എല്‍എന്‍ജി പദ്ധതി നഷ്ടമാക്കരുതെന്നു സിഐടിയു കൌണ്‍സില്‍
Monday, September 22, 2014 12:13 AM IST
കോട്ടയം: കേരളത്തിന്റെ അടിസ്ഥാന സൌകര്യവികസന പദ്ധതികളില്‍ പ്രധാനമായ കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി പദ്ധതി കേരളത്തിനു നഷ്ടമാകാന്‍ അനുവദിക്കരുതെന്നു സിഐടിയു ജനറല്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടതായി സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള അറിയിച്ചു.

സംസ്ഥാനത്തിനു ഏറെ ഗുണകരമാകാവുന്ന പ്രകൃതിവാതകപദ്ധതി നഷ്ടപ്പെടരുതെന്നു കൌണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ നിന്നും കൂറ്റനാടു വഴി പാലക്കാട്ടേക്കും മംഗലാപുരത്തേക്കും വാതകകുഴലുകള്‍ സ്ഥാപിക്കുന്നതിനുള്ള തടസങ്ങള്‍ അടിയന്തിരമായി നീക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. റബര്‍മേഖലയിലെ പ്രതിസന്ധി തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറല്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു.

റബര്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. ടാപ്പിംഗ് തൊഴിലാളികള്‍ക്കും തൊഴിലില്ലാതായി. റബര്‍ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സ് കൊടുത്തതും ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതും അവധി വ്യാപാരത്തിനു അനുമതി കൊടുത്തതുമാണു പ്രതിസന്ധിക്കു കാരണമെന്നും കൌണ്‍സില്‍ വിലയിരുത്തി.


കരിമണല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, പരമ്പരാഗത മേഖലകളുടെയും വ്യവസായങ്ങളുടെയും തകര്‍ച്ച തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൌണ്‍സില്‍ ഉന്നയിച്ചു.

മദ്യനയം നടപ്പാക്കാനുള്ള പ്രഖ്യാപനം പ്രായോഗികമായി പുനപരിശോധിക്കുക, മല്‍സ്യ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, പെന്‍ഷന്‍ നിയമഭേദഗതി ഉപേക്ഷിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ചൂഷണം അവസാനിപ്പിക്കുക, തുടങ്ങിയ പ്രമേയങ്ങളും കൌണ്‍സില്‍ അംഗീകരിച്ചു. സിഐടിയു ദേശീയ സെക്രട്ടറി കെ. ഒ. ഹബീബ്, വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ, ജില്ലാ പ്രസിഡന്റ് വി.എന്‍. വാസന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടിന് ആഹ്വാനം ചെയ്തുകൊണ്ടാണു ജനറല്‍ കൌണ്‍സില്‍ യോഗം ഇന്നലെ വൈകുന്നേരം സമാപിച്ചത്.

രണ്ടു ദിവസമായി നടന്ന ചര്‍ച്ചകള്‍ക്കു ദേശീയ പ്രസിഡന്റ് എ. കെ. പത്മനാഭനും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും മറുപടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.