ജയരാജന്റെ കാവലില്‍ വി.എസ് നല്ല കുട്ടിയായി
ജയരാജന്റെ കാവലില്‍ വി.എസ്  നല്ല കുട്ടിയായി
Saturday, September 20, 2014 2:23 AM IST
കണ്ണൂര്‍: നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂരിലെത്തിയ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്താതെ 'നല്ല കുട്ടി'യായി മടങ്ങി. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അകമ്പടിയിലായിരുന്ന വി.എസ് മാധ്യമപ്രവര്‍ത്തകര്‍ പലതവണ വളഞ്ഞിട്ടും പതിവു ശൈലിയിലുള്ള പ്രതികരണങ്ങള്‍ക്കു മുതിര്‍ന്നില്ല.

കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണമാകാമെന്നു വി.എസ് പറഞ്ഞതു പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലുള്ള വിഎസിന്റെ കണ്ണൂര്‍ സന്ദര്‍ശനം ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍, ജില്ലാ നേതൃത്വം കടുത്ത 'മാര്‍ക്കിംഗി'ലൂടെ വിഎസിനെ നിശബ്ദനാക്കി.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണു വി.എസ് പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ടു കണ്ണൂരിലെത്തിയത്. അതിനു മുമ്പ് വന്നപ്പോള്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുമായി കൂടിക്കാഴ്ച നടത്തിയതു വന്‍ വിവാദമായിരുന്നു. ഇതെത്തുര്‍ന്നു വി.എസിനു കണ്ണൂരില്‍ പാര്‍ട്ടി അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തിരുന്നു.

എടൂരിലും ചൊക്ളിയിലും പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിനായാണു വിഎസ് ഇത്തവണ വന്നത്. രാവിലെ മാവേലി എക്സ്പ്രസില്‍ വിഎസ് കണ്ണൂരിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ റെയില്‍വേ സ്റേഷനില്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ 5.25ന് എത്തേണ്ടിയിരുന്ന ട്രെയിന്‍ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നു മൂന്നു മണിക്കൂറോളം വൈകിയാണ് എത്തിയത്.

റെയില്‍വേ സ്റേഷനില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ ഏറെ നാളുകള്‍ക്കു ശേഷമാണല്ലോ കണ്ണൂരിലെത്തുന്നതെന്നു ചോദിച്ചപ്പോള്‍ 'കണ്ണൂരിന് അഭിവാദ്യങ്ങള്‍' എന്നു മാത്രമായിരുന്നു മറുപടി. പിന്നീടു കാണാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിഎസ് ഗസ്റ് ഹൌസിലെത്തിയപ്പോഴേക്കും പി. ജയരാജനും അവിടെയെത്തി. പിന്നാലെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഉച്ചകഴിഞ്ഞു കാണാമെന്നായി അച്യുതാനന്ദന്‍.


മാധ്യമപ്രവര്‍ത്തകര്‍ പോകും വരെ ജയരാജന്‍ വിഎസിന്റെ മുറിയില്‍ത്തന്നെയിരുന്നു. സിപിഎം നേതൃത്വം പുറത്താക്കിയ വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണനും ഈസമയം ഗസ്റ് ഹൌസിലുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് എടൂരിലേക്കു പോകാനായി മുറിക്കു പുറത്തിറങ്ങും മുമ്പേ ജയരാജന്‍ വീണ്ടും ഗസ്റ് ഹൌസിലെത്തി. ജയരാജനൊപ്പമാണു വിഎസ് പുറത്തേക്കു വന്നത്.

മാധ്യമപ്രവര്‍ത്തകരോടു നടന്നുകൊണ്ടു സംസാരിച്ച വിഎസ് നികുതി വര്‍ധനയ്ക്കെതിരേ മാത്രം പ്രതികരിച്ചു സംസാരം അവസാനിപ്പിച്ചു. ചോദ്യം ചോദിക്കാനുള്ള അവസരം ലേഖകര്‍ക്കു നല്‍കിയില്ല. എടൂരിലേയും ചൊക്ളിയിലേയും പാര്‍ട്ടി ഓഫീസ് ഉദ്ഘാടന സ്ഥലത്തും വിഎസിനെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പി. ജയരാജന്‍ അടക്കമുള്ള നേതാക്കളും റെഡ് വോളണ്ടിയര്‍മാരും ചേര്‍ന്നു വിഎസിനെ തന്ത്രപൂര്‍വം അവരില്‍ നിന്നൊഴിവാക്കി കൊണ്ടുപോയി.

പ്രസംഗത്തിലും വിവാദപരാമര്‍ശങ്ങളിലേക്കു വിഎസ് കടന്നില്ല. എന്നാല്‍, വിഎസിനെ വേദിയിലിരുത്തി പ്രസംഗിച്ച പി. ജയരാജന്‍ കതിരൂര്‍ മനോജ് വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും പാര്‍ട്ടിക്കെതിരേയുള്ള വാര്‍ത്തകള്‍ അന്വേഷണസംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ പടച്ചുണ്ടാക്കുന്നതാണെന്നും പറഞ്ഞു.

കേന്ദ്രത്തില്‍നിന്നു വിളിച്ചപ്പോള്‍ ഭയന്നു മൂത്രമൊഴിച്ച മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കരിനിയമം ഉപയോഗിച്ചു കള്ളക്കേസുണ്ടാക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. പ്രസംഗം നീട്ടാന്‍ ശ്രമിച്ചെങ്കിലും വിഎസ് വേദി വിടാന്‍ എഴുന്നേറ്റതോടെ ജയരാജന്‍ പ്രസംഗം നിര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.