ഡേറ്റ സെന്റര്‍ കേസില്‍ നന്ദകുമാറിനെതിരേ തെളിവില്ലെന്നു സിബിഐ
ഡേറ്റ സെന്റര്‍ കേസില്‍ നന്ദകുമാറിനെതിരേ തെളിവില്ലെന്നു സിബിഐ
Saturday, September 20, 2014 12:25 AM IST
കൊച്ചി: ഡേറ്റ സെന്റര്‍ കേസില്‍ വിവാദ വ്യവഹാരദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരേ തെളിവില്ലെന്നു സിബിഐ. അതിനാല്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി സിബിഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡേറ്റ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സിബിഐ അന്വേഷണസംഘം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡേറ്റ സെന്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട ഫയലില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നോട്ട് എഴുതിയിട്ടുണ്ട്. ഇതു ഗൂഢാലോചനയാണെന്നും സ്വകാര്യകമ്പനിക്കു കരാര്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നുമുള്ള ആരോപണങ്ങളും സിബിഐ തള്ളിക്കളഞ്ഞു.

സംസ്ഥാനത്തെ ഡേറ്റ സെന്ററിന്റെ നടത്തിപ്പു ചുമതലയുടെ കരാര്‍ റിലയന്‍സിനു നല്‍കിയതില്‍ ക്രമക്കേടുണ്െടന്നും ഇടനിലക്കാരനായ ടി.ജി. നന്ദകുമാര്‍ ഇതിലൂടെ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നുമായിരുന്നു ആരോപണം. നന്ദകുമാറിന്റെ സ്വഭാവത്തില്‍ നിഗൂഢതകളുണ്െടങ്കിലും ഇയാള്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നതിനു തെളിവില്ലെന്നും ഡേറ്റ സെന്റര്‍ കരാര്‍ റിലയന്‍സിനു നല്‍കിയതില്‍ ക്രമക്കേടു നടന്നിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡേറ്റ സെന്ററിന്റെ നടത്തിപ്പു ചുമതല സ്വകാര്യകമ്പനിക്കു നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്നു ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജിന്റെ മൊഴിയെടുത്തു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ഡേറ്റ സെന്ററുകളുടെ പ്രവര്‍ത്തനം സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചിട്ടുണ്െടന്ന് സിബിഐ കണ്െടത്തി. മറ്റു സംസ്ഥാനങ്ങളില്‍ വിപ്രോ, ടിസിഎസ് തുടങ്ങിയ സ്വകാര്യ ഐടി കമ്പനികള്‍ ഡേറ്റ സെന്ററുകളുടെ നടത്തിപ്പു ചുമതല വഹിക്കുന്നുണ്ട്. ഡേറ്റ സെന്റര്‍ നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നല്‍കരുതെന്ന ചട്ടമില്ല. ആ നിലയ്ക്ക് ആരോപണം അടിസ്ഥാനരഹിതമാണെന്നു സിബിഐ വ്യക്തമാക്കുന്നു.


ഡേറ്റ സെന്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടിയില്‍ അപാകതയോ ദുരുദ്ദേശ്യമോ ഇല്ല. ടെന്‍ഡര്‍ നടപടിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ക്രമക്കേടു നടന്നതായി തെളിവുകളില്ല. ആ നിലയ്ക്കു ടി.ജി. നന്ദകുമാറിനെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല. പി.സി. ജോര്‍ജ്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയ സാക്ഷികളില്‍നിന്നു മൊഴിയെടുത്തു. 48 രേഖകള്‍ പരിശോധിച്ചു. റിലയന്‍സിനു ടെന്‍ഡര്‍ ലഭ്യമാക്കാന്‍ പൊതുസേവകരുമായി നന്ദകുമാര്‍ ഗൂഢാലോചന നടത്തിയതിനോ അനധികൃത സ്വത്തു സമ്പാദിച്ചതിനോ തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

അന്നത്തെ മുഖ്യമന്ത്രി ഫയലില്‍ നോട്ട് എഴുതിയതു സ്വാഭാവിക നടപടി മാത്രമാണെന്നു സിബിഐ പറയുന്നു. കരാറിന്റെ സുതാര്യത ഉറപ്പുവരുത്താനുള്ള ലക്ഷ്യത്തോടെയുള്ള നോട്ടാണു ഫയലില്‍ കുറിച്ചിട്ടതെന്നും സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡേറ്റ സെന്ററിലെ റിലയന്‍സിന്റെ സേവനത്തില്‍ സര്‍ക്കാരിനോ ഗുണഭോക്താക്കള്‍ക്കോ പരാതിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.