ആറു കോടിയുടെ ഓണം ബംപര്‍ ബാംഗളൂരില്‍ ചായവില്പനക്കാരനായ മലയാളിക്ക്
ആറു കോടിയുടെ ഓണം ബംപര്‍ ബാംഗളൂരില്‍ ചായവില്പനക്കാരനായ മലയാളിക്ക്
Saturday, September 20, 2014 12:20 AM IST
ബാംഗളൂര്‍/ചെങ്ങന്നൂര്‍: കേരള ലോട്ടറിയുടെ ഓണം ബംപര്‍ ഇക്കുറിയടിച്ചതു ബാംഗളൂരില്‍ ചായവില്പനക്കാരനായ മലയാളിക്ക്. പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പിഗളറപാളയം അഖില്‍ ഭവനില്‍ പി.ജെ. ഹരികുമാറാണ്(38) കേരളത്തിന്റെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തിന് അര്‍ഹനായത്. മാവേലിക്കരയിലെ പ്രിയദാസ് ഏജന്‍സിയില്‍നിന്നു ചെങ്ങന്നൂര്‍ പത്മ ലക്കി സെന്ററിലേക്കെത്തിയ ടി.എ 192044 നമ്പര്‍ ടിക്കറ്റിനാണ് ആറു കോടി രൂപയുടെ ഒന്നാം സമ്മാനം.

ചെങ്ങന്നൂരില്‍ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഹരിബാബുവില്‍നിന്നാണു ഹരികുമാര്‍ ടിക്കറ്റ് വാങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശിയായ ഹരികുമാര്‍ പതിനഞ്ചാമത്തെ വയസു മുതല്‍ ബാംഗളൂരിലാണ്. ഏഴാം വയസില്‍ അച്ഛന്‍ ജ്ഞാനേന്ദ്രന്‍ നായര്‍ മരിച്ചതിനെത്തുടര്‍ന്നുള്ള ദാരിദ്യ്രമാണു ഹരികുമാറിനെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. ഒരുപാടു ജോലികള്‍ ചെയ്ത ഹരികുമാര്‍ ഇപ്പോള്‍ സ്വകാര്യ കമ്പനികളില്‍ ചായ നല്‍കുന്ന ചെറിയൊരു ചായക്കട നടത്തുകയാണ്. ബാംഗളൂര്‍ കേരളസമാജം പീനിയസോണ്‍ അംഗമാണു ഹരികുമാര്‍.

ഇക്കഴിഞ്ഞ ഓഗസ്റ് 14ന് എറണാകുളത്തെത്തിയപ്പോള്‍ ഹരികുമാര്‍ അവിടെനിന്ന് ഒരു ഓണം ബംപര്‍ ടിക്കറ്റെടുത്തു. 15ന് ചെങ്ങന്നൂര്‍ ചെറിയനാട്ടുള്ള ഭാര്യവീട്ടിലെത്തിയ ശേഷം തിരുവനന്തപുരത്തെ തിരുവല്ലം ക്ഷേത്രത്തില്‍ ബലിയിടാനായി പോയി. അവിടെവച്ചും ഒരു ടിക്കറ്റെടുത്തു. തിരികെ ട്രെയിനില്‍ ചെങ്ങന്നൂരില്‍ എത്തിയ ശേഷം ചെറിയനാട്ടേക്കു പോകാനായി മുമ്പിലുള്ള പ്രൈവറ്റ് ബസ് സ്റാന്‍ഡില്‍ ചെന്നപ്പോള്‍ അവിടെനിന്നു മൂന്നാമതൊരു ടിക്കറ്റും എടുത്തു. 16ന് ബാംഗളൂരിലേക്കു പോകുകയും ചെയ്തു. മൂന്നാമതു വാങ്ങിയ ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച വിവരം ചെങ്ങന്നൂര്‍ ഏജന്‍സിയില്‍നിന്നാണ് അറിയുന്നത്. ദീപികയില്‍നിന്നു വിളിക്കുമ്പോഴും കോടിപതിയായ ഹരികുമാര്‍ കമ്പനിയില്‍ ചായ നല്‍കുന്ന തിരക്കിലായിരുന്നു. അമ്മ ഓമനയമ്മയെയും ബാംഗളൂരിലേക്കു കൊണ്ടു പോയ ഇദ്ദേഹം ഭാര്യ അമ്പിളിയും മക്കളായ അഖില്‍(7), അനുശ്രീ(4) എന്നിവര്‍ക്കുമൊപ്പം വാടകവീട്ടിലാണു താമസം. ചായവില്പനകൊണ്ടു ജീവിതം മുമ്പോട്ടു പോകാത്ത അവസ്ഥയായതിനാല്‍ ഭാര്യ അമ്പിളിയും ഒരു കമ്പനിയില്‍ ജോലിക്കു പോകുന്നുണ്ട്. ദിവസം 500 രൂപ മാത്രമാണ് ചായ വില്പനയില്‍നിന്നു ലഭിക്കുന്നതെന്നു ഹരികുമാര്‍ പറഞ്ഞു. നാട്ടിലെത്തിയാല്‍ ചെറിയനാട് പാറേപ്പടിയിലുള്ള ഭാര്യവീട്ടിലും കല്ലിശേരിയിലെ അമ്മവീട്ടിലുമാണു താമസം. നാട്ടിലും ബാംഗളൂരിലും സ്വന്തമായി സ്ഥലവും വീടുമില്ലാത്തതിനാല്‍ സമ്മാനത്തുക കിട്ടിയാല്‍ ബാംഗളൂരിലും നാട്ടിലും സ്ഥലവും വീടും വാങ്ങണം, കുട്ടികളുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ നടത്തണം; പിന്നെ പാവപ്പെട്ട കുറേ ആളുകളെ സഹായിക്കണം, ക്ഷേത്രങ്ങളില്‍ നേര്‍ച്ച കൊടുക്കണം- ഇല്ലായ്മയില്‍ എല്ലാം തന്ന ഈശ്വരന്റെ കടാക്ഷമായി ഇതിനെ കാണുന്ന ഹരികുമാറിന് ഇതൊക്കെയാണ് ആഗ്രഹം. സമ്മാനത്തുക ല ഭിച്ചാലുടന്‍ വൃക്കരോഗിയായ ചെങ്ങന്നൂര്‍ തിട്ടമേല്‍ സ്വദേശി ശരത്കുമാറിനു ചികിത്സയ്ക്കായി ആവശ്യമായ തുക ആദ്യം നല്‍കുമെന്നും ഹരികുമാര്‍ ദീപികയോടു പറഞ്ഞു.


സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നു ബാങ്കില്‍ നല്‍കും. 25 വര്‍ഷമായി ലോട്ടറിക്കച്ചവടം നട ത്തുന്ന ചെങ്ങന്നൂര്‍ പത്മ ലക്കി സെന്റര്‍ ഉടമ പാണ്ടനാട് ശരത് ഭവനില്‍ ചന്ദ്രന് പത്താം തവണയാ ണു ഒന്നാം സമ്മാനത്തിന്റെ ടിക്കറ്റ് വില്‍ക്കാന്‍ ഭാഗ്യം ലഭിച്ചത്. അഞ്ചു മുതല്‍ 21 ലക്ഷം വരെയുള്ള സമ്മാന തുകകളാണ് മുമ്പ് ഇവിടെനിന്നു കിട്ടിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.