മദ്യനയത്തെയും ഉമ്മന്‍ ചാണ്ടിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍
മദ്യനയത്തെയും ഉമ്മന്‍ ചാണ്ടിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍
Saturday, September 20, 2014 12:31 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. മദ്യനിരോധനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടിവന്നെങ്കിലും കേരള മുഖ്യമന്ത്രി സ്വീകരിച്ച നടപടി ശ്ളാഘനീയമാണ്. ജനങ്ങളില്‍ മദ്യാസക്തിയും പുകവലിശീലവും കുറയ്ക്കാനായി മദ്യത്തിനും സിഗരറ്റിനും നികുതി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനെ സ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേക്കു ഉയര്‍ത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു ഹര്‍ഷവര്‍ധന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നയുടന്‍ ആദ്യമായി അഭിനന്ദനമറിയിച്ചു ട്വീറ്റ് ചെയ്തതു താനാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

വര്‍ധിച്ചുവരുന്ന മദ്യപാനവും പുകവലിയും വലിയ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. മദ്യപാനം, പുകവലി എന്നിവയില്‍ നിന്ന് ജനങ്ങളെ സംരക്ഷിച്ച് അവരെ ആരോഗ്യവാന്മാരാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. മദ്യപാനശീലം വ്യക്തികളിലും അവരുടെ കുടുംബങ്ങളിലുമുണ്ടാക്കുന്ന നാശനഷ്ടങ്ങളില്‍ നിന്നു തിരിച്ചുകയറുക എളുപ്പമല്ല. കുടുംബങ്ങളിലെ സന്തോഷത്തെ കവര്‍ന്നെടുക്കുന്നതിനൊപ്പം വ്യക്തികളെ അകാല മരണത്തിലേക്കും ഈ ദുശീലങ്ങള്‍ തള്ളിവിടുന്നു.

നിയമപരമായ നടപടികളിലൂടെയോ സാമൂഹ്യ ബോധവത്കരണത്തിലൂടെയോ മദ്യപാനവും പുകവലി ശീലവും കുറയ്ക്കാനുള്ള എല്ലാ നടപടികളെയും സ്വാഗതം ചെയ്യുന്നു. മുമ്പുള്ളതിനേക്കാളും സന്തോഷകരമായ ജീവിതം നയിക്കാന്‍ ഈ തീരുമാനങ്ങള്‍ കുടുംബങ്ങളെ പ്രാപ്തരാക്കും. ഇത്തരമൊരു തീരുമാനം എടുത്തതിനു നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകാം. നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇത്തരം നടപടികളെ വിമര്‍ശിക്കാന്‍ രംഗത്തുവരുന്നതു പതിവാണ്. അതിനെ മറികടന്നു ധീരമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.


സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ സീറ്റ് വെട്ടിക്കുറയ്ക്കാനുള്ള മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നീക്കത്തെ തടഞ്ഞതിനു ഹര്‍ഷവര്‍ധനെ ഉമ്മന്‍ചാണ്ടിയും അഭിനന്ദിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഒരു സീറ്റുപോലും കുറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനോടുള്ള തന്റെ നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശക്തി കൂടിയ എക്സ്റേ, ഇലക്ട്രോണ്‍ ബീം എന്നിവ ഉപയോഗിച്ച് കാന്‍സര്‍ ചികിത്സ നടത്താന്‍ സൌകര്യമുളള ഡ്യൂവല്‍ എനര്‍ജി ലീനിയര്‍ ആക്സിലറേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ആര്‍സിസിക്ക് എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അക്രഡിറ്റേഷന്‍ ലഭിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്കു കൈമാറി. രാജ്യത്ത് എന്‍എബിഎച്ച് ലഭിക്കുന്ന ആദ്യത്തെ പൊതുമേഖലാ കാന്‍സര്‍ സെന്ററാണ് ആര്‍സിസി.

ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ സ്വാഗതം പറഞ്ഞു. മേയര്‍ കെ.ചന്ദ്രിക, എം.എ. വാഹിദ് എംഎല്‍എ, കൌണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി, ആര്‍സിസി ഡയറക്ടര്‍ ഡോ: പോള്‍ സെബാസ്റ്റ്യന്‍, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.