മദ്യനിരോധനം ടൂറിസം മേഖലയെ തകര്‍ക്കില്ല: ട്രാവല്‍ ആന്‍ഡ് ടൂറിസം അസോസിയേഷന്‍
Sunday, September 21, 2014 12:22 AM IST
കൊച്ചി: മദ്യനിരോധനം ടൂറിസം മേഖലയെ തകര്‍ക്കില്ലെന്നും ഇതു സംബന്ധിച്ചു തെറ്റായ പ്രചാരണമാണു നടക്കുന്നതെന്നും അല്‍ എയിന്‍ ഇന്ത്യ ട്രാവല്‍ ആന്‍ഡ് ടൂറിസം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് വെള്ളാങ്കല്‍ വളാഞ്ചേരി, സെയ്ഫുദീന്‍ റൌഫ്, റഷീദ്, ഷംസുദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മദ്യപിക്കാനല്ല വിദേശികള്‍ കേരളത്തിലെത്തുന്നത്. കേരളത്തിന്റെ തനതു സംസ്കാരത്തെക്കുറിച്ചു പഠിക്കാനും കാഴ്ചകള്‍ കാണാനുമാണ്.

ഹെല്‍ത്ത് ടൂറിസം, ഹൌസ്ബോട്ടുകള്‍, തനതു പാരമ്പര്യ സംസ്കാരം എന്നിവയാണു വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഇതു തിരിച്ചറിഞ്ഞു ടൂറിസത്തില്‍ ആയുര്‍വേദത്തിന്റെയും സാംസ്കാരിക തനിമയുടെയും സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ അധികാരികള്‍ ശ്രമിക്കണം. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ സാധ്യതകളെക്കുറിച്ചു വിശദമായ വര്‍ക്ഷോപ്പുകള്‍ നടത്തിയാല്‍ കേരള ടൂറിസത്തിനു മികച്ച നേട്ടമുണ്ടാക്കാനാകും. ശ്രീലങ്ക, മലേഷ്യ, തായ്ലന്‍ഡ്, ബ്രസീല്‍ എന്നിവ അറേബ്യന്‍ രാജ്യങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ പ്രചാരണമാണു നടത്തുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അഷ്റഫ് വെള്ളാങ്കല്‍ വളാഞ്ചേരി നിര്‍ദേശിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.