ധവളപത്രം ഇറക്കില്ല: ധനമന്ത്രി
ധവളപത്രം ഇറക്കില്ല: ധനമന്ത്രി
Saturday, September 20, 2014 12:39 AM IST
കൊച്ചി: സംസ്ഥാന സാമ്പത്തിക കാര്യത്തില്‍ സുതാര്യമാണെന്നും ഇപ്പോള്‍ ധവളപത്രം ഇറക്കില്ലെന്നും ധനമന്ത്രി കെ.എം. മാണി. ധനസ്ഥിതി ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ല. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കു തയാറാണ്. എന്നാല്‍, പ്രതിപക്ഷനേതാവ് ആവശ്യപ്പെടുമ്പോഴെല്ലാം നിയമസഭാ സമ്മേളനം വിളിക്കാനാകില്ല. മദ്യത്തിന്റെയും സിഗരറ്റിന്റെയും നികുതി കൂട്ടിയതിന് ആരും രോഷം കൊള്ളേണ്ടതില്ല. ചെറിയ തോതിലുള്ള വര്‍ധന മാത്രമാണു വരുത്തിയത്.

നികുതി ബഹിഷ്കരണം ജനാധിപത്യ പാര്‍ട്ടികള്‍ക്കു ചേര്‍ന്നതല്ല. അധികനികുതി അടയ്ക്കേണ്െടന്ന സിപിഎമ്മിന്റെ ആഹ്വാനം രാജ്യദ്രോഹമാണ്. ഇത്തരം നിലപാട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. ബ്രിട്ടീഷ് ഭരണത്തിനെതിരേ പോലും നികുതിനിഷേധസമരം നടന്നതു വളരെ കരുതലോടെയാണ്. നിയമാനുസൃതമായാണു സംസ്ഥാനത്തു നികുതി വര്‍ധിപ്പിക്കുന്നത്. ധൂര്‍ത്തും കെടുകാര്യസ്ഥതയും ഉണ്െടന്ന വാദം കുരുടന്‍ ആനയെ കണ്ടതു പോലെയാണ്.


സാമ്പത്തിക പ്രതിസന്ധിയല്ല, സാമ്പത്തിക ഞെരുക്കമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അത് എക്കാലത്തും ഉള്ളതാണ്. ബജറ്റില്‍ വിഭാവനം ചെയ്തതിനേക്കാള്‍ സാമ്പത്തിക ബാധ്യതയുളള പുതിയ പദ്ധതികള്‍ വരുന്നതാണു ഞെരുക്കത്തിനു കാരണം. മദ്യനയംകൊണ്ടു യാതൊരു തരത്തിലുളള പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.