അധ്യാപക ബാങ്കിന് അന്തിമ രൂപമായി
Saturday, September 20, 2014 12:48 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അധ്യാപക വിദ്യാര്‍ഥി അനുപാതം അനുസരിച്ചു തയാറാക്കിയ അധ്യാപക ബാങ്കിന് അന്തിമ രൂപമായി. 7000 -ല്‍ അധികം അധ്യാപകരാണു ബാങ്കില്‍ ഉള്‍പ്പെടുക. അധികമുള്ള അധ്യാപകരെ ബാങ്കിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്.

അടുത്ത മാസം ആദ്യം തന്നെ അധ്യാപക ബാങ്കിലുള്ളവരുടെ പുനര്‍വിന്യാസം നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. അധ്യാപക ബാങ്കിലുളള അധ്യാപകരെ എസ്എസ്എ, ആര്‍എംഎസ്എ പദ്ധതികളിലേക്കു പുനര്‍വിന്യസിക്കാനാണ് തീരുമാനം. എയ്ഡഡ് സ്കൂളുകളില്‍ അധികമുള്ള അധ്യാപകരാണു പ്രധാനമായും അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുക.

അധികമുള്ള എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടാതെ പോയാല്‍ അവര്‍ക്ക് ഒക്ടോബര്‍ മുതല്‍ ശമ്പളം നല്‍കില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലപാട് അധ്യാപകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അധികമുള്ളവരെ അധ്യാപക ബാങ്കിലേക്കു മാറ്റേണ്ടതു മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നാണ് ഡിപിഐയുടെ നിലപാട്. എയ്ഡഡ് സ്കൂളുകളിലെ അധികമുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ശേഖരിച്ചുതുടങ്ങി. ഐടി അറ്റ് സ്കൂളിന്റെ സോഫറ്റ്വെയര്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.


വ്യക്തിഗത മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ നിന്നും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും അധ്യാപക ബാങ്കിലേക്ക് മാറ്റേണ്ടവരുടെ വിവരം ഈ മാസം 25ന് വൈകുന്നേരം അഞ്ചിന് മുമ്പായി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശവും വന്നു. ഒന്നിലധികം സ്കൂളുകള്‍ ഉള്ള വ്യക്തിഗതവും കോര്‍പ്പറേറ്റുമായ മാനേജ്മെന്റുകളില്‍ നിന്നുള്ള വിവരശേഖരണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നേരിട്ടാണ് നടത്തുന്നത്. ഇതിനായി ഇത്തരം മാനേജ്മെന്റുകള്‍ അവരുടെ സ്ഥാപനത്തില്‍ നിന്ന് അധ്യാപക ബാങ്കിലേക്ക് മാറ്റേണ്ടവരുടെ വിവരങ്ങള്‍ തയാറാക്കി മാനേജര്‍ ഒപ്പിട്ട് സീല്‍ പതിച്ച് തിരുവനന്തപുരത്ത് ഡിപിഐ ഓഫീസിന് സമീപം ഐ.ടി അറ്റ് സ്കൂളിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മാനേജ്മെന്റുകള്‍ സെപ്റ്റംബര്‍ 27നും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലേത് 29നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേത് 30നും എത്തിക്കണമെന്നാണ് ഡിപിഐയുടെ അറിയിപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.