മാനവമൈത്രിയുടെ ഉണര്‍ത്തുപാട്ടായി സായാഹ്ന കൂട്ടായ്മ
മാനവമൈത്രിയുടെ ഉണര്‍ത്തുപാട്ടായി സായാഹ്ന കൂട്ടായ്മ
Saturday, September 20, 2014 12:40 AM IST
കോട്ടയം: പശ്ചിമേഷ്യയിലെ ഐഎസ് ഭീകരതയ്ക്കെതിരേ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്നലെ ഇവിടെ നടത്തിയ സായാഹ്നകൂട്ടായ്മ സഹിഷ്ണുതയുടെയും മാനവമൈത്രിയുടെയുടെയും ഉണര്‍ത്തുപാട്ടായി. ആരവങ്ങളും മുദ്രാവാക്യങ്ങളുമില്ലാതെ ശാന്തിമന്ത്രങ്ങളുമായി ആത്മീയ രാഷ്ട്രീയ സാംസ്കാരിക നേതൃനിര തിരുനക്കര പോലീസ് സ്റേഷന്‍ മൈതാനത്ത് ഒത്തുചേര്‍ന്നു.

പശ്ചിമേഷ്യയില്‍ പീഡനമേല്‍ക്കുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന ക്രൈസ്തവരുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും വേദനയിലും ദുഃഖങ്ങളിലും പങ്കുചേരുകയും ഈ പൈശാചികതക്കെതിരേ ലോകമനഃസാക്ഷിയെ ഉണര്‍ത്തുകയുമാണു കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സ്വന്തം മണ്ണില്‍ സഹസ്രാബ്ദങ്ങളായി ജീവിക്കുന്ന ഒരു മതവിഭാഗത്തെ വെട്ടിവീഴ്ത്തുന്ന ഭീകരവാദികള്‍ക്കു മനഃപരിവര്‍ത്തനമുണ്ടാകാന്‍ ഈ കൂട്ടായ്മ പ്രാര്‍ഥിക്കുന്നു. സ്വന്തം മതത്തിന്റെ സത്ത അറിയാത്തവര്‍ക്കു മാത്രമേ തീവ്രവാദിയും അസഹിഷ്ണുവുമായി വര്‍ത്തിക്കാനും ആയുധമെടുക്കാനും കഴിയൂ. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ അസമാധാനം സൃഷ്ടിച്ചാല്‍ ക്രൈസ്തവരും ആ പേരിനു യോഗ്യരല്ല. ഭാരതത്തിന്റെ മഹ ത്തായ മതസഹിഷ്ണത ലോകമെങ്ങും പുലരാന്‍ ലോകനേതാക്കളും ആഗോള സംഘടനകളും മുന്നോട്ടുവരേണ്ട സമയമാണിതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഇറാക്കിലും സിറിയയിലും മാത്രമല്ല, ആഫ്രിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും ആഗോളതീവ്രവാദം പടര്‍ന്നുകൊണ്ടിരിക്കേ ഇതു ലോകത്തിനു നേരേയുള്ള ഭീഷണിയായി കാണണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. വിവേകമുള്ള മതനേതാക്കള്‍ മതതീവ്രവാദത്തിനും മതപീഡനത്തിനുമെതിരേ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണം. ഐഎസ് അധിനിവേശത്തിന്റെ ഫലമായി ഇറാക്കിലും സിറിയയിലും ഉള്‍പ്പെടെ 40 ലക്ഷം അഭയാര്‍ഥികളാണുണ്ടായിരിക്കുന്നത്. ലബനനില്‍ മാത്രം 20 ലക്ഷം പേരുണ്ട്. അഭയം നല്‍കുന്ന രാജ്യങ്ങള്‍ക്കു നേരേയും മതതീവ്രവാദികള്‍ തിരിഞ്ഞിരിക്കുന്നു. ക്രിസ്തീയവിശ്വാസം തള്ളിപ്പറയാത്തതിന്റെ പേരില്‍ കുരിശിലേറ്റപ്പെടുകയും വാളിനിരയാവുകയും ചെയ്യുന്ന ജനസമൂഹത്തിന്റെ നിലവിളി ഉയരുമ്പോള്‍ അതു കേട്ടില്ലെന്നു നടിക്കാനാവില്ല. ഈ ഭയാനകതയ്ക്കെതിരേ ലോകമനഃസാക്ഷി ഉണരണം: മാര്‍ ജോസഫ് പവ്വത്തില്‍.

നീറോ ചക്രവര്‍ത്തിയുടെ കാലത്തെ മതപീഡനത്തെക്കാള്‍ ഭയാനകവും ക്രൂരവുമായ കിരാതകൃത്യങ്ങള്‍ക്കാണു പശ്ചിമേഷ്യയിലെ ക്രൈസ്തവ സമൂഹം ഇരയായിക്കൊണ്ടിരിക്കുന്നതെന്നു മന്ത്രി കെ.എം. മാണി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്നേഹത്തിന്റെ സാഹോദര്യമാണ് എല്ലാ മതങ്ങളും പ്രഘോഷിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


കാട്ടാളസംസ്കാരം ഇക്കാലത്തും അവശേഷിക്കുന്നുവെന്നതു പശ്ചിമേഷ്യയുടെ പശ്ചാത്തലത്തില്‍ ഞെട്ടലോടെ കാണേണ്ടതുണ്െടന്ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വ്യക്തമാക്കി. മതത്തിന്റെ പേരിലുള്ള ഭീകരത മനുഷ്യസംസ്കാരത്തിന്റെ ഭാഗമല്ല, മൃഗീയതയുടെ ബീഭത്സഭാവമാണ്- മാര്‍ മൂലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

നിരപരാധികളെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അടിച്ചോടിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്ന തീവ്രവാദികളുടെ നീക്കത്തെ അപലപിക്കാന്‍ വാക്കുകളില്ല. ഇവിടെനിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കും- ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

ഇറാക്കിലും സിറിയയിലും ന്യുനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെ ഒരു പ്രത്യേക മതത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നു ആര്‍ച്ച്ബിഷപ് കുര്യാക്കോസ് സേവേറിയോസ് മെത്രാപ്പോലീത്ത. ഈ കൂട്ടായ്മയെ പ്രതിഷേധ സമ്മേളനമായിട്ടല്ല മറിച്ചു മനുഷ്യ മനഃസാക്ഷി ഉണരേണ്ട സാഹചര്യമായിട്ടാണു കണക്കാക്കുന്നത്. - അദ്ദേഹം ആഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സമാധാന മേഖലയായി മാറ്റാന്‍ എല്ലാവര്‍ക്കും കടമയുണ്െടന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ലോക മനഃസാക്ഷി ഉണരണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മതതീവ്രവാദം എന്നാല്‍ മതത്തെ ദുരുപയോഗം ചെയ്യുന്നതാണെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. മതമൌലികവാദം തെറ്റാണെന്നു എല്ലാവരും തിരിച്ചറിയണം. കൊല്ലരുത് എന്ന ദൈവത്തിന്റെ കല്പന ഒരു മതവിഭാഗത്തിനെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരൂപത പിആര്‍ഒ പ്രഫ.ജെ.സി. മാടപ്പാട്ട് ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലികൊടുത്തു. വികാരി ജനറാള്‍മാരായ റവ. ഡോ.ജോസഫ് മുണ്ടകത്തില്‍, റവ. ഡോ. ജയിംസ് പാലയ്ക്കല്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, സിഎസ്ഐ ക്ളര്‍ജി സെക്രട്ടറി ഫാ. ജോണ്‍ പി. റോബിന്‍സണ്‍, കെഎല്‍എം ഡയറക്ടര്‍ ഫാ.ബെന്നി കുഴിയടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. അനില്‍ കരിപ്പിങ്ങാപ്പുറം, ഫാ. മാത്യു വാരുവേലില്‍, ഫാ.ഏബ്രഹാം ധര്‍മശേരി, ഫാ.സാവിയോ മാനാട്ട്, ജയിംസ് ഇലവുങ്കല്‍, അഡ്വ. പി.പി. ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.