കാരുണ്യസമീപനങ്ങളിലൂടെ ആശുപത്രികള്‍ വ്യത്യസ്തമാകണം: ധനമന്ത്രി
കാരുണ്യസമീപനങ്ങളിലൂടെ ആശുപത്രികള്‍ വ്യത്യസ്തമാകണം: ധനമന്ത്രി
Saturday, September 20, 2014 12:39 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ആതുരസേവന രംഗത്തു സമര്‍പ്പിതരായ വൈദികരുടെയും സന്യാസിനികളുടെയും സേവനം മഹത്തരമാണെന്നു ധനമന്ത്രി കെ.എം. മാണി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ 52-ാമതു വാര്‍ഷിക പൊതുയോഗം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളില്‍ ക്രൈസ്തവ സഭയുടെ പങ്ക് നിര്‍ണായകമാണ്. രോഗികള്‍ക്ക് ഔഷധങ്ങള്‍ക്കൊപ്പം ശരിയായ രോഗശമനത്തിനു സ്നേഹപൂര്‍ണമായ സ്പര്‍ശവും പരിചരണവുമാണ് ആവശ്യം. കാരുണ്യപൂര്‍വമായ ഇടപെടലുകളിലൂടെയും സമീപനങ്ങളിലൂടെയും കത്തോലിക്കാ സഭയുടെ ആശുപത്രികള്‍ വ്യത്യസ്തമാകണം.

ലാഭത്തേക്കാള്‍ സേവനം മുഖമുദ്രയാക്കുന്ന ശൈലിയാണു നമുക്കാവശ്യം. ആതുരശുശ്രൂഷാ മേഖലയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചായ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ക്ഷയരോഗ പ്രതിരോധത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ചായ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.

പുതിയ രോഗങ്ങള്‍ ആധുനിക സമൂഹത്തെ വേട്ടയാടുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ രംഗത്തു കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷണത്തിനും നടപടി വേണം. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാ സഹായനിധിയിലൂടെ ഇതുവരെ 500 കോടി രൂപ വിതരണം ചെയ്തു.


കറകളഞ്ഞ ക്രിസ്തുസാക്ഷ്യം ആതുരശുശ്രൂഷയിലൂടെ നല്‍കാന്‍ ഈ രംഗത്തുള്ളവര്‍ക്കു കഴിയണമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സഭയ്ക്കു വലിയ പ്രതിബദ്ധതയുള്ള മേഖലയാണിത്. ക്ഷമയുടെ മനോഭാവത്തോടെ ആതുരശുശ്രൂഷകര്‍ പ്രവര്‍ത്തിക്കണം. ആതുരശുശ്രൂഷാമേഖലയില്‍ സര്‍ക്കാരുകളോടു സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. ചായ് ദേശീയ പ്രസിഡന്റ് ഫാ.ജൂലിയസ് അറയ്ക്കല്‍, ചായ് കേരള പ്രസിഡന്റ് ഫാ.സുനില്‍ ചിരിയങ്കണ്ടത്ത്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.സൈമണ്‍ പള്ളുപ്പേട്ട, എസ്ടിഡിസി ഡയറക്ടര്‍ സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.