കാര്‍ഷികം
കാര്‍ഷികം
Saturday, September 20, 2014 12:45 AM IST
ജൈവമാലിന്യ നിര്‍മാര്‍ജനം ഇഎം കമ്പോസ്റിംഗിലൂടെ

എം.എ. നിഷാന്‍


ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ദുരിതത്തിലാക്കിക്കൊണ്ടിരിക്കുന്നു. ജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക എന്നത് വ്യക്തിപരമായ ഉത്തരവാദിത്വവും കടമയുമായി ഏറ്റെടുത്താല്‍ ജൈവമാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വന്‍ വിപത്തില്‍ നിന്ന് നമുക്ക് പൂര്‍ണമായും ഒഴിവാകാന്‍ സാധിക്കും.

ജൈവമാലിന്യങ്ങളില്‍ നിന്ന് കമ്പോസ്റ് നിര്‍മിക്കുന്ന വിദ്യ വളരെക്കാലം മുമ്പുതന്നെ സുപരിചിതമാണ്. ഈ പ്രക്രിയ ഇഎം ടെക്നോളജി വഴി കൂടുതല്‍ ലളിതവും ഫലപ്രദവും, കാര്യക്ഷമവുമാക്കുവാന്‍ സാധിക്കും.

ഇഎം അഥവാ ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം എന്നത് കാര്യക്ഷമരായ എണ്‍പതില്‍പരം സൂക്ഷ്മജീവികള്‍ അടങ്ങുന്ന ഒരു മിശ്രിതമാണ്. സൂക്ഷ്മജീവികളില്‍ പ്രധാനികള്‍ ലാക്ടിക് ആസിഡ് ബാക്ടീരിയ, പ്രകാശ സംശ്ളേഷണബാക്ടീരിയ, യീസ്റ്, ആക്ടിനോമൈസീറ്റുകള്‍ എന്നിവയാണ്.

ഇവയുടെ കൂട്ടായ പ്രവര്‍ത്തനം വഴി ഉപദ്രവകാരികളായ കുമിളുകളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ച നിയന്ത്രിക്കുവാനും, സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഹോര്‍മോണുകള്‍ അമിനോ ആസിഡുകള്‍ എന്നിവ ഉത്പാദിപ്പിക്കുവാനും സാധിക്കുന്നു. മാത്രമല്ല ജൈവമാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ലിഗ്നിന്‍, സെല്ലുലോസ് എന്നിവയെ വിഘടിപ്പിക്കുവാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ കൃഷിയിടത്തിലെ രോഗകീടനിയന്ത്രണത്തിനും നഴ്സറി പരിപാലനത്തിനും, ജൈവമാലിന്യ നിര്‍മാര്‍ജ്ജനത്തിനുമെല്ലാം ഇഎം ലായിനി ഉപയോഗിക്കാം.

നേര്‍പ്പിച്ച ഇഎം ലായിനി നേരിട്ട് ചെടികളില്‍ തളിക്കുന്നത് അവയു ടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ഇപ്രകാരം മാലിന്യസംസ്കരണത്തോടൊപ്പം മണ്ണിന്റെയും ചെടിയുടെയും മനുഷ്യന്റെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കുവാന്‍ ഇഎം സാങ്കേതികവിദ്യക്ക് സാധിക്കുന്നു.

ഇഎം സ്റോക്ക് ലായിനി വിപണിയില്‍ നിന്ന് വാങ്ങാവുന്നതാണ്. ഇതിന്റെ മറ്റൊരു പേരാണ് ഇഎം ഒന്ന്. ഇതിനെ ഒന്നാം ഘട്ടം നേര്‍പ്പിക്കലിന് വിധേയമാക്കുമ്പോള്‍ ആക്ടിവേറ്റഡ് ലായിനി ലഭിക്കുന്നു. വലിയ മുതല്‍ മുടക്കില്ലാതെ ചെലവ് കുറഞ്ഞ രീതിയില്‍ ഇഎം സ്റോക്ക് ലായിനി പരീക്ഷണ തത്പരരായ കര്‍ഷകര്‍ക്ക് സ്വയം ഉണ്ടാക്കാം.

ഇഎം ഒന്ന് തയാറാക്കല്‍ -ആവശ്യമായ സാധനങ്ങള്‍:

1. പപ്പായ പഴുത്തത്- ഒരു കിലോ
2.പാളയങ്കോടന്‍ പഴം-ഒരുകിലോ
3. പഴുത്ത മത്തന്‍- ഒരു കിലോ
4. ശര്‍ക്കര- ഒരു കിലോ
5. നാടന്‍ കോഴിമുട്ട- ഒരു കിലോ


തയാറാക്കുന്ന വിധം

പപ്പായയും പഴവും മത്തനും തോലടക്കം മിക്സിയിലടിച്ച് തിരിച്ചിറക്കുന്ന മൂടിയുള്ള പാത്രത്തിലാക്കുക. ഇതില്‍ ശര്‍ക്കര ചേര്‍ക്കുക. ഈ മിശ്രിതം മുങ്ങത്തക്കവിധം വെള്ളം ഒഴിക്കുക. കോഴിമുട്ട പൊട്ടിച്ച് തോട് അടക്കം ഈ മിശ്രിതത്തില്‍ ഇടുക. ഇത് നന്നായി ഇളക്കി ചേര്‍ക്കുക.

മിശ്രിതം ഇളക്കി ചേര്‍ക്കാന്‍ ലോഹ വസ്തുക്കള്‍ ഉപയോഗിക്കരുത്. മിശ്രിതം വായുവും വെളിച്ചവും കടക്കാതെ 21 ദിവസം അടച്ച് സൂക്ഷിക്കുക. 21- ാം ദിവസം മൂടി തുറന്ന് നോക്കിയാല്‍ വെളുത്ത പൂപ്പല്‍ കാണാം.

ഇത് കണ്ടില്ലെങ്കില്‍ കുറച്ചുകൂടി ശര്‍ക്കര ലായിനി ഒഴിക്കണം. 15 ദിവസം കഴിഞ്ഞാല്‍ ചുവന്നനിറത്തിലുള്ള ലായിനി ഊറിനില്‍ക്കുന്നത് കാണാം. ഇതാണ് ഇഎം ഒന്ന്. ഇത് അരിച്ചെടുത്ത് കുപ്പിയിലേക്ക് മാറ്റാം.

ആക്ടിവേറ്റഡ് ലായനി തയാറാക്കല്‍

ഒരു കിലോ ശര്‍ക്കര ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഒരു ലിറ്റര്‍ സ്റോക്ക് ദ്രാവകം (ഇ.എം. ഒന്ന്) ഈ ലായിനിയില്‍ കലര്‍ത്തി വെള്ളം ചേര്‍ത്ത് 30 ലിറ്ററായി നേര്‍പ്പിക്കണം. പ്ളാസ്റിക്ക് പാത്രങ്ങളിലാണ് ലായിനി തയാറാക്കേണ്ടത്. ലോഹപാത്രങ്ങള്‍ ഉപയോഗിക്കരുത്. ക്ളോറിന്‍, ബ്ളീച്ചിംഗ് പൌഡര്‍ എന്നിവ കലര്‍ന്ന വെള്ളം ഇഎം ലായിനി നേര്‍പ്പിക്കാന്‍ ഉപയോഗിക്കരുത്. ഇങ്ങനെ പ്ളാസ്റിക്ക് ബക്കറ്റില്‍ തയാറാക്കിയ ലായിനി ഒരു കറുത്ത പ്ളാസ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയശേഷം പ്ളാസ്റിക്ക് അടപ്പുപയോഗിച്ച് അടച്ചുവയ്ക്കണം. ഈ ലായിനി ഒന്നിടവിട്ട ദിവസങ്ങളില്‍ അടപ്പ് മാറ്റി നന്നായി ഇളക്കി ഉള്ളിലെ വാതകം തുറന്നു വിടണം. ശേഷം വീണ്ടും മൂടി കെട്ടി വയ്ക്കണം. 10 ദിവസമാകുന്നതോടെ നേര്‍ത്ത സുഗന്ധം വമിക്കുന്ന ആക്ടിവേറ്റഡ് ലായിനി തയാറാകും. ഇത് ഒരു മാസത്തിനകം ഉപയോഗിക്കുന്നതാണ് ഉത്തമം. ഇങ്ങനെ തയാറാക്കുന്ന ആക്ടിവേറ്റഡ് ഇഎം ആണ് വീണ്ടും നേര്‍പ്പിച്ച് കമ്പോസ്റ് നിര്‍മാണത്തിനും മറ്റ് കൃഷി ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത്.

അടുക്കള മാലിന്യം ഉപയോഗിച്ചുള്ള ഇഎം കമ്പോസ്റ് നിര്‍മാണം

അടപ്പുള്ള പ്ളാസ്റിക്ക് ബക്കറ്റോ, ലഭ്യമായ മറ്റു പ്ളാസ്റിക്ക് പാത്രങ്ങളോ, കമ്പോസ്റ് ബിന്നോ കമ്പോസ്റ് നിര്‍മാണത്തിനായി ഉപയോഗിക്കാം.

അടുക്കള മാലിന്യങ്ങള്‍ എല്ലാ ദിവസവും അടപ്പുള്ള ഒരു ബക്കറ്റില്‍ സംഭരിച്ചു വയ്ക്കണം. അന്നേ ദിവസം വൈകുന്നേരമോ, അടുത്ത ദിവസം രാവിലെയോ ഈ മാലിന്യങ്ങള്‍ കമ്പോസ്റ് ബിന്നില്‍ നിക്ഷേപിക്കുക. മാലിന്യങ്ങള്‍ ഇടുന്നതിന് മുമ്പും ഇട്ട ശേഷവും ആക്ടിവേറ്റഡ് ഇ.എം. ലായിനി അഞ്ചിരട്ടി വെള്ളവും ചേര്‍ത്ത് ഒരു സ്പ്രേയര്‍ മുഖേന ബിന്നിനകത്ത് തളിക്കണം. ബിന്‍ നിറഞ്ഞുകഴിഞ്ഞാല്‍ ഭദ്രമായി ഒരിടത്ത് വയ്ക്കുക.

25-30 ദിവസം കഴിയുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാത്ത നല്ല കമ്പോസ്റ് തയാറായി കഴിഞ്ഞിരിക്കും. ഒരു കുടുംബത്തിലേക്ക് രണ്ടു കമ്പോസ്റ് ബിന്നുകള്‍ വേണ്ടി വരും ഒന്ന് നിറയുമ്പോള്‍ രണ്ടാമത്തേത് ഉപയോഗിക്കാം. ബിന്നിന്റെ വലിപ്പം ലഭിക്കുന്ന അടുക്കള മാലിന്യത്തിന്റെ അളവനുസരിച്ച് വ്യത്യാസപ്പെടുത്താവുന്നതാണ്.


ജൈവകൃഷിയ്ക്ക് പ്രചാരം ഏറിവരുന്ന ഈ കാലഘട്ടത്തില്‍ ഏവര്‍ക്കും ആശ്രയിക്കാവുന്ന ഒരു ശാസ്ത്രീയ സമീപനമെന്ന നിലയ്ക്ക് വരും കാലങ്ങളില്‍ ഇ.എം. ടെക്നോളജിയുടെ പ്രസക്തിയും പ്രാധാന്യവും ഉപയോഗവും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. വീട്ടിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്െടത്തുന്നതിനോടൊപ്പം വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ ഓരോ കുടുംബത്തിനും വേണ്ട പച്ചക്കറികള്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ വളം, മുതല്‍ മുടക്കില്ലാതെ തന്നെ ഇതുവഴി ഉണ്ടാക്കുവാനും സാധിക്കും.

പഴങ്ങളില്‍ റാണി മാങ്കോസ്റിന്‍

ഡോ. മേഴ്സി ജോര്‍ജ്, സച്ചു സക്കറിയ ജോണ്‍, കെ. രാജലക്ഷ്മി

വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവല്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും പരിചിതമാണ് മാങ്കോസ്റിന്‍. ഗാര്‍സീനിയ മാങ്കോസ്റാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മാങ്കോസ്റിന്‍, കുടംപുളി, രാജപുളി മുതലായവ ഉള്‍പ്പെടുന്ന ക്ളൂസിയേ സിയേ എന്ന സസ്യ കുടുംബത്തിലെ അംഗമാണ്. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത് മാങ്കോസ്റീനാണെങ്കില്‍ പഴങ്ങളുടെ രാജാവ് എന്ന് ഇന്ത്യയില്‍ അറിയപ്പെടുന്നത് നമ്മുടെ ദേശീയ ഫലമായ മാങ്ങയാണ്.

എന്നാല്‍ മറ്റു പല രാജ്യങ്ങളിലും ഉദാഹരണത്തിന് അമേരിക്കയില്‍ ആപ്പിളും, ബ്രസീലില്‍ അവക്കാഡോയും, ഇന്തോനേഷ്യയില്‍ ദൂരിയനുമാണ് പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാങ്ങയും മാങ്കോസ്റിനും കാഴ്ചയില്‍ അതീവ സൌന്ദര്യവും രുചിയില്‍ അ ഗ്രഗണ്യരുമാണ്. മനസും വയറും നിറയ്ക്കുന്ന, പോഷകങ്ങളാല്‍ സ മ്പുഷ്ടമായ മാങ്കോസ്റിന്‍ വയനാടിന്റെ റാണികൂടിയാണ്. കാന്‍സറി നെ ചെറുക്കാന്‍ കഴിവുളള സസ്യമൂലകങ്ങളാല്‍ സമ്പുഷ്ടമാണ് മാങ്കോസ്റീന്‍.

ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് മാങ്കോസ്റിന്‍ പ്രധാനമായി കൃഷിചെയ്യുന്നത്. ഇതിന്റെ ഉത്ഭവസ്ഥലമായി കരുതപ്പെടുന്നത് തെക്കുകിഴക്കന്‍ ഏഷ്യയാണ്. മലേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, ബ്രസീല്‍, ഇന്ത്യ മുതലായ രാജ്യങ്ങളില്‍ ഇത് പ്രധാനമായി കൃഷി ചെയ്തുവരുന്നു. നാലിതളുള്ള പച്ചനിറത്തിലുളള കാലിക്സ്, മൂപ്പെത്തുമ്പോള്‍ പര്‍പ്പിള്‍ നിറമാര്‍ന്ന പഴത്തിന് റാണിയുടെ കിരീടം പോലെ മനോഹാരിതയേകുന്നു. വെളുത്ത നിറത്തിലുളള മധുരവും പുളിയും നിറഞ്ഞ വലിയ ഇതളുകളായി കാ ണുന്ന മാംസളഭാഗമാണ് ഭക്ഷ്യയോഗ്യമായിട്ടുളളത്. മാംസളമായ ഭാ ഗം അതീവരുചിയുള്ളതും അങ്ങിനെതന്നെ കഴിക്കാവുന്നതുമാണ്. മധുരപാനീയങ്ങളും സ്ക്വാഷും ജാമും മറ്റുമുണ്ടാക്കാന്‍ അത്യുത്തമവുമാണ്.

വയനാട് ജില്ലയിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഇവയുടെതൈകളും, പഴങ്ങളും ലഭ്യമാണ്.

ഫെബ്രുവരി - മാര്‍ച്ച് മാസത്തിലാണ് മാങ്കോസ്റിന്‍ പുഷ്പിക്കുന്നത്. അതീവസൌന്ദര്യത്തോടെ വിടരുന്ന പൂമൊട്ടുകള്‍ ഹൃദയഹാരിയാണ്. മൂപ്പാകുവാന്‍ ഏകദേശം നാല ഞ്ചു മാസമെടുക്കും. തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ - ജനുവരി മാസങ്ങ ളിലാണ് പുഷ്പിക്കുന്നത്. ഏപ്രില്‍ - മെയ്് മാസങ്ങളില്‍ പഴം പാകമായികിട്ടും.

വിലകൂടിയ പഴമാണെങ്കിലുംരുചി യും ഗുണവും അതുല്യമാകയാല്‍ പഴവിപണിയിലെ റാണിയാണ് മാ ങ്കോസ്റിന്‍. വളര്‍ച്ച എത്തിയ ഒരു മരത്തില്‍നിന്നും സാധാരണ 300- 400 പഴങ്ങള്‍ വരെകിട്ടുന്നതാണ്. കുരുവാണ് നടീല്‍വസ്തു. ഇതിന് കയ്പു രസമാണ്. കുരു പഴത്തി ല്‍നിന്നു മാറ്റിയെടുത്ത് ഉടനെതന്നെ മുളയ്ക്കാന്‍ ഇടണം. അഞ്ചു ദിവസം കഴിഞ്ഞാല്‍ അങ്കുരണശേഷി നഷ്ടപ്പെടും. നാലുകുരുക്കള്‍ വരെ ഒരു കായില്‍ നിന്നും കിട്ടുന്നതാണ്. പോട്ടിംഗ് മിശ്രിതത്തില്‍ നടുന്ന കുരു, മുളയ്ക്കാന്‍ 20- 25 ദിവസമെടുക്കും.ഇതേകുടുംബത്തില്‍പ്പെട്ട രാജപുളി രണ്ടു മാസവും കുടംപുളി ആറു മുതല്‍ 10 മാസംവരെയുമെടുക്കും. മാങ്കോസ്റിന്‍ ഏകദേശം ആറു വര്‍ഷമെടുക്കും കായ്ക്കുവാന്‍.

സസ്യപ്രജനനത്തിനാണെങ്കില്‍ മാങ്കോസ്റിനില്‍ തന്നെ മേല്‍പോട്ടു വളരുന്ന തല ഗ്രാഫ്റ്റ്ചെയ്തു വെയ്ക്കാം. കുടംപുളി, രാജപുളി എന്നിവയില്‍ ഗ്രാഫ്റ്റ് ചെയ്തു നടത്തിയ പരീക്ഷണം പരാജയപ്പെടുകയാണുണ്ടായത്. ഒരുകിലോ മാങ്കോസ്റിന് 50 മുതല്‍ 100 രൂപ വരെ വിലയ്ക്ക് കൃഷിയിടത്തില്‍ നിന്നും കിട്ടും. മഴക്കാലം ആരംഭിക്കുമ്പോള്‍ തൈകള്‍ 60 സെന്റീ മീറ്റര്‍ നീളവും, വീതിയും, താ ഴ്ചയുമുള്ള കുഴികളില്‍ 8 ഃ 8 മീറ്റര്‍ അകലത്തില്‍ നടാവുന്നതാണ്. പോളിത്തീന്‍ കവറുകളില്‍ ഉണ്ടാക്കിയ തൈകള്‍ ശ്രദ്ധയോടെ കവറുകള്‍ മാറ്റിയശേഷം പോട്ടിംഗ് മിശ്രിതം കളയാതെ നടണം. ചാണകപ്പൊടി അരകിലോ മുതല്‍ ഒരുകിലോവരെ ഇട്ട് മേല്‍മണ്ണു കൊണ്ടുമൂടണം.
വലിയ കീടരോഗപ്രശ്നങ്ങള്‍ ഒന്നും മാങ്കോസ്റീനെ അലട്ടാറില്ല. എന്നിരുന്നാലും വ്യതിചലിച്ച കാലാവസ്ഥയില്‍ ഇലകരിച്ചില്‍രോഗം കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടു വരുന്നുണ്ട്. അധികംചൂടേല്‍ക്കാതെ തൈകള്‍ സൂക്ഷിക്കണം.നട്ടു ക ഴിഞ്ഞ് ആദ്യ മൂന്നു വര്‍ഷം ത ണല്‍ കൊടുക്കണം. പിന്നീട് തണല്‍ മാറ്റുകയും വെളളവും വളവും കൊടുക്കുകയും ചെയ്യണം. തണലില്‍ നില്‍ക്കുന്ന മരങ്ങള്‍ക്ക് കായ്ഫലം കുറവായിരിക്കും.

ഒരുവര്‍ഷം പ്രായമായതൈകള്‍ 50 രൂപയ്ക്കും രണ്ടു വര്‍ഷം പ്രായമായതൈകള്‍ 200 രൂപയ്ക്കും അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ നിന്നും കാ ര്‍ഷിക സര്‍വകലാശാലയുടെ വിപണനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.