശീലകനും പ്രഭാഷകനുമാണ് ഡോ.ജോസഫ്.

വളര്‍ച്ച ഇങ്ങ

(രൂപ കോടിയില്‍)

നിക്ഷേപം വായ്പ ലാഭം ശാഖകള്‍

2005- 06 9,578.65 6,745.33 50.90 450
2008- 09 18,092.33 11,852.02 194.75 530
2013- 14 47,491.08 36,230.0 508.0 802
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.